കൊടുംവേനലിലും ചതുരക്കിണര്‍ ജലസമൃദ്ധം
ചക്കരക്കല്‍: ഏത് കൊടുംവേനലിലും ദാഹജലം നല്‍കാന്‍ വാരത്തുകാര്‍ക്ക് അന്നുംഇന്നും ഒരേയൊരു ചതുരക്കിണര്‍ മാത്രം. പേരു പോലെത്തന്നെ ചതുരാകൃതിയിലാണ് കിണര്‍.
പ്രദേശത്തിന്റെയും ബസ് സ്റ്റോപ്പിന്റെയും പേരും ചതുരക്കിണര്‍ എന്നുതന്നെ. മേലേചൊവ്വ-കണ്ണൂര്‍ വിമാനത്താവളം റോഡില്‍ വാരത്താണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള കിണര്‍ പണ്ടുകാലത്തെ കിണര്‍ പണിക്കാരുടെ കരവിരുതും ശില്പവൈദഗ്ധ്യവും പ്രകടമാവുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്.
നാലുമീറ്ററോളം സമചതുരത്തില്‍ കുഴിച്ച കിണറിന് ഇരുപത് മീറ്ററോളം ആഴമുണ്ട്. അടിഭാഗത്ത് പാറ സമചതുരത്തില്‍ കൊത്തിയെടുത്ത് മുകളില്‍ ചതുരാകൃതിയില്‍ തന്നെ ചെങ്കല്ല് ഉപയോഗിച്ച് കെട്ടി ഉയര്‍ത്തിയിരിക്കുകയാണ്.
പണ്ടു കാലത്ത് കൃഷി ആവശ്യത്തിനും കന്നുകാലികള്‍ക്ക് വെള്ളം നല്‍കാനും കുഴിച്ച കിണര്‍ ഇന്നും നിരവധി പേര്‍ ഉപയോഗിക്കുന്നുണ്ട്. കിണറിന്റെ സമീപത്ത് കല്ല് കൊണ്ടു നിര്‍മിച്ച ജലസംഭരണി കാലപ്പഴക്കം മൂലം നശിച്ചു.
നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെങ്കിലും ഏതുകാലാവസ്ഥയിലും ശുദ്ധജലം നല്‍കുന്ന ഈ കിണര്‍ നിലവില്‍ പ്രദേശത്തുകാരുടെ സംരക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."