നീലേശ്വരം നഗരസഭാ കാര്യാലയം: സ്ഥലമേറ്റെടുപ്പ് അവസാന ഘട്ടത്തില്‍
വിഷയം അടുത്ത കൗണ്‍സില്‍ യോഗം പരിഗണിക്കും
സര്‍ക്കാര്‍ അനുമതിയും ലഭിക്കണം
നീലേശ്വരം: ആധുനിക സൗകര്യങ്ങളോടു കൂടിയ നഗരസഭാ കാര്യാലയം നിര്‍മിക്കുന്നതിനായുള്ള സ്ഥലമേറ്റെടുപ്പ് അവസാന ഘട്ടത്തില്‍. നഗരമധ്യത്തില്‍ കച്ചേരിക്കടവിനടുത്തുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലമാണു ഇതിനായി കണ്ടുവച്ചിട്ടുള്ളത്. സ്ഥലം ഉടമകളായ പി.യു ദിനചന്ദ്രന്‍, അബ്ദുല്‍ റഹ്മാന്‍, എം.ടി.പി ഷഫീഖ്, അബ്ദുല്‍റഹിമാന്‍ ഖാലിദ്, എം മുസ്തഫ എന്നിവരുമായി ഇതുമായി ബന്ധപ്പെട്ടു പലതവണ ചര്‍ച്ച നടത്തിക്കഴിഞ്ഞു. സ്ഥലം വിലയ്ക്കു നല്‍കാമെന്നു ഇവര്‍ അറിയിച്ചിട്ടുണ്ട്.
471, 445 സര്‍വേ നമ്പറുകളില്‍ പെട്ട 75 സെന്റ് സ്ഥലമാണു ഏറ്റെടുക്കാന്‍ ആലോചിക്കുന്നത്. വിഷയം അടുത്ത നഗരസഭാ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും.
കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചാല്‍ ഇക്കാര്യം സര്‍ക്കാര്‍ പരിഗണനയ്ക്കു സമര്‍പ്പിക്കും. സര്‍ക്കാര്‍ അംഗീകാരം കൂടി ലഭിക്കുന്നതോടെ ഏറ്റെടുക്കല്‍ സംബന്ധിച്ച അന്തിമ തീരുമാനമാകും. നിലവിലുള്ള കാര്യാലയത്തില്‍ നിന്നു ഏറെ അകലെയല്ലാതെയാണു പുതുതായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
കച്ചേരിക്കടവ്-നെടുങ്കണ്ട പാലം കൂടി വരുന്നതോടെ ഈ ഭാഗത്തു വന്‍വികസനമായിരിക്കും ഉണ്ടാകുക. ഇതിനായുള്ള നിര്‍ദേശം ഇതിനകം തന്നെ സമര്‍പ്പിച്ചിട്ടുണ്ട്. രാജാറോഡ് വികസനം കൂടി യാഥാര്‍ഥ്യമായാല്‍ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."