ഇറിഗേഷന്‍ വകുപ്പിന്റെ വീഴ്ച: ആയിരത്തോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടുന്നു
മറ്റത്തൂര്‍: ഇറിഗേഷന്‍ വകുപ്പ് എ.ഇയുടെ വീക്ഷണമില്ലായ്മ മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരം മേഖലയിലെ ആയിരത്തോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നതായി പരാതി.
വാസുപുരത്ത് കുറുമാലി പുഴയില്‍ ചക്കാല കടവ് താല്‍ക്കാലിക തടയണ പണിയുന്നതുമായി ബന്ധപ്പെട്ടാണ് എ.ഇയുടെ നടപടി. വാസുപുരത്ത് കുറുമാലി പുഴയുടെ സമീപത്തു പ്രവര്‍ത്തിക്കുന്ന ലിഫ്റ്റ് ഇറിഗേഷനിലേക്ക് ആവശ്യമായ വെള്ളം കുറുമാലി പുഴയില്‍ നിന്നാണ് ലഭിക്കുന്നത്.
ഇതിനായി പുഴയും ലിഫ്റ്റ് ഇറിഗേഷന്റെ കിണറുമായി പൈപ്പ് വഴി ബന്ധിപ്പിച്ചിട്ടുമുണ്ട്.
തടയണ നിര്‍മാണവുമായി ബന്ധപ്പെട്ട എന്‍ജിനീയര്‍ ഈ പൈപ്പ് കരാറുകാരനെ കൊണ്ട് അടപ്പിച്ചതായാണ് പരാതി. പുറമെ പുഴക്കര ഇടിയാതിരിക്കാന്‍ സംരക്ഷണഭിത്തി പോലെ പുഴയില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് സ്ലാബുകളും എടുത്തുമാറ്റിയിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് വാസുപുരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനം ഏതു സമയവും നിലയ്ക്കാമെന്ന നിലയിലാണ്. കൂടാതെ ചക്കാലക്കടവിലുള്ള കരഭൂമി പുഴയിലേക്ക് ഇടിയാനും തുടങ്ങിയിട്ടുണ്ട്. ലിഫ്റ്റ് ഇറിഗേഷന്‍ പ്രവര്‍ത്തനം നിലയ്ക്കാതിരിക്കാനും കരഭൂമി ഇടിയാതിരിക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."