ബിസ്മി പാലിയേറ്റീവ് കെയര്‍ പുനരധിവാസ കേന്ദ്രം; ഉദ്ഘാടനം നാളെ
കൊണ്ടോട്ടി: അപകടത്തില്‍ പെട്ടും ജന്മനാ കിടപ്പിലായവര്‍ക്കും ഒറ്റപ്പെട്ടുപോയ മാനസികരോഗികള്‍ക്കും അത്താണിയായ ബിസ്മി കള്‍ചറല്‍ സെന്റര്‍ പാലിയേറ്റീവ് കെയര്‍ പുനരധിവാസ കേന്ദ്രമൊരുക്കുന്നു. കൊണ്ടോട്ടി തുറക്കല്‍ പനയംപറമ്പില്‍ നിര്‍മിച്ച കേന്ദ്രം നാളെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. പാലിയേറ്റീവ് കെയര്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ് ഇന്നൊവേഷന് സെന്ററിലെ പുനരധിവാസ കേന്ദ്രം എ.പി അനില്‍കുമാറും ഫിസിയോതെറാപ്പി സെന്റര്‍ പി.വി അന്‍വറും മാനസികാരോഗ്യക്ലിനിക്ക് കെ മുഹമ്മദുണ്ണിഹാജിയും ഉദ്ഘാടനം ചെയ്യും.
മാനസിക രോഗികള്‍ക്ക് സൗജന്യ പരിശോധനയും മരുന്ന് വിതരണവും കൗണ്‍സിലിങും ക്ലിനിക്ക്, സൗജന്യ ഫിസിയോ തെറാപ്പി, ഭിന്നശേഷിക്കാര്‍ക്ക് പകല്‍ പരിചരണം, സ്വയം തൊഴില്‍ പരിശീലനം തുടങ്ങിയവ പുനരധിവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കും. അവശത അനുഭവിക്കുന്ന ഏഴ് കുടുംബങ്ങള്‍ നിലവില്‍ കേന്ദ്രത്തില്‍ താമസിക്കുന്നുണ്ട്. സൗജന്യ ചികിത്സക്കെത്തുന്ന കിടപ്പിലായ രോഗികള്‍ക്ക് പകല്‍ സമയം വിശ്രമിക്കാനും സ്വയം തൊഴില്‍ ചെയ്യുന്നതിനും സൗകര്യമൊരുക്കും.
ബിസ്മിയുടെ കീഴില്‍ എല്ലാ ഞായറാഴ്ചകളിലും സൗജന്യ പരിശോധനയും മരുന്ന് വിതരണവും നടക്കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്ത അനാഥ കുടംബങ്ങള്‍ക്ക് ധനസഹായം, ഭക്ഷണ വിതരണം. മാനസികാരോഗ്യ ഡോക്ടറുടെ പരിശോധന, വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് നടത്താനുള്ള സഹായം, നിര്‍ധന വിദ്യര്‍ഥികള്‍ക്ക് യൂണിഫോം, പഠനോപകരണ വിതരണം, തീരപ്രദേശങ്ങളില്‍ ഭക്ഷണകിറ്റ് വിതരണം തുടങ്ങിയവയും നടക്കുന്നുണ്ട്. 1995ല്‍ വിമാനത്താവള റോഡ് മുസാഫര്‍ ഖാനക്ക് സമീപം സ്ഥാപിതമായ ബിസ്മി സ്വതന്ത്ര ജീവകാരുണ്യ കൂട്ടായ്മയില്‍ നൂറിലധികം അംഗങ്ങളുണ്ട്.സുമനസ്സുകളുടെ സഹായത്തോടെയാണ് ബിസ്മിയുടെ പ്രവര്‍ത്തനം ജില്ലക്കകത്തും പുറത്തും ശ്രദ്ദേയമാണ്.
വാര്‍ത്ത സമ്മേളനത്തില്‍ ബഷീര്‍ മച്ചിങ്ങല്‍, ഷംസു കുമ്മാളി, ഡോ. പി ഉമ്മര്‍, പി.കെ അസ്ലം,അബ്ദുറഹ്മാന് കോഴിശ്ശേരി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."