പ്രസിഡന്റ് ആവശ്യപ്പെട്ടത് മുസ്ലിം നിരോധനം; ഉദ്യോഗസ്ഥര്‍ തിരുത്തിയെന്ന് ട്രംപിന്റെ സഹായി
ന്യൂയോര്‍ക്ക്: മുസ്ലിം നിരോധനമാണ് ട്രംപ് ആദ്യം ആവശ്യപ്പെട്ടതെന്നും പിന്നീട് അത് അഭയാര്‍ഥി നിരോധനമാക്കി മാറ്റുകയായിരുന്നുവെന്നും ഡൊണാള്‍ഡ് ട്രംപിന്റെ സഹായി റൂഡി ഗുയിലിയാനി. കഴിഞ്ഞ ദിവസത്തെ വിവാദ ഉത്തരവിനെ കുറിച്ച് ഫോക്സ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു മുന്‍ ന്യൂയോര്‍ക്ക് മേയറായ ഗുയിലിയാനി.
ട്രംപ് ഒപ്പുവയ്ക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് തയാറാക്കുമ്പോഴാണ് മുസ്ലിം നിരോധനം എന്ന് ചേര്‍ക്കാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടത്. മതവുമായി ബന്ധപ്പെട്ട പരാമര്‍ശം വേണോയെന്ന ഉദ്യോഗസ്ഥരുടെ സംശയത്തെ തുടര്‍ന്നാണ് ഉത്തരവില്‍ അഭയാര്‍ഥി നിരോധനം എന്ന് ചേര്‍ത്തതെന്ന് ട്രംപിന്റെ സൈബര്‍ സുരക്ഷാ ഉപദേഷ്ടാവായ ഗുയിലിയാനി പറഞ്ഞു.
മതത്തിന്റെ പേരിലുള്ള നിരോധനം അപകടകരമാകുമെന്ന് ട്രംപിന്റെ നിയമവിദഗ്ധരുടെ സംഘവും മുന്നറിയിപ്പ് നല്കി.
പിന്നീട് കരടിന്റെ വിവരങ്ങള്‍ ചോരുകയും മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തു. തുടര്‍ന്നാണ് ഉത്തരവില്‍ മാറ്റംവരുത്തിയത്.
അഭയാര്‍ഥികളുടെ പ്രവേശനം 120 ദിവസത്തേക്ക് നിരോധിക്കാനും ഏഴ് രാജ്യങ്ങളിലെ പൗരന്മാര്ക്ക് മൂന്ന് മാസം വിസാ നിരോധനം ഏര്‍പ്പെടുത്താനുമാണ് ഒടുവില്‍ തീരുമാനമായത്.
വിസാ നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ പൗരന്മാര് തങ്ങളുടെ സുരക്ഷക്ക് ഭീഷണിയായതിനാലാണ് ഇത്തരം ഒരു തീരുമാനമെന്നാണ് ഗുലിയാനി പറയുന്നത്. പ്രസിഡന്റിന്റെ തീരുമാനം മതത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."