കാട്ടാന ശല്യം: വിളകള്‍ സംരക്ഷിക്കാന്‍ നടപടി വേണമെന്നാവശ്യം
കുറ്റ്യാടി:കാട്ടാന ശല്യം രൂക്ഷമായ നരിപ്പറ്റ, കാവിലുംപാറ പഞ്ചായത്തുകളിലെ കര്‍ഷകരെയും, കൃഷിഭൂമിയും സംരക്ഷിക്കാന്‍ നടപടി വേണമെന്ന ആവശ്യം. ഹെക്ടര്‍ കണക്കിന് കൃഷിയാണ് ഒരു മാസത്തിനിടെ കാട്ടാനകള്‍ നശിപ്പിച്ചത്. നരിപ്പറ്റയിലെ കുവ്വക്കൊല്ലി, വലിയകുന്ന്, കാപ്പിമല, കമ്മായി, എടോനി എന്നിവിടങ്ങളിലും, കാവിലുംപാറ പഞ്ചായത്തിലെ ചൂരമണി, കരിങ്ങാട്, പത്തേക്കര്‍, ചെമ്പോത്തുംപൊയില്‍ എന്നിവിടങ്ങളിലുമാണ് കാട്ടാനകള്‍ വന്‍നാശം വിതച്ചത്.
വാഴ, തെങ്ങ്, കവുങ്ങ്, കുരുമുളക്, ഗ്രാമ്പു, ജാതി, റബ്ബര്‍ തുടങ്ങി ലക്ഷകണക്കിന് രൂപയുടെ വിളകളാണ് കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചത്. രണ്ടുദിവസം മുന്‍പും ചൂരണിമലയില്‍ കാട്ടാനക്കൂട്ടമിറങ്ങിയതായി കര്‍ഷകര്‍ പറയുന്നു. ആനക്കൂട്ടങ്ങളെ ഭയന്ന് കര്‍ഷക കുടുംബങ്ങള്‍ വീടും, കൃഷിയിടവും ഉപേക്ഷിച്ച് പോകുന്ന സ്ഥിതിയാണ്. കൃഷിക്കും, കര്‍ഷകരുടെ ജീവനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞദിവസം യു.ഡി. എഫ് നേതൃത്വത്തില്‍ വനംവകുപ്പ് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.
കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ എം.എല്‍.എ. ഇ.കെ .വിജയന്റെയും, ഡി.എഫ്.ഒ.സുനില്‍കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി. കാട്ടാനകള്‍ ഇറങ്ങുന്ന വനാതിര്‍ത്തിയില്‍ മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ സോളാര്‍ കമ്പിവേലി നിര്‍മിക്കുമെന്നും, കൃഷിയിടത്തിന്റെ സുരക്ഷക്കായി കരിങ്കല്‍ മതിലും, കിടങ്ങുകളും നിര്‍മിക്കുമെന്നും സംഘം ഉറപ്പ് നല്‍കി. കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടിയുണ്ടാവുമെന്നും സംഘം ഉറപ്പ് നല്‍കി.നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.നാരായണി, ടി.പവിത്രന്‍, കെ.വി.കുഞ്ഞിരാമന്‍, കെ.ബാബു, ടി.വല്‍സല എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."