ട്രംപിന് പണികൊടുത്തത് ഇറാഖില്‍ യു.എസ് സേനയെ സഹായിച്ച അഭയാര്‍ഥികള്‍
ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിനെതിരായ ആദ്യ നിയമനടപടി രണ്ട് ഇറാഖ് അഭയാര്‍ഥികളുടെ കേസില്‍. ആഗോളതലത്തില്‍ വിമര്‍ശനമേറ്റ ട്രംപിന്റെ ഉത്തരവിനെതിരേ ഫെഡറല്‍ കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചത് ഇതേനിയമം മൂലം പൊലിസ് കസ്റ്റഡിയിലെടുത്ത ഇറാഖ് പൗരന്മാരാണ്.
ട്രംപിന്റെ വിവാദ കുടിയേറ്റ നിരോധന ഉത്തരവിനെതിരായ ആദ്യ നിയമനടപടിയാണിത്. അമേരിക്കയിലേക്ക് വിസ അനുവദിച്ച ശേഷമാണ് ഇവര്‍ ന്യൂയോര്‍ക്കില്‍ എത്തിയത്. തുടര്‍ന്ന് ഇവരെ പൊലിസ് തടഞ്ഞു.
എല്ലാ അഭയാര്‍ഥികള്‍ക്കും വേണ്ടിയാണ് ഇവര്‍ ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിയില്‍ കേസ് നല്‍കിയത്. അമേരിക്കയിലേക്കു പ്രവേശിക്കാന്‍ അനുമതി നല്‍കിയ ശേഷം കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമാണെന്നാണു പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.
ഹമീദ് ഖാലിദ് ദര്‍വീഷ്, ഹൈദര്‍ സമീര്‍ അബ്ദുല്‍ കലേഖ് അല്‍സ്വാഹി എന്നിവരാണു ഹരജിക്കാര്‍.
ട്രംപ് അധികാരമേറ്റ 20ന് അനുവദിച്ച സ്‌പെഷല്‍ ഇമിഗ്രന്റ് വിസയിലാണ് ദര്‍വീഷ് എത്തിയത്. ഇറാഖില്‍ അമേരിക്കന്‍ സര്‍ക്കാരിനു വേണ്ടി യുദ്ധവേളയില്‍ ജോലി ചെയ്തിരുന്നയാളാണ് ദര്‍വീഷ്. ഭാര്യയേയും മകനേയും കാണാന്‍ വേണ്ടിയാണ് അല്‍സ്വാഹിക്ക് ഒരു മാസം മുന്‍പ് വിസ അനുവദിച്ചത്.
അമേരിക്കന്‍ സൈന്യവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന അല്‍സ്വാഹിക്ക് അഭയാര്‍ഥി സ്റ്റാറ്റസും നല്‍കിയിരുന്നു. കുടിയേറ്റ അവകാശ സംഘടനകളായ നാഷനല്‍ ഇമിഗ്രേഷന്‍ ലോ സെന്ററും എ.സി.എല്‍.യു എന്ന സംഘടനയുമാണ് ഇവര്‍ക്കുവേണ്ടി രംഗത്തുള്ളത്.
ഇറാഖില്‍ ജീവന്‍ പണയം വച്ച് അമേരിക്കന്‍ സൈനികര്‍ക്കൊപ്പം നിലയുറപ്പിച്ചിരുന്ന തങ്ങളുടെ കക്ഷികള്‍ക്കെതിരേ ഇത്തരത്തില്‍ നിയമനടപടി സ്വീകരിച്ചത് അംഗീകരിക്കാനാവില്ലെന്ന് അഭിഭാഷകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."