എം.പി ഫണ്ടുപയോഗിച്ചുള്ള കംപ്യൂട്ടര്‍ പദ്ധതി ഐ.ടി അറ്റ് സ്‌കൂള്‍ അട്ടിമറിക്കുന്നെന്ന് ആക്ഷേപം
തിരുവനന്തപുരം: എം.പി ഫണ്ടില്‍ നിന്നു സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് കംപ്യൂട്ടര്‍ വാങ്ങി നല്‍കാന്‍ കഴിയുന്നില്ലെന്ന് ആക്ഷേപം. ഉപകരണങ്ങളുടെ സ്‌പെസിഫിക്കേഷന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭിക്കാത്തതാണ് പദ്ധതിക്ക് തിരിച്ചടിയായത്.
ഐ.ടി അറ്റ് സ്‌കൂള്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം സ്‌കൂളുകള്‍ക്ക് ഈ അധ്യയനവര്‍ഷം ഇതുവരെ കംപ്യൂട്ടര്‍ വാങ്ങി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ സ്‌കൂളുകള്‍ ഹൈടെക് ആക്കുന്ന പദ്ധതി എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതിപ്രകാരം സ്‌കൂളിന്റെ സമഗ്രവികസനത്തിന് എം.എല്‍.എ, എം.പി ഫണ്ടുപയോഗിക്കാം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാവണം ഫണ്ടുവിനിയോഗം. ഇതാണ് പുതിയ പ്രതിസന്ധിക്ക് വഴിവച്ചത്.
നേരത്തെ ഈ പദ്ധതിയില്‍ കംപ്യൂട്ടറുകള്‍ വാങ്ങുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങളായിരുന്നു അടിസ്ഥാനമാക്കിയിരുന്നത്. എന്നാല്‍ പുതിയ പദ്ധതി പ്രകാരം കംപ്യൂട്ടറുകളും അനുബന്ധ സാധനങ്ങളും വാങ്ങുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ എ.ടി അറ്റ് സ്‌കൂളിനെ ചുമതലപ്പെടുത്തി. കഴിഞ്ഞ നവംബറില്‍ ഐ.ടി അറ്റ് സ്‌കൂള്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ച് ആക്ഷേപമുണ്ടായിരുന്നു.
തുടര്‍ന്ന് രൂപീകരിച്ച പുതിയ കമ്മിറ്റിയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് പദ്ധതിയുടെ നിര്‍വഹണ ചുമതലയുള്ള ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ പറയുന്നത്. എം.പിമാര്‍ ഫണ്ടനുവദിച്ചിട്ടും കംപ്യൂട്ടറുകള്‍ സ്‌കൂളുകളിലെത്താത്തതിനെ തുടര്‍ന്ന് വിവിധ സ്‌കൂളുകളില്‍ നിന്നും അന്വേഷണം ആരംഭിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. അതേസമയം എം.പിമാര്‍ക്ക് കംപ്യൂട്ടര്‍ വാങ്ങി നല്‍കാന്‍ നിലവില്‍ തടസ്സമൊന്നുമില്ലെന്ന് ഐ.ടി അറ്റ് സ്‌കൂള്‍ ഡയറക്ടര്‍ അന്‍വര്‍ സാദത്ത് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."