ഈ പ്ലസ്ടു അധ്യാപകന്‍ ചുമരുകള്‍ പടുക്കുന്നു, പട്ടിണി മാറ്റാന്‍...
എടച്ചേരി: കൊടിയത്തൂരിലെ പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ നസീം ഒഴിവു ദിവസങ്ങളില്‍ കല്‍പ്പണിക്ക് പോകും. ഇരുത്തംവന്ന നല്ല കല്‍പ്പണിക്കാരനാണ് ഇപ്പോള്‍ നസീം. കല്ലുകള്‍ പാകി പടവ് ചെയ്ത് നല്ല ചുമരുകള്‍ തീര്‍ക്കും. പക്ഷേ, നിത്യവും കല്‍പ്പണിക്കു പോകുന്ന ഒരു കല്ല് കെട്ട് തൊഴിലാളിയല്ല നസീം. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ അധ്യാപന ജീവിതത്തിലെ സമ്പാദ്യമായ, തന്റെയും കുടുംബത്തിന്റേയും പട്ടിണിയുടെ കാഠിന്യമാണ് നസീമിനെ പടവു ജോലിക്കാരനാക്കിയത്.
ഇത് നസീമിന്റെ മാത്രം കഥയല്ല. കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരില്‍ ഒരു വിഭാഗത്തിന് ഇന്നും നിത്യവൃത്തിക്ക് മറ്റു പല തൊഴിലും ആശ്രയിക്കേണ്ട അവസ്ഥയാണ്. നസീമിനെപ്പോലെ ശമ്പളമില്ലാതെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി കേരളത്തിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കാണ് ഈ ദുരിത ജീവിതം. മൂന്ന് വര്‍ഷമായി നയാ പൈസ ശമ്പളം കിട്ടാതെ ജോലിയില്‍ തുടരുന്നവരാണിവര്‍. ഇവരില്‍ പലര്‍ക്കും അവധി ദിനങ്ങളിലെ ഇത്തരം തൊഴിലുകളാണ് നിലനില്‍പിന്റെ ഏക ആശ്രയം.
2014-15 അധ്യയനവര്‍ഷം പുതുതായി അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ബാച്ചുകളിലും നിയമിതരായ കേരളത്തിലെ മൂവായിരത്തിലേറെ പ്ലസ്ടു അധ്യാപകരില്‍ ഒരാളാണു നസീം. മൂന്നു വര്‍ഷമായിട്ടും തസ്തിക സൃഷ്ടിക്കപ്പെട്ടിട്ടില്ല.
തസ്തിക സൃഷ്ടിക്കാന്‍ വൈകുന്നതനുസരിച്ച് തങ്ങളുടെ നിയമന പ്രായപരിധി കവിഞ്ഞു പോകുമോ എന്ന വേവലാതിയിലാണു ചിലര്‍. തസ്തിക നിര്‍മാണം വൈകുമ്പോള്‍ തുല്യ യോഗ്യതയുള്ളവര്‍ ഹൈസ്‌കൂളില്‍ നിന്നും പ്രമോഷനായി വരാനുളള സാധ്യതയുമുണ്ട്. അങ്ങനെയാണെങ്കില്‍ സ്ഥിരം ജോലി സ്വപ്നം കണ്ടവര്‍ പടിക്കു പുറത്താകും.
പി.ജി, ബി.എഡ്, സെറ്റ്, നെറ്റ്, എം.ഫില്‍, എം.എഡ്, പി.എച്ച്.ഡി ഇങ്ങനെ ഉയര്‍ന്ന യോഗ്യതയുള്ളവരാണു തങ്ങളുടെ നിയമനം ഉറപ്പില്ലാതെ, ശമ്പളമില്ലാതെ പട്ടിണിയില്‍ മനമുരുകി നാളുകള്‍ തള്ളി നീക്കുന്നത് ഹൈക്കോടതിയുടെ അനുമതിയോട് കൂടിയാണ് സീറ്റു ക്ഷാമം പരിഹരിക്കാന്‍ പുതിയ പ്ലസ്ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചത്. ബാച്ച് നിലനിര്‍ത്താനാവുംവിധം കുട്ടികളുണ്ടെങ്കില്‍ രണ്ട് വര്‍ഷം കഴിഞ്ഞ് തസ്തിക സൃഷ്ടിച്ച് സ്ഥിര നിയമനം എന്നായിരുന്നു അന്നത്തെ യു.ഡി. എഫ് സര്‍ക്കാര്‍ വാഗ്ദാനം. ഈ അധ്യാപകരാണ് ഇപ്പോള്‍ ദുരിതത്തില്‍ കഴിയുന്നത്. ആവശ്യത്തിന് കുട്ടികളുണ്ടായിട്ടും ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് തസ്തിക നിര്‍മാണത്തിന് തടസമായി നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഗസ്റ്റ് അധ്യാപക വേതനം പോലും ഇവര്‍ക്ക് ലഭിക്കുന്നുമില്ല. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ ഗസ്റ്റ് അധ്യാപക വേതനവും 2016 ജൂണ്‍ മുതല്‍ പ്രാബല്യത്തോടെ തസ്തിക നിര്‍ണയവും വേണമെന്നാണ് ഇവരുടെ അടിയന്തര ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."