തെരുവില്‍ അലയുന്നവര്‍ക്ക് പ്രതീക്ഷയേകി 'സാന്ത്വന'ത്തിന്റെ തലോടല്‍
ചിത്രം: നിധീഷ് കൃഷ്ണന്‍
കോഴിക്കോട്: തെരുവോരങ്ങളില്‍ കീറിയ തുണിച്ചാക്കുകള്‍ക്കിടയില്‍ വിശന്നുവലഞ്ഞ് അലക്ഷ്യമായി കഴിയുന്നവരുടെ കണ്ണുകളിലേക്ക് പ്രതീക്ഷയുടെ വെളിച്ചം പകര്‍ന്ന് ഒരുപറ്റം മനുഷ്യസ്‌നേഹികള്‍. തണുത്ത ജലത്തിന്റെ കുളിര് മറന്നുപോയ ശരീരഭാഗങ്ങളില്‍ നന്നായി വെള്ളം വീണപ്പോള്‍ ചെറുപുഞ്ചിരി അവരുടെ ചുണ്ടുകളില്‍ കാണാമായിരുന്നു. എല്ലാ സുഖങ്ങളും സൗകര്യങ്ങളുമുണ്ടായിട്ടും ആരോരുമില്ലാതായിത്തീര്‍ന്ന കോഴിക്കോടിന്റെ തെരുവുകളിലെ അനാഥരായ ഇവര്‍ക്ക് ഇനി അസുഖം വന്നാല്‍ ചികിത്സിക്കാന്‍ ഡോക്ടറുണ്ട്, ധരിക്കാന്‍ നല്ല വസ്ത്രമുണ്ട്, ദാഹിക്കുമ്പോള്‍ കുടിവെള്ളം തരാന്‍, വിശപ്പകറ്റാന്‍ കഞ്ഞി തരാന്‍ എല്ലാറ്റിനും താങ്ങും തണലുമായി അവരുണ്ടാകും. ചാത്തമംഗലത്തെ 'സാന്ത്വനം' ചാരിറ്റബില്‍ ട്രസ്റ്റ് പ്രവര്‍ത്തകരാണ് നഗരത്തിലെ 41 അനാഥര്‍ക്ക് കൂട്ടിനായെത്തിയത്.
മാനസിക നിലതെറ്റിയ കുറച്ചുപേരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മാനസികാരോഗ്യ കേന്ദ്രത്തിലേക്കും സ്ത്രീകളെ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റും ഏറ്റെടുത്തു. കുളി കയിഞ്ഞപ്പൊ നല്ല സുഖം... പടച്ചോന്‍ മോളിലുണ്ട്... പയ്യന്നൂരിലെ കുട്ടന്റെ വാക്കുകളില്‍ നന്മവറ്റാത്ത വൈകാരികതയുണ്ടായിരുന്നു. വീട്ടിലേക്ക് പോയപ്പോള്‍ കഞ്ഞി തട്ടിമറിച്ച് തള്ളിയിട്ട് വാതിലടച്ച മക്കളുടെ കഥകളും ഒന്നൊന്നായി കുട്ടന്‍ പറഞ്ഞു. കൂടെയുള്ള അരക്കിണറിലെ പുരോഷത്തമന്‍ വലിയങ്ങാടിയിലെ കയറ്റിറക്ക് തൊഴിലാളിയായിരന്നു. നല്ലകാലത്ത് മുതലാളിയുടെ സ്വന്തക്കാരന്‍. ഒന്നിനും പറ്റാതായപ്പോള്‍ ഇനിവരേണ്ടെന്നു പറഞ്ഞ് മുതലാളി തിരിച്ചയച്ചു. ചുമട്ട് ജോലി കാരണം അദ്ദേഹത്തിന്റെ ശരീരം പൂര്‍ണമായും വളഞ്ഞിരിക്കുന്ന അവസ്ഥയിലാണ്. കൂട്ടത്തിലുള്ള തമിഴ്‌നാട് ഇറോഡിലെ നാമക്കലില്‍ നിന്നെത്തിയ മുത്തിനും കക്കോടി മുക്കിലെ നാരായണനും കരളലയിപ്പിക്കുന്ന അനുഭവകഥകള്‍ ഒരുപാട് പറയാനുണ്ടായിരുന്നു.
സാന്ത്വനം ട്രസ്റ്റിന്റെ പ്രവര്‍ത്തകരും കാഴ്ചക്കാരും ഇമവെട്ടാതെ തെരുവില്‍ അലയുന്നവരുടെ നീറുന്ന ജീവിതാനുഭവം കേട്ടു. കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് ഉടമ മുകുന്ദനാണ് 41 അനാഥര്‍ക്കും ആവശ്യമായ വസ്ത്രം സൗജന്യമായി നല്‍കിയത്. ചികിത്സയ്ക്ക് കെ.എം.സി.ടിയിലെ നഴ്‌സുമാരും ഡോക്ടര്‍മാരും നേതൃത്വം നല്‍കി. കൊല്ലത്തു നിന്നുവന്ന സ്മിതയാണ് അനാഥരായ ഇവരെ കുളിപ്പിച്ചതും വൃണങ്ങള്‍ കഴുകിവൃത്തിയാക്കിയതും.ആറു വര്‍ഷമായി സ്മിത കാരുണ്യ പ്രവര്‍ത്തനരംഗത്ത് നിറസാന്നിധ്യമാണ്.
സാന്ത്വനത്തിന്റെ പ്രവര്‍ത്തനമറിഞ്ഞ് സഹായത്തിനായി നിസാര്‍ വലിയങ്ങാടിയും എത്തിയിരുന്നു. ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് സോമന്റെയും പൊലിസ് ഉദ്യോഗസ്ഥരുടെ അകമൊഴിഞ്ഞ സഹായവും സാന്ത്വനത്തിന് മുതല്‍കൂട്ടാണെന്ന് ട്രസ്റ്റ് അംഗം സുധീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."