കുരുന്നുമനസില്‍ സിവില്‍ സര്‍വിസ് മോഹമുണര്‍ത്തി മുഹമ്മദലി ശിഹാബ് ഐ.എ.എസ്
വള്ളുവമ്പ്രം: പൂക്കോട്ടൂര്‍ ഗവ. എല്‍.പി സ്‌കൂളിലെ കുരുന്നുമനസുകളില്‍ സിവില്‍ സര്‍വിസ് മോഹമുയര്‍ത്തി മുഹമ്മദലി ശിഹാബ് ഐ.എ.എസ് വീണ്ടുമെത്തി. സ്‌കൂളിലെ ബ്രാന്‍ഡ് അബാംസിഡറായി 2015 ജൂണ്‍ മാസം മുതല്‍ ചുമതലയേറ്റതിന് ശേഷം അദ്ദേഹം ഇടയ്ക്കിടെ സ്‌കൂള്‍ സന്ദര്‍ശിച്ച് അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളുമായി സംവദിച്ചിരുന്നു.
പൊതു വിദ്യഭ്യാസ ശാക്തീകരണ യജ്ഞദിനത്തില്‍ നിനച്ചിരിക്കാതെയാണ് അദ്ദേഹം വീണ്ടുമെത്തിയത്. അസാധ്യമായത് ഒന്നുമില്ലെന്നും കഠിനാധ്വാനത്തിലൂടെ വിജയത്തിന്റെ നെറുകയില്‍ എത്തിച്ചേരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ ലക്ഷ്യബോധത്തില്‍ പഠിച്ചാല്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും സിവില്‍ സര്‍വീസ് കടമ്പ കടക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരിച്ചറിവോട് കൂടി വിദ്യാര്‍ത്ഥികളെ കൈകാര്യം ചെയ്താല്‍ അവരിലെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സാധ്യമാണെന്നും അദ്ദേഹം അധ്യാപകരെയും രക്ഷിതാക്കളെയും ഒരുപോലെ ഓര്‍മപ്പെടുത്തി.
നാഗാലാന്റ് ഡവലപ്പ്‌മെന്റ് കമ്മിഷണറായി ജോലി ചെയ്യുന്ന അദ്ദേഹം കുരുന്നുകളുടെ ആഗ്രഹങ്ങളും മറ്റും ചോദിച്ചറിഞ്ഞ് ഏറെ നേരം സംവദിച്ചാണ് സ്‌കൂളില്‍ നിന്ന് മടങ്ങിയത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സുമയ്യ ടീച്ചര്‍, വൈസ് പ്രസിഡന്റ് മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, മെമ്പര്‍മാരായ പനക്കല്‍ ഗോപാലന്‍, എം ഷാഹിന, പ്രധാനാധ്യാപകന്‍ എം മുസ്ഥഫ, പി.ടി.എ പ്രസിഡന്റ് വി.പി സലീം, സി.കെ നാസര്‍, പി.വി ഷാജി, പി അബ്ദുല്ല, കെ അസ്‌കര്‍, അബ്ദുല്‍ കരീം, ഒ.പി.സി ലൈലാ ബീഗം, മന്‍സൂര്‍ സംസാരിച്ചു. സ്‌കൂള്‍ ലീഡര്‍ അമല്‍ പൊതുവിദ്യാഭ്യാസ ശാക്തീകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."