കുഴല്‍മന്ദം സബ് ട്രഷറിയുടെ പുതിയ കെട്ടിട നിര്‍മാണം വൈകുന്നു
കുഴല്‍മന്ദം: സബ് റജിസ്ട്രാര്‍ ഓഫിസ് നിര്‍മിക്കാന്‍ ഭൂമി കണ്ടെത്തിയെങ്കിലും അതു വകുപ്പിന്റെ പേരിലേക്കു രജിസ്‌ട്രേഷന്‍ നടത്താന്‍ കാത്തിരിപ്പ് തുടരുകയാണ് രജിസ്‌ട്രേഷന്‍ വകുപ്പ്. കണ്ടെത്തിയ 10 സെന്റ് സര്‍ക്കാര്‍ ഭൂമി വകുപ്പിന്റെ പേരിലേക്കു മാറ്റാനുള്ള ഫയല്‍ മാസങ്ങളായി ജില്ലാ കലക്ടറേറ്റില്‍ ചുവപ്പ് നാടയിലാണ്. പൊലിസ് സ്റ്റേഷനു സമീപം ഉണ്ടായിരുന്ന സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റേണ്ടി വന്നതോടെയാണു 2010 സെപ്റ്റംബറില്‍ വകുപ്പ് വാടകക്കാരനായി മാറിയത്.
ചിതലി പാലത്തിനു സമീപത്തെ രണ്ടുനില വാടക കെട്ടിടത്തിലാണ് ഇപ്പോള്‍ ഓഫിസ് പ്രവര്‍ത്തനം. 1865 മുതലുള്ള രേഖകള്‍ സൂക്ഷിക്കുന്ന മുറി മുകളിലും ഭൂമി രജിസ്‌ട്രേഷനും മറ്റു സേവനങ്ങള്‍ക്കുമുള്ള സംവിധാനം താഴെയും. രണ്ടിടത്തും സ്ഥലം തികയുന്നില്ല. പൊതുജനം പരാതി പറയാന്‍ തുടങ്ങിയിട്ടു നാളുമേറെയായി. കുഴല്‍മന്ദത്ത് പെട്രോള്‍ പമ്പിന് സമീപത്തായി ജലവിഭവ വകുപ്പിന്റെ 10 സെന്റ് സ്ഥലമാണ് ഓഫിസിനായി കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സബ് രജിസ്ട്രാര്‍ ഓഫിസ് നിര്‍മാണത്തിനായി സ്ഥലം കൈമാറാമെന്നു ജലവിഭവ വകുപ്പ് സമ്മതപത്രം നല്‍കി. കുഴല്‍മന്ദം വില്ലേജ് ഒന്നില്‍നിന്ന് ആലത്തൂര്‍ താലൂക്ക് ഓഫിസിലേക്കും സഞ്ചരിച്ച ഫയല്‍ നവംബറില്‍ പാലക്കാട് ആര്‍.ഡി.ഒ ഓഫിസിലെത്തി. അവിടെ നിന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ കലക്ടറേറ്റിലും. പക്ഷേ രജിസ്‌ട്രേഷന്‍ വകുപ്പ് അധ്യക്ഷന്‍ തന്നെ സ്ഥലം ആവശ്യപ്പെട്ട് അപേക്ഷ നല്‍കണമെന്ന കുറിപ്പോടെ ഫയല്‍ കലക്ടറേറ്റില്‍ ഭദ്രമായിരിക്കുന്നു.
സംസ്ഥാനത്ത് 100 സബ് രജിസ്ട്രാര്‍ ഓഫിസുകള്‍ നിര്‍മിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ 27 കോടി രൂപ നീക്കിവെച്ചിരുന്നു. ഈ വിഹിതത്തിന്റെ പങ്ക് കുഴല്‍മന്ദത്തെ ഓഫിസിനായി ലഭിക്കണമെങ്കില്‍ സ്ഥലമേറ്റെടുത്തു നടപടികള്‍ മാര്‍ച്ചിനു മുന്‍പെങ്കിലും തുടങ്ങിവെക്കണം ഇല്ലെങ്കില്‍ വിഹിതവും പദ്ധതിയും നഷ്ടമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."