കൊണ്ടോട്ടി വലിയ തോട് നവീകരണം25 ലക്ഷം രൂപയുടെ ഫണ്ട് വകമാറ്റി ചെലവഴിക്കുന്നു
കൊണ്ടോട്ടി: കൊണ്ടോട്ടി വലിയതോട് നവീകരണത്തിനായി അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിക്കുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തിലേക്ക് ആസൂത്രണ സമിതി അംഗീകാരം നല്‍കിയ ഫണ്ടാണ് ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭേദഗതിക്ക് അംഗീകാരമായത്. പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പോടെയായിരുന്നു സഭ ഭേദഗതി പാസാക്കിയത്. 25 ലക്ഷം രൂപയായിരുന്നു വലിയതോട് നവീകരണത്തിനായി നീക്കിവച്ചത്. ഉല്‍പ്പാദക മേഖലയില്‍ ഉള്‍പ്പെടുത്തി തോടിന്റെ ഇരുവശവും കെട്ടാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതിനാല്‍ തുക മാറ്റിചെലവഴിക്കാനാവില്ല.
അടുത്ത വര്‍ഷത്തെ പദ്ധതിയില്‍ വലിയതോട് നവീകരണം ഉള്‍പ്പെടുത്തുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. ഇതിനായി അനുവദിച്ച 25 ലക്ഷം രൂപയില്‍ എട്ട് ലക്ഷം സമ്പൂര്‍ണ വൈദ്യൂതീകരണത്തിനായി മാറ്റി. ശേഷിക്കുന്ന തുക എല്‍.ഇ.ഡി തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനായും ചെലവഴിക്കും. ചെയര്‍മാന്‍ സി.കെ നാടിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കി. പദ്ധതി ഭേദഗതി ചെയ്തതില്‍ പ്രതിപക്ഷത്തിന് പരിഗണന ലഭിച്ചില്ലെന്ന് മുസ്‌ലിംലീഗ് കൗണ്‍സിലര്‍ യു.കെ മമ്മദീശ പറഞ്ഞു. വാര്‍ഷിക പദ്ധതി അവതരിപ്പിച്ചപ്പോള്‍ ഭേദഗതിയില്‍ ഉള്‍പ്പെടുത്താമെന്നായിരുന്നു വാഗ്ദാനം. ഭേദഗതിയിലും അര്‍ഹമായ പ്രാധാന്യം ലഭിക്കാത്തതിനാലാണ് പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."