മെയ് മാസത്തില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷ: എന്‍.കെ പ്രേമചന്ദ്രന്‍ എം.പി
കൊല്ലം: പുനലൂര്‍ -ചെങ്കോട്ട ഗേജ്മാറ്റ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് മേയില്‍ ലൈന്‍ കമ്മിഷന്‍ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. റയില്‍വേ ഉന്നത ഉദ്യോഗസ്ഥരുമായുള്ള അവലോകനത്തിനു ശേഷമാണ് അറിയിച്ചത്.
പുനലൂര്‍ ചെങ്കോട്ട ലൈനില്‍ ആകെ അഞ്ചു റീച്ചുകളില്‍ മൂന്ന് റീച്ചുകളിലെ നിര്‍മാണം പൂര്‍ത്തിയായി. പുനലൂര്‍ - ഇടമണ്‍, ചെങ്കോട്ട - ഭഗവതിപുരം, ഭഗവതിപുരം - ന്യു ആര്യങ്കാവ് എന്നീ റീച്ചുകളാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഫെബ്രുവരി രണ്ടാം വാരത്തോടെ റയില്‍വേ ചീഫ് സേഫ്റ്റി കമ്മിഷണര്‍ ലൈനിന്റെ സുരക്ഷാപരിശോധന നടത്തും.
2017 മാര്‍ച്ചില്‍ ഈ മൂന്ന് റീച്ചുകളിലേയും കമ്മിഷനിങ് നിര്‍വഹിക്കാന്‍ കഴിയും. റയില്‍വേ ചിഫ് സേഫ്റ്റി കമ്മിഷണറുടെ സാക്ഷ്യപത്രം ലഭിക്കുന്ന മുറയ്ക്ക് കമ്മിഷനിങ് തിയതി നിശ്ചയിക്കും. ഇടമണ്‍- തെന്മല, തെന്മല- ന്യു ആര്യങ്കാവ് റീച്ചുകളിലെ പണിയാണ് പൂര്‍ത്തീകരിക്കാനുളളത്. ആകെ 20 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 10 കിലോമീറ്റര്‍ ട്രാക്ക് നിര്‍മാണം പൂര്‍ത്തിയാക്കി. കുടിയൊഴിപ്പിക്കല്‍, പാറപ്പൊട്ടിക്കല്‍, അനുമതിക്കുള്ള കാലതാമസം തുടങ്ങി വിഷയങ്ങളാണ് ഈ മേഖലയിലെ പണിക്ക് കാലതാമസം ഉണ്ടാക്കിയതെന്ന് യോഗം വിലയിരുത്തി.
പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി റയില്‍വേ സേഫ്റ്റി കമ്മിഷണറുടെ പരിശോധന നടത്തി 2017 മേയ് മാസത്തില്‍ മുഴുവന്‍ ലൈനും കമ്മിഷന്‍ ചെയ്യാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
ഇതനുസരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനര്‍ ക്രമീകരിച്ച് വേഗത്തിലാക്കും. ലൈന്‍ കമ്മിഷന്‍ ചെയ്യുന്നതോടെ കൊല്ലം പുനലൂര്‍ ചെങ്കോട്ട റൂട്ടില്‍ ഓടിക്കൊണ്ടിരുന്ന മുഴുവന്‍ ട്രെയിനുകളും ഉടന്‍ ഓടിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു. പുതിയതായി 12 ട്രെയിനുകള്‍ ആരംഭിക്കുന്നതിനായി റയില്‍വേ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പുനലൂരില്‍ നിന്നും ചെങ്കോട്ട ഭാഗത്തേക്ക് ട്രെയിന്‍ സര്‍വിസ് ആരംഭിക്കുമ്പോള്‍ ഏറ്റവും അധികം ബുദ്ധിമുട്ടുണ്ടാകുന്നത് പുനലൂര്‍ പട്ടണത്തിനാണ്. പുനലൂരിലെ ഗതാഗതം സുഗമമാക്കാന്‍ അടിപ്പാതയുടെ നിര്‍മാണം റയില്‍വേ പൂര്‍ത്തീകരിച്ചു. അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായ കാലതാമസം കാരണം അപ്രോച്ച് റോഡ് നിര്‍മിക്കുവാന്‍കഴിഞ്ഞില്ല.
അടിപ്പാത ഉപയോഗിക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ പുനലൂരില്‍ റയില്‍വേ ഗേറ്റ് സ്ഥാപിച്ചു കഴിഞ്ഞു. ട്രെയിനുകള്‍ ഓടിത്തുടങ്ങുമ്പോള്‍ ഗേറ്റ് നിരന്തരം അടയ്‌ക്കേണ്ടിവരും. ഗേറ്റ് അടച്ചാല്‍ പുനലൂര്‍ പട്ടണം ഗതാഗതക്കുരുക്കില്‍പ്പെടും. ഇത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് യോഗം വിലയിരുത്തി.
റവന്യു, പൊതുമരാമത്ത് വകുപ്പുകള്‍ ഏകോപിച്ച് അടിയന്തിര നടപടി സ്വീകരിക്കുവാനും സ്ഥലം ഏറ്റെടുപ്പ് ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കാത്ത വിവരം സ്ഥലം എം.എല്‍.എ കൂടിയായ വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാനും യോഗത്തില്‍ ധാരണയായി. സര്‍ക്കാര്‍ ഉത്തരവും ഭരണാനുമതിയും ലഭിച്ചാല്‍ മാത്രമേ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ തുടരാന്‍ കഴിയൂ.
അടിയന്തിരമായി സ്ഥലം ഏറ്റെടുത്ത് അപ്രോച്ച് റോഡ് നിര്‍മാണം ആരംഭിക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.
ദക്ഷിണ റയില്‍വേ നിര്‍മാണ വിഭാഗം മേധാവി സുധാകര്‍ റാവു, മധുര വിഭാഗം ചീഫ് എന്‍ജിനീയര്‍ രാജേന്ദ്രബാബു, കൊച്ചി വിഭാഗം ചീഫ് എന്‍ജിനീയര്‍ റണ്‍ന്ദീര്‍ റഡ്ഡി, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജലജ തുടങ്ങി ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകനയോഗത്തിനു ശേഷമാണ് വിവരമറിയിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസമായി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പുനലൂര്‍-ചെങ്കോട്ട ഗേജ് മാറ്റ പ്രവര്‍ത്തികളുടെ പരിശോധന നടത്തിയതിനു ശേഷമാണ് അവലോകനയോഗം ചേര്‍ന്നത്. യോഗത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, പുനലൂര്‍ നഗരസഭാ ചെയര്‍മാന്‍ രാജഗോപാല്‍, നഗരസഭ പ്രതിപക്ഷ നേതാവ് നെല്‍സണ്‍ സെബാസ്റ്റ്യന്‍, നഗരസഭ കൗണ്‍സിലര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."