'നാടിന്റെ നന്മയ്ക്കായി പോരാടിയ ധീരവനിതകള്‍ക്ക് അവഗണന'
കോട്ടയം: നാടിന്റെ നന്മയ്ക്കായി പോരാടിയ ധീരവനിതകളില്‍ ഒരാള്‍ക്ക് പോലും ഉചിതമായ സ്മാരകം നിര്‍മിക്കാന്‍ ആരും തയാറാകാത്തത് അവരോടുള്ള അവഗണനയാണ് സൂചിപ്പിക്കുന്നതെന്ന് ഡി.വൈ.എഫ.്ഐ കേന്ദ്രകമ്മിറ്റി അംഗം പി.പി ദിവ്യ. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി 'സ്ത്രീ സ്വാതന്ത്ര്യവും പൊതുബോധവും' എന്ന വിഷയത്തില്‍ കോട്ടയത്ത് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
സ്ത്രീയുടെ പോരാട്ടചരിത്രം പുനര്‍ജനിക്കാന്‍ പാടില്ല എന്ന നിര്ബന്ധബുദ്ധിയോടെയാണോ പല ചരിത്രരചനകളും ഉണ്ടായതെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും അവര്‍ പറഞ്ഞു.
കല്ല്യാണം കഴിപ്പിച്ചുവിടാനാണ് പെണ്മക്കളെ വളര്‍ത്തുന്നതെന്നാണ് രക്ഷിതാക്കള്‍ കരുതുന്നത്. പൊതുമണ്ഡലങ്ങളില്‍ സ്ത്രീയുടെസാന്നിധ്യം ചുരുക്കുന്ന പൊതുബോധങ്ങളെ സമഭാവനയോടെ യുവാക്കള്‍ ചെറുക്കണമെന്നും ദിവ്യ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസരംഗത്ത് 70 ശതമാനം സ്ത്രീസാന്നിധ്യമുള്ള കേരളത്തിലെ തൊഴില്‍സേനയില്‍ സ്ത്രീപങ്കാളിത്തം 22 ശതമാനം മാത്രമാണെന്ന് എം.ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന് വൈസ് പ്രസിഡന്റ് ജെ. ലേഖ പറഞ്ഞു. സ്ത്രീയുടെ ശബ്ദത്തിന് കുടുംബത്തിനുള്ളില്‍ പോലും അംഗീകാരം കിട്ടുന്നത് അവളുടെ വരുമാനത്തിന്നനുസരിച്ചാണ്. അമിതമായ ഗാര്‍ഹികവല്‍ക്കരണം സ്ത്രീയുടെ വളര്‍ച്ചയ്ക്ക് തടസമാകുന്നു. ജില്ലാ പ്രസിഡന്റ് സജേഷ് ശശി അധ്യക്ഷനായി. സെക്രട്ടറി പി.എന്‍ ബിനു സ്വാഗതവും ഹരിപ്രിയ നന്ദിയും പറഞ്ഞു. പി.ജെ ജ്യോതി, മഞ്ജുള, ജിസ് ജോസഫ്, എ.എം എബ്രഹാം, എന്‍. അനില്‍കുമാര്‍, സജിന്‍ വട്ടപ്പിള്ളി, മഹേഷ് ചന്ദ്രന്, സിജി രഞ്ജിത് പങ്കടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."