സൈനികര്‍ക്കുള്ള മദ്യം ഉദ്യോഗസ്ഥര്‍ പുറത്ത് വില്‍ക്കുന്നതായി ആരോപണം
ഗാന്ധിധാം: സൈനികര്‍ക്കുള്ള മദ്യം ഉദ്യോഗസ്ഥര്‍ പുറത്തുവില്‍ക്കുന്നതായി ബി.എസ്.എഫ് ജവാന്റെ വീഡിയോ. ഫേസ്ബുക്കിലാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണവുമായി ഗുജറാത്തിലെ ഗാന്ധിധാം 150ാം ബറ്റാലിയനിലെ ജവാനായ നവരത്തന്‍ ചൗധരി രംഗത്തെത്തിയത്.
പുറത്തുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നതുസംബന്ധിച്ച് താന്‍ പരാതി നല്‍കിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള നടപടിയുമുണ്ടായില്ലെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. അതേസമയം ജവാന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബി.എസ്.എഫ് ഡയരക്ടര്‍ ഉത്തരവിട്ടു.
നേരത്തെ മോശം ഭക്ഷണമാണ് ലഭിയ്ക്കുന്നതെന്നും പലപ്പോഴും രാത്രിയില്‍ ഭക്ഷണം പോലും ലഭിക്കാതെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കേണ്ടി വരുന്നുണ്ടെന്നും ബി.എസ്.എഫ് 29ാം ബറ്റാലിയനിലെ തേജ് ബഹാദൂര്‍ എന്ന ജവാന്‍ ആരോപിച്ചിരുന്നു.
ഇത് വലിയ ചര്‍ച്ചയാവുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതിന് പിന്നാലെയാണ് മറ്റൊരു ജവാനും മദ്യം പുറത്ത് വില്‍ക്കുന്നതായ ആരോപണം ഉയര്‍ത്തിയത്. ജനുവരി 26ന് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഒരാള്‍ മദ്യം വാങ്ങി പോകുന്നുമുണ്ട്. ഗുജറാത്തില്‍ മദ്യം നിരോധിച്ചിട്ടുണ്ട്. എന്നിട്ടും ഇവിടെ മദ്യം ലഭിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ ദൃശ്യം. എല്ലാവരും നിയമത്തിന് മുന്നില്‍ തുല്യരാണെങ്കിലും തങ്ങള്‍ക്ക് ഇത്തരത്തിലുള്ള ഒരു അവകാശവും ലഭിക്കുന്നില്ലെന്നും നവരത്തന്‍ ചൗധരി ആരോപിയ്ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."