ഇടിമുഴക്കം തീര്‍ത്ത് വീണ്ടും വസന്തം
ആ മനുഷ്യന്‍ വീണ്ടും തന്റെ റാക്കറ്റിന്റെ ദീര്‍ഘവൃത്തത്തിലേക്ക് ടെന്നീസിനെ ചുരുക്കി. അതെ, രാജാവ് തിരിച്ചെത്തിയിരിക്കുന്നു. ആധുനിക ടെന്നീസിന്റെ കാല്‍പനിക സൗന്ദര്യം ഒരിക്കല്‍ കൂടി ലോകം കണ്‍കുളിര്‍ക്കെ കണ്ടു. മുഴുനീളെ തീര്‍ക്കപ്പെടുന്ന എയ്‌സുകളുടേയും പവര്‍ ഗെയിമുകളുടേയും റിട്ടേണുകളുടേയും അത്യന്താധുനിക കാലത്ത് കാവ്യാത്മക ടെന്നീസ് കളിച്ച് ലോകത്തെ വശീകരിച്ച സ്വിസ് മാസ്റ്ററും ഇതിഹാസവുമായ റോജര്‍ ഫെഡറര്‍ അഞ്ചു വര്‍ഷത്തെ നിശബ്ദതയ്ക്കു ശേഷം മെല്‍ബണ്‍ പാര്‍ക്കിലെ ലോഡ് ലോവര്‍ അരേനയില്‍ ഇടിമുഴക്കം തീര്‍ത്ത് വസന്തമായി പെയ്തിറങ്ങി. ഇടവേളയ്ക്കു ശേഷം ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നീസ് കിരീടം സ്വന്തമാക്കിയാണു ഫെഡറര്‍ തന്റെ മ്യൂല്യം ഒരിക്കല്‍ കൂടി വ്യക്തമാക്കിയത്.
ഫൈനലില്‍ ഫെഡററുടെ എക്കാലത്തേയും മികച്ച എതിരാളിയായ റാഫേല്‍ നദാല്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ക്ലാസ്സിക്ക് പോരാട്ടം തന്നെ മെല്‍ബണ്‍ പാര്‍ക്കില്‍ അരങ്ങേറി. നദാലിന്റെ പവര്‍ ഗെയിമിന്റെ വെല്ലുവിളിയെ ചടുലവും സുന്ദരവുമായ നീക്കങ്ങളിലൂടെ ഫെഡറര്‍ മറികടക്കുന്ന കാഴ്ച വീണ്ടും കണ്ടു. ആദ്യ സെറ്റ് ഫെഡറര്‍ നേടിയപ്പോള്‍ രണ്ടാം സെറ്റ് നദാല്‍ സ്വന്തമാക്കി. മൂന്നാം സെറ്റ് വീണ്ടും ഫെഡറര്‍ക്ക്. എന്നാല്‍ നാലാം സെറ്റില്‍ നദാലിന്റെ തിരിച്ചുവരവ്. ഇതോടെ അഞ്ചാം സെറ്റ് നിര്‍ണായകമായി. ആദ്യ ഗെയിം സ്വന്തമാക്കി നദാല്‍ ഫെഡററെ ഞെട്ടിച്ചെങ്കിലും. 3-3 എന്ന നിലയിലേക്ക് മത്സരം എത്തിച്ച ഫെഡറര്‍ പിന്നീട് തുടര്‍ച്ചയായ മൂന്നു പോയിന്റുകള്‍ നേടിയാണ് സെറ്റും കിരീടവും സ്വന്തമാക്കിയത്. സ്‌കോര്‍: 6-4, 3-6, 6-1, 3-6, 6-3.
35ാം വയസിലെത്തിയ ഫെഡറര്‍ ശക്തമായ തിരിച്ചുവരവാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. പ്രായത്തിന്റെ പരാധീനതകളെ നൈസര്‍ഗികമായ കളി വഴക്കം കൊണ്ടു മറികടന്നാണ് ഫെഡ് എക്‌സ്പ്രസിന്റെ മുന്നേറ്റം. അഞ്ചു വര്‍ഷം മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 2012ലെ വിംബിള്‍ഡണ്‍ കിരീട നേട്ടത്തോടെ ഗ്രാന്‍ഡ് സ്ലാമുകള്‍ ഫെഡറര്‍ക്ക് കിട്ടാക്കനിയായി നിന്നു. പിന്നീട് നൊവാക് ദ്യോക്കോവിചിന്റെ മുന്നേറ്റത്തില്‍ ഫെഡററും നദാലും അപ്രസക്തരായി പോകുന്ന കാഴ്ചയായിരുന്നു. 2014, 15 വര്‍ഷങ്ങളിലെ വിംബിള്‍ഡണ്‍, 2015ലെ യു.എസ് ഓപണ്‍ ഫൈനലുകളില്‍ ഫെഡറര്‍ എത്തിയിരുന്നു. മൂന്നു തവണയും ദ്യോക്കോവിചിന്റെ കരുത്തിനു മുന്നിലാണ് ഫെഡറര്‍ക്ക് അടിതെറ്റിയത്.
