രണ്ടായിരം പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതിയുമായി ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍
മലപ്പുറം: ജില്ലയില്‍ പിന്നോക്കം നില്‍ക്കുന്ന രണ്ടായിരത്തോളം പേര്‍ക്ക് നടപ്പുവര്‍ഷം തൊഴില്‍ നല്‍കാനുള്ള പദ്ധതിയുമായി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ (ജെ.എസ്.എസ്) മലപ്പുറം യൂനിറ്റ്. കേന്ദ്ര മാനവവിഭവശേഷി വകുപ്പിന് കീഴിലുള്ള എന്‍.ജി.ഒയായ ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കൂട്ടിയിണക്കിയാണ് ഇത്രയും പേര്‍ക്കു തൊഴില്‍ നല്‍കുന്നത്.
ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ അംഗീകാരം നല്‍കിയത്. ജെ.എസ്.എസ് ചെയര്‍മാനും എം.പിയുമായ പി.വി അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ നിലമ്പൂരിലാണ് യോഗം ചേര്‍ന്നത്. യുനെസ്‌കോ അവാര്‍ഡ് തുകയായി ലഭിച്ച 13 ലക്ഷം രൂപ ഉപയോഗിച്ച് ജില്ലയില്‍ മൂന്നിടങ്ങളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. നിലമ്പൂര്‍, മഞ്ചേരി, എരഞ്ഞിമങ്ങാട് എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. ഇവിടെയുള്ളവര്‍ക്ക് വിവിധ തൊഴില്‍ നൈപുണ്യ പരിശീനവും നല്‍കും.
ആദിവാസികള്‍ക്കും മലപ്പുറത്തെ തീരദേശ മേഖയിലുള്ളവര്‍ക്കും അവരുടെ സംസാര ഭാഷയിലുള്ള സിലബസില്‍ പാഠഭാഗങ്ങള്‍ തയാറാക്കി സാക്ഷരതാ, തുടര്‍വിദ്യാഭ്യാസ പരിശീലനം നല്‍കും. സ്റ്റേറ്റ് റിസോഴ്‌സസ് സെന്ററുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ദീന്‍ ദയാല്‍ ഉപാധ്യായ പദ്ധതി പ്രകാരം തിരൂരിന് സമീപമുള്ള മംഗലത്ത് പരിശീലന കേന്ദ്രം ആരംഭിക്കാനും യോഗം തീരുമാനിച്ചു.
പ്രധാനമന്ത്രി കൗശല്‍ യോജന പ്രകാരം ജെ.എസ്.എസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും പരിശീലനം നല്‍കും. എസ്.ആര്‍.സി ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍, ജില്ലാപഞ്ചായത്തംഗം ഇസ്മാഈല്‍ മൂത്തേടം, ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സമദ് സീമാടന്‍, ഡയറക്ടര്‍ വി. ഉമ്മര്‍കോയ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."