കൊടിനിറം നോക്കിയാണോ നടപടിയെന്ന് ഹൈക്കോടതി
കൊച്ചി: വിദ്യാര്‍ഥി സമരങ്ങളെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ എന്തുകൊണ്ടാണ് പ്രതികളെ അറസ്റ്റു ചെയ്യാത്തതെന്നും കൊടിയുടെ നിറം നോക്കിയാണോ സമരക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതെന്നും സര്‍ക്കാരിനോട് ഹൈക്കോടതി.
സംസ്ഥാനത്ത് വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് അഞ്ച് മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സംസ്ഥാനത്തെ വിദ്യാര്‍ത്ഥി സമരങ്ങളെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളും അറസ്റ്റിലായവരുടെ വിവരങ്ങളും അറിയിക്കാന്‍ ഹൈക്കോടതി നേരത്തെ സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു.
ഇതനുസരിച്ച് ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി വി. വിലാസചന്ദ്രന്‍ നായര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെ.എം.സി.ടി പോളിടെക്‌നിക് കോളജിലെ അതിക്രമങ്ങളില്‍ കേസെടുത്തതല്ലാതെ അറസ്റ്റു ചെയ്തതിനെക്കുറിച്ച് വിശദീകരിച്ചിട്ടില്ല.
ഇതേപോലെ തിരുവനന്തപുരം ലോ അക്കാദമിയില്‍ 200 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേയും തിരിച്ചറിയാവുന്ന മറ്റുള്ളവര്‍ക്കെതിരേയും രണ്ടു കേസുകളെടുത്തെന്ന് പറഞ്ഞെങ്കിലും ആരെയും അറസ്റ്റ് ചെയ്തതായി വ്യക്തമാക്കിയിട്ടില്ല. തുടര്‍ന്നാണ് കൊടിയുടെ നിറം നോക്കിയാണോ നടപടിയെന്ന് ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചത്.
ഇക്കാര്യത്തില്‍ വേണ്ടിവന്നാല്‍ ആഭ്യന്തര സെക്രട്ടറിയെ വിളിച്ചു വരുത്താന്‍ മടിക്കില്ലെന്ന മുന്നറിയിപ്പും നല്‍കി. എന്നാല്‍ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും സമരമുഖത്തുണ്ടെന്നും അറസ്റ്റു സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ സമയം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച വിവരങ്ങളറിയിക്കാന്‍ നിര്‍ദേശിച്ചു.
അഞ്ചു കോളജുകളാണ് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും ഇവര്‍ക്ക് മതിയായ സംരക്ഷണം നല്‍കാന്‍ ഉന്നത പൊലിസ് ഓഫിസര്‍മാര്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
മറ്റക്കര ടോംസ് കോളജിലെ അക്രമസംഭവങ്ങളില്‍ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കെ.എം.സി.ടി പോളിടെക്‌നിക് കോളജില്‍ ഫീസ് തര്‍ക്കവുമായി ബന്ധപ്പെട്ട് 14 പേര്‍ക്കെതിരേ കേസെടുത്തതായും സത്യവാങ്മൂലത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."