വാളയാര്‍ ചെക്‌പോസ്റ്റില്‍ ഗതാഗതക്കുരുക്കുണ്ടാക്കുന്നു
വാളയാര്‍: സംസ്ഥാനത്തെ പ്രധാന അതിര്‍ത്തി ചെക്ക്‌പോസ്റ്റായ വാളയാറില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മ ചരക്ക് ലോറികള്‍ കെട്ടിക്കിടക്കുന്നതിന് കാരണമാകുന്നു. വാണിജ്യനികുതി, എക്‌സൈസ് മോട്ടോര്‍വാഹന ചെക്‌പോസ്റ്റു കളിലെ നടപടികളില്‍ ഏതെങ്കിലുമൊന്നു വൈകിയാല്‍ ചരക്ക് വാഹനങ്ങളുടെ കുരുക്ക് ഉറപ്പാണ്. ഇടയ്ക്കിടെയുണ്ടാകുന്ന കുരുക്ക് പരിഹരിക്കാതെ ഉദ്യോഗസ്ഥര്‍ പരസ്പരം പഴിചാരുകയാണ്.
മിക്ക ദിവസങ്ങളിലും ചരക്കുലോറികളുടെ നീണ്ടനിര തമിഴ്‌നാട് അതിര്‍ത്തിവരെ നീളുകയാണ്. രണ്ടു ദിവസം മുന്‍പും ചരക്ക് ലോറികളുടെ കുരുക്ക് അനുഭവപ്പെട്ടു. ചരക്കുഗതാഗതം സുഗമമാക്കാനും അഴിമതിയും ക്രമക്കേടും തടയാനും സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം വാഗ്ദാനങ്ങളില്‍ ഒതുങ്ങി. ലോറി തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ പോലും സര്‍ക്കാരും ഉദ്യോഗസ്ഥരും വീഴ്ച വരുത്തിയെന്നാണ് ആക്ഷേപം.
ചരക്കുഗതാഗതം സുഗമമാക്കാന്‍ സ്‌കാനര്‍ ഉള്‍പ്പെടെയുള്ള ആധുനിക പരിശോധന സംവിധാനങ്ങള്‍, സംയോജിത ചെക്‌പോസ്റ്റ്, അഴിമതി തടയാന്‍ സിസിടിവി ക്യാമറകള്‍, ഗ്രീന്‍ചാനല്‍ സംവിധാനം വാണിജ്യ നികുതി ചെക്‌പോസ്റ്റില്‍ മതിയായ ജീവനക്കാര്‍, ലോറി തൊഴിലാളികള്‍ക്ക് കുടിവെള്ളം, ശൗചാലയം തുടങ്ങി ഒട്ടേറെ പദ്ധതികളാണു വാഗ്ദാനങ്ങളില്‍ ഒതുങ്ങിയത്. വാളയാര്‍ ചെക്‌പോസ്റ്റിലെ അസൗകര്യങ്ങളില്‍ പ്രതിഷേധിച്ച് 2015 ഏപ്രില്‍ 1 മുതല്‍ 6 വരെ വാളയാറില്‍ ലോറി ഉടമകള്‍ സമരം നടത്തിയപ്പോള്‍ സര്‍ക്കാര്‍ ചില ഉറപ്പുകള്‍ നല്‍കിയിരുന്നു. ലോറി ജീവനക്കാര്‍ക്ക് കുടിവെള്ള സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി 2015 ജൂലൈയില്‍ വാട്ടര്‍ അതോറിറ്റി 12 ലക്ഷം രൂപ ചെലവഴിച്ച് 30 പൈപ്പുകള്‍ സ്ഥാപിച്ചു.
പക്ഷേ കുടിവെള്ളമെത്തിയതാകട്ടെ 4 ദിവസം മാത്രം. ഇപ്പോള്‍ വാളയാറില്‍ ലോറിക്കാര്‍ക്ക് വിശ്രമമുറിയോ ശൗചാലയമോയില്ല. ദേശീയപാതയോരത്ത് വെറുതെ കിടക്കുന്ന സ്ഥലം ചരക്ക് ലോറികളുടെ വാഹന പാര്‍ക്കിങ് സ്ഥലമാക്കി മാറ്റുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം അതു നടപ്പാകാത്തതിനെ തുടര്‍ന്ന് 4വരിപ്പാതയില്‍ തന്നെയാണ് ലോറികള്‍ നിര്‍ത്തിയിടുന്നത്.
ചെക്‌പോസ്റ്റ് നടപടികള്‍ക്കായി കടുത്ത ചൂടില്‍ ലോറിക്കാര്‍ റോഡില്‍ തന്നെ വിശ്രമിക്കുകയാണ്. വാണിജ്യ നികുതി ചെക്‌പോസ്റ്റില്‍ 88 ജീവനക്കാര്‍ വേണ്ടിടത്ത് പകുതി പോലുമില്ല. 134 കൗണ്ടറുകള്‍ തുടങ്ങിയെങ്കിലും തുറന്നു പ്രവര്‍ത്തിക്കുന്നത് 4 എണ്ണം മാത്രം.വാളയാറിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അന്നത്തെ സ്‌പെഷല്‍ ഓഫീസര്‍ ബിജു പ്രഭാകര്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും നടപടിയുണ്ടായില്ല.
വാളയാറിലെ പല പദ്ധതികളും ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നുവെന്നാണ് ആരോപണങ്ങളുയരുന്നത്. വാളയാര്‍ ചെക്‌പോസ്റ്റിലെ അസൗകര്യങ്ങളില്‍ പ്രതിഷേധിച്ച് ചരക്കുലോറി ഉടമകള്‍ അനിശ്ചിതകാല സമരം നടത്തിയിരുന്നു. മുന്‍പ് സമരം നടത്തിയപ്പോള്‍ സര്‍ക്കാര്‍ സംഘടനയ്ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."