ബഹ്‌റൈനില്‍ പൊലിസുകാരന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി
മനാമ: ബഹ്‌റൈനില്‍ പൊലിസുകാരന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഫസ്റ്റ് ലഫ്റ്റനന്റ് ഹിഷാം ഹസ്സന്‍ മുഹമ്മദ് അല്‍ ഹമാദിയാണ് കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ചത്. ഇവിടെ ബിലാദ് അല്‍ ഖദീമില്‍വച്ച് ഡ്യൂട്ടി സ്ഥലത്ത് വെച്ചായിരുന്നു അദ്ദേഹത്തിനു വെടിയേറ്റത്.
എങ്കിലും വെടിയേല്‍ക്കുമ്പോള്‍ അദ്ദേഹം ഡ്യൂട്ടിയില്‍ ആയിരുന്നില്ല. സംഭവം നടന്നയുടന്‍ പൊലീസ് സ്ഥലത്തെത്തി അടിയന്തിര നടപടികള്‍ സ്വീകരിച്ചിരുന്നു. ഉടനെ പബ്‌ളിക് പ്രോസിക്യൂഷന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിത അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
അതിനിടെ, ഇറാന്റെ പിന്തുണയുള്ള തീവ്രവാദ സംഘമായ അല്‍ അഷ്ത്താര്‍ ബ്രിഗേഡ്‌സ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
ജനുവരി 15ന് മൂന്ന് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കിയതിനെ പ്രതികാരമാണ് അക്രമത്തിനു കാരണമെന്നാണ് ഇവരുടെ വിശദീകരണം.
ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ്, ഇറാഖിലെയും ലെബനനിലെയും തീവ്രവാദ ഗ്രൂപ്പ് ആയ ഹിസ്ബുള്ള എന്നിവരില്‍ നിന്നും സഹായങ്ങള്‍ ലഭിച്ചിരുന്നതായും അല്‍ അഷ്ത്താര്‍ ബ്രിഗേഡ്‌സ് വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഭീകര വാദികളാണു സംഭവത്തിനു പിന്നിലെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയവും അറിയിച്ചിരുന്നു.
ധീര സൈനികന്റെ രക്തസാക്ഷിത്വത്തില്‍ ആഭ്യന്തര മന്ത്രാലയം അഗാധ ദുഃഖവും രേഖപ്പെടുത്തി.
സംഭവത്തില്‍ കുടുംബത്തിന്റെയും എല്ലാ ബഹ്‌റൈനികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി ആഭ്യന്തരമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."