വാഗ്ദാനങ്ങള്‍ പാഴ്‌വാക്കായി; കയര്‍ മേഖല ദുരിതക്കയത്തില്‍
തിരുവനന്തപുരം: കയര്‍ വ്യവസായ മേഖല സംരക്ഷിക്കാന്‍ വിവിധ നടപടികള്‍ വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പിനെ നേരിട്ട ഇടതുമുന്നണി അധികാരത്തില്‍ വന്ന് എട്ടു മാസം പിന്നിട്ടിട്ടും അവയൊന്നും നടപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ചില്ലെന്നു പരാതി. കയര്‍ മേഖല ഇപ്പോഴും ദുരിതക്കയത്തിലാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ടണ്ടാം കയര്‍ പുനഃസംഘടനാ പദ്ധതി, കേരളത്തിലെ മൊത്തം ഉല്‍പാദനത്തിന്റെ 30 ശതമാനം തൊണ്ടണ്ട് സംഭരണത്തിന് സബ്‌സിഡി, കയര്‍ സഹകരണ സംഘങ്ങളുടെ പുനരുജ്ജീവനം, സമഗ്രമായ യന്ത്രവല്‍കരണം, മിനിമം കൂലി, ഉല്‍പന്നങ്ങളുടെ വിപണനം ഉറപ്പാക്കല്‍, കയര്‍ ഉല്‍പാദന രംഗത്ത് പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തല്‍, കയറ്റുമതി പ്രോത്സാഹനം, വര്‍ഷത്തില്‍ 200 ദിവസം ജോലി ഉറപ്പാക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ എല്‍.ഡി.എഫിന്റെ പ്രകടനപത്രികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനുള്ള നടപടികളൊന്നും തുടങ്ങിയിട്ടില്ല. സംഘങ്ങള്‍ക്കു മിനിമം ഓര്‍ഡര്‍ ഉറപ്പാക്കി നല്‍കാന്‍ പോലും സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. നാലു മാസമായി മതിയായ ഓര്‍ഡറുകള്‍ ലഭിക്കാതെ കയര്‍ നിര്‍മാണ മേഖലയിലെ സംഘങ്ങളും ചെറുകിട ഉല്‍പാദകരും കടുത്ത പ്രതിസന്ധി നേരിടുകയാണ്.
കഴിഞ്ഞ ഏഴു മാസക്കാലയളവിനിടയില്‍ കയര്‍ ഉല്‍പന്നങ്ങള്‍ക്ക് അഞ്ചു മുതല്‍ 15 ശതമാനം വരെ വിലകുറഞ്ഞത് ഈ മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് സംഘങ്ങളുടെ മുഴുവന്‍ ഉല്‍പന്നങ്ങളും സ്റ്റോക്ക് എടുത്തിരുന്നു. എന്നാല്‍ അതില്‍ 70 ശതമാനത്തോളം തരംതിരഞ്ഞ് തള്ളിയതായി പരാതിയുണ്ട്. ഇതു മേഖലയ്ക്ക് കനത്ത ആഘാതമായി. സ്വകാര്യ ഡിപ്പോകള്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചുകൊടുക്കാനുള്ള ബോധപൂര്‍വമായ നടപടിയായിരുന്നു ഇതെന്ന ആക്ഷേപം വ്യാപകമാണ്. ആലപ്പുഴ, കൊല്ലം, ചിറയിന്‍കീഴ് തുടങ്ങിയ മേഖലകളിലാണ് കയര്‍ തൊഴിലാളികള്‍ ഏറ്റവുമധികം തൊഴിലില്ലായ്മ നേരിടുന്നത്.
ദുരിതങ്ങള്‍ക്കിടയില്‍ കടക്കെണിയിലായ തൊഴിലാളികള്‍ ജപ്തി ഭീഷണി നേരിടുന്നുമുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തൊഴിലാളികള്‍ക്ക് കൂലി വര്‍ധന നടപ്പിലാക്കിയപ്പോള്‍ ഇന്‍കം സപ്പോര്‍ട്ട് സ്‌കീം വഴി ആളൊന്നിന് 110 രൂപ സര്‍ക്കാര്‍ വിഹിതമായി നല്‍കി വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ഏഴു മാസമായി ഈ തുക ലഭിക്കുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."