തെരഞ്ഞെടുപ്പിലെ ചേരിതിരിവ്: ബി.ജെ.പി- ബി.ഡി.ജെ.എസ് ബന്ധത്തില്‍ വിള്ളല്‍
കോഴിക്കോട്: കേരളത്തില്‍ ബി.ഡി.ജെ.എസുമായുള്ള സഖ്യം തുടരുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞെങ്കിലും ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തില്‍ പലയിടത്തും ഉലച്ചില്‍.
ബി.ഡി.ജെ.എസുമായുള്ള സഖ്യം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്‌തെന്ന് അമിത്ഷാ വ്യക്തമാക്കിയെങ്കിലും സഖ്യം തുടര്‍ന്നുകൊണ്ടുപോകുന്നതില്‍ ഇരുപാര്‍ട്ടികളിലേയും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും താല്‍പര്യമില്ലെന്നും സൂചനയുണ്ട്.
അതേസമയം, ഇരുപാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധം കഴിയുന്നത്ര തുടര്‍ന്നുപോകട്ടെയെന്ന നിലയിലാണ് ബി.ജെ.പിയിലെ പല മുതിര്‍ന്ന നേതാക്കളും. വെള്ളാപ്പള്ളി നടേശനുമായി കൂടുതല്‍കാലം ബന്ധം തുടരാനാവില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ബന്ധം വഷളാകുന്നിടത്തുവച്ച് ഭാവി തീരുമാനിക്കാമെന്നാണ് ഇവര്‍ പറയുന്നത്.
ബി.ഡി.ജെ.എസുമായി ചേര്‍ന്നതുകൊണ്ട് വലിയ മെച്ചമൊന്നും പലയിടത്തും മുതല്‍കൂട്ടായില്ലെന്ന് ബി.ജെ.പി നേതൃത്വം വിലയിരുത്തുന്നു. എന്നാല്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നു പറയുന്നുണ്ടെങ്കിലും അതിന്റെയെല്ലാം ക്രെഡിറ്റ് ബി.ജെ.പിക്ക് മാത്രമായി വിലയിരുത്തുന്നുവെന്ന ആക്ഷേപം ബി.ഡി.ജെ.എസും ഉന്നയിക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഒന്‍പത് ശതമാനം വോട്ട് വിഹിതവും 20 ലക്ഷം വോട്ടും ദേശീയ ജനാധിപത്യ സഖ്യത്തിന് നേടാനായത് മെച്ചമാണെങ്കിലും അതില്‍ ബി.ഡി.ജെ.എസിന്റെ പങ്ക് വലിയതല്ലെന്നും മറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രഭാവം തന്നെയെന്ന വിലയിരുത്തലാണ് ബി.ജെ.പി പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
ഇത് ബി.ഡി.ജെ.എസിന്റെ സാന്നിധ്യത്തേയും പങ്കാളിത്തത്തേയും ചെറുതായി കാണിക്കുന്നതാണെന്നാണ് ബി.ഡി.ജെ.എസ് നേതാക്കളില്‍ ചിലര്‍ രഹസ്യമായെങ്കിലും ആരോപിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒരു സീറ്റിലെങ്കിലും വിജയിക്കാനായത് തങ്ങളുടെ സാന്നിധ്യം കൊണ്ടാണെന്ന വിലയിരുത്തലാണ് ബി.ഡി.ജെ.എസ് മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ബി.ജെ.പിയുടെ ശക്തമായ സാന്നിധ്യവും ഇടപെടലും മാത്രമാണ് നേമത്ത് ഒ. രാജഗോപാലിന് വിജയസാഹചര്യമൊരുക്കിയതെന്ന നിലപാടിലാണ് ബി.ജെ.പി നേതൃത്വം. പലയിടത്തും തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ബി.ജെ.പി വേണ്ടരീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്നു പറയുന്ന ബി.ഡി.ജെ.എസ് പക്ഷെ തങ്ങള്‍ ആത്മാര്‍ഥതയോടെയാണ് ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതെന്ന വാദവും ഉയര്‍ത്തുന്നുണ്ട്.
ഇടത് വോട്ടുകളില്‍ ഭിന്നതയുണ്ടാക്കി എന്‍.ഡി.എക്ക് നേട്ടമുണ്ടാക്കാനാകുമെന്ന് ബി.ഡി.ജെ.എസ് ഉറപ്പുനല്‍കിയാണ് ബി.ജെ.പിക്കൊപ്പം കൂട്ടുചേര്‍ന്നിരുന്നത്.
എന്നാല്‍ ബി.ജെ.പിക്ക് കിട്ടിയ പരമ്പരാഗത വോട്ടുകളും കേന്ദ്ര സര്‍ക്കാരിന്റെ ചില ഭരണനേട്ടങ്ങളും മോദി പ്രഭാവവുമാണ് യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫില്‍ നിന്നും വോട്ടുചേര്‍ന്ന് തങ്ങള്‍ക്കനുകൂലമായ രീതിയില്‍ വോട്ടിങ് ശതമാനത്തില്‍ വര്‍ധനവുണ്ടാകാന്‍ കാരണമായതെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."