ഒലവക്കോട്-ചന്ദ്രനഗര്‍ ദേശീയ പാത വികസനം കടലാസിലൊതുങ്ങുന്നു
ഒലവക്കോട്: ദേശീയപാത താണാവ് മുതല്‍ ചന്ദ്രനഗര്‍ വരെയുള്ള ഭാഗം ദേശീയപാതയുടെ ഇരുവശവും വികസിപ്പിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് പിഡബ്ല്യുഡി ദേശീയപാത വിഭാഗം കേന്ദ്ര ഗതാഗത മന്ത്രാലയത്തിനു സമര്‍പിച്ചെങ്കിലും നടപടികള്‍ വൈകുമെന്ന് ഉറപ്പായി. കോഴിക്കോട് പാലക്കാട് ദേശീയപാത 966 ല്‍ നാട്ടുകല്‍ മുതല്‍ താണാവ് വരെയുള്ള ഭാഗത്തിന്റെ വികസനത്തിനുശേഷം രണ്ടാം ഘട്ടമായി താണാവ് മുതല്‍ ചന്ദ്രനഗര്‍ വരെയുള്ള ഭാഗം വീതികൂട്ടി ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്താനാണു ലക്ഷ്യമിടുന്നതെന്ന് പദ്ധതി രൂപരേഖയില്‍ പറയുന്നു. പദ്ധതിക്കു താമസിയാതെ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന പൊതുമരാമത്ത് വകുപ്പ്. രൂപരേഖ നല്‍കി ഒരു മാസമായിട്ടും ഇതിന് മറുപടി പോലും നല്‍കാത്ത സാഹചര്യത്തില്‍ പദ്ധതി വൈകുമെന്നാണ് കരുതുന്നത്.
120 കോടി രൂപയോളം ചെലവുവരുന്ന പദ്ധതിയില്‍ ഒലവക്കോട് റെയില്‍വേ മേല്‍പ്പാലം, പുതിയപാലം എന്നിവയ്ക്കു സമാന്തരമായി രണ്ടാമതൊരു പാലംകൂടി നിര്‍മിക്കും. ഒലവക്കോട്, കല്‍മണ്ഡപം ജംഗ്ഷനുകളുടെ വികസനവും പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ജനവാസ മേഖലകളില്‍ സ്ഥലം ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കിയാകും വികസനം. ഇതിനായി താണാവ്-ഒലവക്കോട്-ശേഖരീപുരം-കല്‍മണ്ഡപം ബൈപാസ് വഴിയുള്ള റോഡു വികസനമാണു ലക്ഷ്യമിടുന്നത്.
ശേഖരീപുരം-കല്‍മണ്ഡപം ബൈപാസ് നിലവില്‍ നാലുവരിപ്പാത വീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്. ഇവിടെ കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടതില്ലെന്ന് പറയുന്നു. ഇത്തരം സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചു ദേശീയപാത വിഭാഗം സമര്‍പ്പിച്ച പ്രാഥമിക രൂപരേഖയില്‍ പറയുന്നു.
താണാവ് മുതല്‍ ഒലവക്കോട് ജംക്ഷന്‍വരെയുള്ള ഭാഗത്തെ റോഡ് വികസനത്തിന് ഇതല്ലാതെ മറ്റുവഴികളില്ല. ഇവിടെ റെയില്‍വേ ട്രാക്കിനു മുകളില്‍ രണ്ടാമതൊരു പാലത്തിന്റെ നിര്‍മാണം സംബ ന്ധിച്ച് റെയില്‍വേയും പൊതുമരാമത്ത് വകുപ്പും പരിശോധന നടത്തിയിരുന്നു.
ഈ പദ്ധതിക്കു കൂടി അനുമതി ലഭിച്ചാല്‍ പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ചന്ദ്രനഗര്‍ മുതല്‍ നാട്ടുകല്‍ വരെയുള്ള ഭാഗത്തെ ഗതാഗതം ഏറെ സുഗമമാകും.
ഈ പ്രൊപ്പോസലിന് ബദലായി ഇപ്പോഴുള്ള ദേശീയ പാതയുടെ ഇരുവശത്തെയും മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ തടയുന്ന പദ്ധതി കൂടി ലക്ഷ്യമിട്ട് പുതിയ പദ്ധതി കൂടി പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."