ഇപ്പോള്‍ 18ാം ഗ്രാന്‍ഡ് സ്ലാമിലേക്ക് അടുത്തപ്പോള്‍ അവസാന സെറ്റില്‍ 3-1 എന്ന നിലയില്‍ പിന്നിലായിരുന്നു ഫെഡ്. പിന്നീട് കാണികളുടെ ശക്തമായ പിന്തുണയില്‍ തിരിച്ചെത്തി അദ്ദേഹം കിരീടം കൈയിലായ നിമിഷത്തില്‍ വിതുമ്പിപ്പോയി. അതിലെല്ലാമുണ്ടായിരുന്നു. 17 ഗ്രാന്‍ഡ് സ്ലാമുകള്‍ നേടി റെക്കോര്‍ഡിട്ട് അടുത്ത കിരീടത്തിലേക്കെത്താന്‍ എടുത്ത സമയത്ത് സഹിച്ച ത്യാഗവും പരുക്കിനെ മറികടന്ന് കോര്‍ട്ടില്‍ തിരിച്ചെത്താന്‍ എടുത്ത കഷ്ടപ്പാടും ഒരു വേള അദ്ദേഹം ഓര്‍ത്തിരിക്കാം.
സമ്മാനദാന ചടങ്ങില്‍ തന്നെപ്പോലെ മികവിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ച റാഫേല്‍ നദാലിനെ അദ്ദേഹം അഭിനന്ദിച്ചു. ഗംഭീരമായ തിരിച്ചുവരവാണ് റാഫ നടത്തിയതെന്നും ഒരു വേള ഈ പോരാട്ടത്തില്‍ പരാജയപ്പെട്ടാലും തനിക്ക് ദുഃഖമില്ലെന്നും അദ്ദേഹം പറഞ്ഞതും അതുകൊണ്ടു തന്നെയാണ്. ടെന്നീസ് കടുപ്പമേറിയ കായിക ഇനമാണെന്നും കിരീടം പങ്കുവയ്ക്കാന്‍ അവസരം ലഭിച്ചാല്‍ അതു റാഫയ്‌ക്കൊപ്പമാകുന്നതില്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തവണ പക്ഷേ ഫെഡറര്‍ തന്റെ നിറവിനാല്‍ എല്ലാ പ്രതിബന്ധങ്ങളേയും മറികടന്നു. ആന്ദ്രെ അഗാസി മുതലുള്ള താരങ്ങളെ പരാജയപ്പെടുത്തി കരിയര്‍ തുടങ്ങിയ സ്വിസ് ഇതിഹാസം 35ാം വയസില്‍ 18ാം ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കാന്‍ വീഴ്ത്തിയ താരങ്ങളുടെ പട്ടിക ഇങ്ങനെയാണ്. തോമസ് ബെര്‍ഡിച്, കെയ് നിഷികോരി, സ്റ്റാനിസ്ലാസ് വാവ്‌റിങ്ക, റാഫേല്‍ നദാല്‍. പുതിയ കാലത്തെ ടെന്നീസിലെ വിവിധങ്ങളായ ശൈലിയുള്ള ഒരു കൂട്ടത്തെയാണ് സ്വിസ് മാസ്റ്റര്‍ മറികടന്നതെന്ന് കാണുമ്പോഴാണ് ആ മികവിന്റെ ആഴവും പരപ്പും വ്യക്തമാകുന്നത്. ക്ലാസ് സ്ഥിരവും ഫോം താത്കാലികവുമെന്ന കായിക വാക്യം ഒരിക്കല്‍ കൂടി അന്വര്‍ഥമാകുകയാണ്.
അഞ്ചാം ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടമാണ് ഫെഡറര്‍ ഇത്തവണ നെഞ്ചോടു ചേര്‍ക്കുന്നത്. അഞ്ചു ആസ്‌ത്രേലിയന്‍ ഓപണ്‍, ഒരു ഫ്രഞ്ച് ഓപണ്‍, ഏഴു വിംബിള്‍ഡണ്‍, അഞ്ചു യു.എസ് ഓപണ്‍ കിരീടങ്ങളും കരിയറില്‍ നിറവായി നില്‍ക്കുന്നു.
ഫൈനലില്‍ തോറ്റെങ്കിലും റാഫേല്‍ നദാലെന്ന അതികായന്റെ തിരിച്ചു വരവും ആഘോഷിക്കപ്പെടേണ്ടതു തന്നെ. കഴിഞ്ഞ രണ്ടു വര്‍ഷമായി റാഫ തന്റെ നിഴലില്‍ ഒതുങ്ങിപ്പോയിരുന്നു. പരുക്കും മികവില്ലായ്മയും ആ കരിയര്‍ തന്നെ ചോദ്യ ചിഹ്നത്തില്‍ നിര്‍ത്തി. എന്നാല്‍ അതെല്ലാം മറികടന്നു തന്റെ എക്കാലത്തേയും മികച്ച എതിരാളിയോടു ഇഞ്ചോടിഞ്ച് പൊരുതിയാണ് സ്പാനിഷ് ചാംപ്യന്‍ അടിയറവ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."