സൈനികര്‍ക്കുള്ള മദ്യം പുറത്തുവില്ക്കുന്നുവെന്ന പരാതിയുമായി ബി.എസ്.എഫ് ജവാന്റെ വീഡിയോ
ഗാന്ധിധാം: സൈന്യത്തിലെ വിവേചനത്തെ കുറിച്ചും മോശം ഭക്ഷണത്തെ കുറിച്ചും പരാതി പറഞ്ഞുകൊണ്ടുള്ള ജവാന്മാരുടെ വീഡിയോയ്ക്ക് പിന്നാലെ സൈനികര്‍ക്കു നല്കുന്ന മദ്യം പുറത്തു വില്‍ക്കുന്നുവെന്ന ആരോപണവുമായി ബിഎസ്എഫ് ജവാന്. സമ്പൂര്‍ണ മദ്യനിരോധനം നിലവിലുള്ള ഗുജറാത്തില്‍ നിന്നും ബിഎസ്എഫില്‍ ക്ലാര്‍ക്കായ നവരതന് ചൗധരിയാണ് ആരോപണം ഉന്നയിച്ച് രംഗത്തുവന്നിരിക്കുന്നത്. ജനുവരി 26 നാണ് ഇയാള്‍ ഫെയ്സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നവരതന് ചൗധരി ഗുജറാത്തിലെ 150 ബറ്റാലിയനിലാണ് ജോലി ചെയ്യുന്നത്.സാധാരണ ജനങ്ങള്‍ക്ക് മദ്യം വില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
'നമ്മുടെ ഭരണഘടന നമുക്കെല്ലാവര്‍ക്കും തുല്യ അവകാശമാണ് നല്‍കുന്നത്. എന്നാല്‍ ഞങ്ങളുടെ കാര്യം നേരെ മറിച്ചാണ്. തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ ശിക്ഷിക്കുകയും അഴിമതിക്കാരെ സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്.' - ചൗധരി പറയുന്നു.
എല്ലാവരും അഴിമതി ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ആരും ഇതിനായി മുന്നോട്ടുവരുന്നില്ല. രാജ്യത്തെ സത്യസന്ധരായ ജവാന്മാരില് ഒരാളാണ് താന്‍. തെറ്റായ കാര്യങ്ങള്‍ കാണുമ്പോള്‍ അതിനെതിരെ പരാതി നല്കുമ്പോള് തന്നെ പുതിയ സ്ഥലങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നതെന്നും വിഡിയോയില്‍ നവരതന് ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."