പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്നു വിതരണ പദ്ധതി ഒന്നാംഘട്ടം: ആദ്യദിനം രണ്ടര ലക്ഷത്തിലധികം കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി
മലപ്പുറം: പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്നു വിതരണപദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ ആദ്യംദിനം ജില്ലക്ക് സര്‍വകാല റെക്കോര്‍ഡ്. ഇന്നലെ മാത്രം ജില്ലയിലെ 2,70,201 കുട്ടികള്‍ക്കാണ് വിവിധ കേന്ദ്രങ്ങള്‍ വഴി തുള്ളിമരുന്ന് വിതരണം നടത്തിയത്. 63.86 ശതമാനം. കഴിഞ്ഞ വര്‍ഷം ജില്ലയിലാകെ 59 ശതമാനം കുട്ടികള്‍ക്കുമാത്രമാണ് ആദ്യദിവസം തുള്ളിമരുന്ന് നല്‍കാനായത്. ജില്ലയില്‍ അഞ്ച് വയസിനു താഴെയുള്ള 44,1580 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നതിനായിരുന്നു ആരോഗ്യ വകുപ്പ് പദ്ധതിയിട്ടിരുന്നത്. ഇതിനായി 3,728 ബൂത്തുകളും 7,467 വളണ്ടിയര്‍മാരെയും ക്രമീകരിച്ചിരുന്നു. അങ്കണവാടികള്‍, സ്‌കൂളുകള്‍ എന്നിവക്കു പുറമേ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റോപ്പ്, വിവിധ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വച്ചും തുള്ളിമരുന്ന് വിതരണം നടന്നു. അന്യസംസ്ഥാനക്കാരായ കുട്ടികളുടെ കൃത്യമായ കണക്കു മുന്‍കൂട്ടി തയാറാക്കിയാണ് ഇത്തവണ ആരോഗ്യവകുപ്പ് തുള്ളിമരുന്ന് വിതരണം നടത്തിയത്. അന്യസംസ്ഥാനക്കാരിലെ കുട്ടികള്‍ക്ക് തുള്ളിമരുന്ന് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രത്യേക കേന്ദ്രങ്ങളും ആരോഗ്യവകുപ്പ് ഒരുക്കിയിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു ദിവസം 24 മണിക്കൂറും തുള്ളിമരുന്ന് വിതരണം നടക്കും.
ജില്ലയിലെ 70 ബൂത്തുകളിലാണ് നൂറു ശതമാനം തുള്ളിമരുന്ന് വിതരണം നടന്നത്. ആദ്യദിനത്തില്‍ തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ ഗൃഹ സന്ദര്‍ശനം നടത്തി ഇന്നും നാളെയും മരുന്ന് നല്‍കും. ഡിഫ്തിരീയ ഭീതിയെ തുടര്‍ന്ന് പ്രതിരോധകുത്തിവെപ്പ്, തുള്ളിമരുന്ന് എന്നിവയില്‍ ജില്ലയില്‍ മികച്ച പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."