വൈദ്യുതി കണക്ഷന്‍ നല്‍കാതെ അധികൃതര്‍ കബളിപ്പിക്കുന്നതായി പരാതി
വാടാനപ്പള്ളി: തളിക്കുളത്തെ വയോധികരെ വൈദ്യുതി കണക്ഷന്‍ നല്‍കാതെ അധികൃതര്‍ കബളിപ്പിക്കുന്നതായി പരാതി. തിരുവനന്തപുരം സ്വദേശികളായ കാന്‍സര്‍ രോഗബാധിതനായ പാണാപറമ്പില്‍ തങ്കപ്പനും ലീലയും അധികൃതരുടെ ആലസ്യത്തില്‍ ദുരിതമനുഭവിക്കുകയാണ്.
തളിക്കുളം പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ടാഗോര്‍ നഗറിനു സമീപം 15 വര്‍ഷത്തോളമായി തളിക്കുളത്ത് താമസിച്ചുവരികയാണ് ഇവര്‍. വീട്ടുനമ്പര്‍ നല്‍കാതെയും അധികൃതര്‍ വലയ്ക്കുന്നതായി പരാതിയുണ്ട്.
സ്ഥിരതാമസക്കാര്‍ക്കു താല്‍ക്കാലിക വീട്ടുമ്പര്‍ നല്‍കണമെന്ന നിയമം നിലനില്‍ക്കുമ്പോഴാണ് ഈ വയോധികരുടെ കാര്യത്തില്‍ പഞ്ചായത്ത് അധികൃതര്‍ മുഖം തിരിക്കുന്നത്. നിരവധി തവണ വാര്‍ഡ് മെമ്പറെയും കെ.എസ്.ഇ.ബി ഓഫിസിലും സമീപിച്ചിട്ടുണ്ടെങ്കിലും രോഗികളായ ഇവരെ മനപ്പൂര്‍വം അധികൃതര്‍ അവഗണിക്കുകയാണന്നു നാട്ടുകാരും പറയുന്നു. തിരുവനന്തപുരം സ്വദേശികളായ തങ്കപ്പനും ലീലയും ഇരുപത്തിയേഴ് വര്‍ഷമായി തളിക്കുളത്ത് സ്ഥിരതാമസമാക്കിയിട്ട്. 13 വര്‍ഷം പത്താംകല്ലിലായിരുന്നു താമസിച്ചിരുന്നത്. പിന്നീടാണ് തളിക്കുളം എട്ടാം വാര്‍ഡില്‍ രണ്ട് സെന്റ് സ്ഥലം സ്വന്തമായി വാങ്ങിയത്. എന്നാല്‍ സ്ഥലം നല്‍കിയ വ്യക്തി ഭൂമിയുടെ പണം വാങ്ങിയ ശേഷം മതിയായ രേഖകള്‍ നല്‍കാതെ ഇവരെ വഞ്ചിക്കുകയായിരുന്നു.
വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ ഇടുന്നതിനുള്ള കുഴികള്‍ എടുക്കുന്ന താല്‍ക്കാലിക ജോലിയാണ് തങ്കപ്പന്. എന്നാല്‍ കിഡ്‌നിക്ക് കാന്‍സര്‍ രോഗം ബാധിച്ചതോടെ അധികനേരം പണിയെടുക്കാനും ഇദ്ദേഹത്തിനു കഴിയുന്നില്ല. ഹൃദ്രോഗിയായ ലീല ലോട്ടറി കച്ചവടം ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുബജീവിതം നയിക്കുന്നത്. രണ്ടു സെന്റില്‍ വച്ചുകെട്ടിയ ചെറിയ കൂരയില്‍ താമസിക്കുന്ന ഇവര്‍ക്ക് വീട്ടുനമ്പര്‍ ലഭിക്കാത്തതിനാല്‍ റേഷന്‍ കാര്‍ഡും എടുക്കാന്‍ കഴിഞ്ഞിട്ടില്ല.
പതിനാലര വര്‍ഷമായി മെഴുകുതിരിയുടെ വെട്ടത്തില്‍ കഴിയുന്ന ഇവര്‍ക്ക് വൈദ്യുതി നല്‍കാന്‍ നിയമമുണ്ടായിട്ടും കെ.എസ്.ഇ.ബി അധികൃതരും ഇവരെ അവഗണിക്കുകയാണ്. വൈദ്യുതി ലഭിക്കണമെങ്കില്‍ വയറിങ് നടത്തണമെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞതു പ്രകാരമാണ് പണം കടംവാങ്ങി വയറിങ് നടത്തിയത്. എന്നാല്‍ സാക്ഷ്യപത്രം വാങ്ങാന്‍ മെമ്പറെ കാണാന്‍ പലതവണ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലന്നു തങ്കപ്പന്‍ പറഞ്ഞു.
നിരവധി തവണ പഞ്ചായത്ത് ഓഫിസില്‍ കയറിയിറങ്ങിയ തന്റെ ദയനീയാവസ്ഥ കണ്ട് മറ്റൊരു മെമ്പറാണ് അപേക്ഷയില്‍ ഒപ്പിട്ടു തന്നതെന്നും ഇദ്ദേഹം പറയുന്നു. വീട്ടില്‍ വൈദ്യുതി ലഭ്യമാക്കണമെന്നഭ്യര്‍ഥിച്ച് സ്ഥലം എം.എല്‍.എക്കും അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു. മൂന്നു മക്കളുണ്ടായിരുന്ന ഇവരുടെ ഒരു മകനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്തുവച്ച് സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ടു മക്കള്‍ ഇപ്പോള്‍ തിരുവനന്തപുരത്താണു താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."