കരൂരില്‍ മദ്യശാല: സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധമാര്‍ച്ച് നടത്തി
കരൂര്‍: ജനവാസകേന്ദ്രത്തില്‍ മദ്യശാല പ്രവര്‍ത്തിപ്പിക്കുവാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരേ കരൂരില്‍ നാടൊരുമിച്ചു. ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ നൂറുകണക്കിന് ആളുകള്‍ പ്രതിഷേധസമരത്തില്‍ പങ്കെടുത്തു. തിരുഹൃദയ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ മാതാപിതാക്കളും ഇടവകാംഗങ്ങളും അണിചേര്‍ന്നു.
മദ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്‌ളകാര്‍ഡുകള്‍ ഉയര്‍ത്തിയും വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധസമരം മദ്യമെന്ന മഹാവിപത്തിനെ സമൂഹത്തില്‍ നിന്നും അകറ്റേണ്ടതിന്റെ ആവശ്യകത വിളിച്ചറിയിക്കുന്നതായിരുന്നു. സണ്‍ഡേ സ്‌കൂളില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് മദ്യശാല സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിനു സമീപം എത്തി പ്രതിഷേധ സമ്മേളനം ആരംഭിച്ചു.
കരൂര്‍ തിരുഹൃദയപള്ളി വികാരി ഫാ.ജോസഫ് കൊച്ചുപറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ സുഷ്മ രഘു, കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ആകാശ് ആന്റണി, ജായിസ് കുരുവിള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."