സ്വാശ്രയ കോളജുകളില്‍ സര്‍ക്കാറിന് നേരിട്ട് ഇടപെടാനാവില്ല- ഫേസ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വാശ്രയ കോളജ് പ്രശ്‌നങ്ങളില്‍ സര്‍ക്കാറിന് നേരിട്ട് ഇടപെടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.
'സര്‍ക്കാരിന് നേരിട്ട് സ്വാശ്രയ കോളജുകളില്‍ ഇടപെടാനാകില്ല. യൂനിവേഴ്‌സിറ്റികള്‍ വഴിയാണ് ഇടപെടാനാകുക. അതുകൊണ്ടാണ് വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചത്. വിദ്യാഭ്യാസ മന്ത്രിയും യോഗത്തില്‍ പങ്കെടുക്കും'. പോസ്റ്റില്‍ പറയുന്നു. ഫെബ്രുവരി 2 നാണ് വൈസ് ചാന്‍സലര്‍മാരുടെ യോഗം. സ്വാശ്രയ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭയാശങ്കകളില്ലാതെ പഠിക്കാന്‍ വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കുന്നു.
ജിഷ്ണുവിന്റെ അമ്മയുടെ തുറന്ന കത്തിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പോസ്റ്റിന്റെ പൂര്‍ണ രൂപം
'സ്വാശ്രയ കോളേജുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഫെബ്രുവരി 2 ന് വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. സ്വാശ്രയ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭയാശങ്കകളില്ലാതെ പഠിക്കാന്‍ വഴിയൊരുക്കും.
സര്‍ക്കാരിന് നേരിട്ട് സ്വാശ്രയ കോളേജുകളില്‍ ഇടപെടാനാകില്ല. യൂണിവേഴ്‌സിറ്റികള്‍ വഴിയാണ് ഇടപെടാനാകുക. അതുകൊണ്ടാണ് വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചത്. വിദ്യാഭ്യാസ മന്ത്രിയും യോഗത്തില്‍ പങ്കെടുക്കും.
പല സ്വാശ്രയ സ്ഥാപനങ്ങളുടെയും കണ്ണ് ലാഭത്തിലാണ്. അടുത്ത കാലത്ത് ഉണ്ടായിട്ടുള്ള ചില സംഭവങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്. കുട്ടികള്‍ അവര്‍ക്ക് എറ്റവും ഇഷ്ടപ്പെട്ട ചാച്ചാജിയുടെയും ടോംസിന്റെയും പേരുകള്‍ കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ കിടിലം കൊള്ളുകയാണ്. ചാച്ചാജിയെന്ന് കുട്ടികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന നെഹ്‌റുവിന്റെ പേരിലുള്ള കോളേജില്‍ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് സമൂഹത്തില്‍ വലിയ ഞെട്ടലുണ്ടാക്കി. ഇത്തരത്തിലുള്ള കാര്യങ്ങളാണോ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടക്കേണ്ടതെന്ന് പരിശോധിക്കപ്പെടണം.
ടോംസ് കോളേജില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകളും ആശങ്കയുണ്ടാക്കുന്നതാണ്. നിരവധി പരാതികളാണ് നേരിട്ടും അല്ലാതെയും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമെല്ലാം അറിയിക്കുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭൂഷണമല്ല. അനഭിലഷണീയമായ കാര്യങ്ങളാണ് അടുത്തിടെ കേള്‍ക്കുന്നത്. പരാതികള്‍ ഗൗരവകരമായ നടപടികള്‍ അര്‍ഹിക്കുന്നു.
സ്വാശ്രയ കോളേജുകളുടെ നടപടികളില്‍ വിദ്യാര്‍ത്ഥി സമൂഹം അസംതൃപ്തരാണെന്ന കാര്യം സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ട്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുല്യമായ വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള അവസ്ഥയുണ്ടാക്കും. ഏതു പാവപ്പെട്ട വിദ്യാര്‍ത്ഥിക്കും മികച്ച പഠന സൌകര്യം ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."