യു.ഡി.എഫ് ചോദിച്ചു വാങ്ങിയ പരാജയം
അവസാന നിമിഷം വരെയും പ്രതീക്ഷയോടെ നിലകൊണ്ട യു.ഡി.എഫിന് കനത്ത പ്രഹരമായാണ് നിയമസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നത്. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ എല്‍.ഡി.എഫിന്റെ ശക്തമായ തിരിച്ചുവരവിനെ വിളിച്ചറിയിച്ചപ്പോഴും ഉമ്മന്‍ചാണ്ടി ഉള്‍പെടെയുള്ളവര്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് തന്നെ ആത്മാര്‍ഥമായി ഉറച്ചുവിശ്വസിക്കുകയായിരുന്നു. എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യഘട്ടത്തിലുണ്ടായ ഒപ്പത്തിനൊപ്പമെന്ന കണക്കുകള്‍ യു.ഡി.എഫിന്റെ ശുഭാപ്തി വിശ്വാസത്തെ സാധൂകരിക്കും വിധമായിരുന്നു. പാതിപിന്നിട്ടതോടെ എല്ലാം കീഴ്‌മേല്‍ മറിഞ്ഞ് ഏതാണ്ട് എക്‌സിറ്റ്‌പോളുകളുടെ വിധി നിര്‍ണയത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുകയായിരുന്നു.
കേരളത്തിനൊരു പതിവുരീതിയുണ്ടെന്നും ആ പാറ്റേണ്‍ തെറ്റാതെ തന്നെ മുന്നോട്ടുപോകുന്നുവെന്നും ഈ വിധി നിര്‍ണയത്തെയും വിലിയിരുത്തപ്പെടുമെങ്കിലും ഏറെ പാഠങ്ങളാണ് ഈ തെരഞ്ഞെടുപ്പു ഫലം യു.ഡി.എഫിന് നല്‍കിയിട്ടുള്ളത്. അതോടൊപ്പം ജനാധിപത്യ മതേതര കേരളത്തിന് ബി.ജെ.പി എന്ന വലിയൊരു ആശങ്കയും ഈ തെരഞ്ഞെടുപ്പു ഫലം നല്‍കിയിരിക്കുന്നു.
പതിവുപോലെ മുന്നണിയും പാര്‍ട്ടികളും ജയപരാജയങ്ങളുടെ കണക്കെടുപ്പിലാണ്. പരസ്പരം പഴിചാരിയും കുറ്റപ്പെടുത്തിയും അപ്രസക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും പരാജയത്തിന്റെ ജാള്യതയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്വന്തം പോരായ്മയും കുറവുകളും തിരിച്ചറിയാനോ കണ്ടെത്താനോ ഉള്ള ശ്രമങ്ങള്‍ നടത്തുന്നതിനു പകരം പരാജയത്തിന്റെ പാപഭാരം ആരുടെയെങ്കിലും തലയില്‍ കെട്ടിവെച്ച് രക്ഷപ്പെട്ടു കളയാമെന്ന ധാരണ പതിവു തെറ്റാതെ ഈ തെരഞ്ഞെടുപ്പിലും തുടരുന്നു.
സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാനാവാത്ത ജനവിധിയാണ് ഇടതുമുന്നണിക്ക് കേരള ജനത നല്‍കിയത്. പരമാവധി എണ്‍പത് സീറ്റ് പ്രതീക്ഷിച്ചവര്‍ക്ക് തൊണ്ണൂറ്റി മൂന്ന് സീറ്റ് ലഭിക്കുമ്പോഴുണ്ടാകുന്ന മാറ്റത്തെ തരംഗമെന്ന പദത്തില്‍ ഒതുക്കി ചെറുതാക്കേണ്ടതല്ല. കാരണം ഇതു കേരളമാണ്. സാക്ഷരതയിലും സാമൂഹ്യ സാംസ്‌കാരിക നിലപാടുകളിലും ഏറെ മുന്നില്‍ നില്‍ക്കുന്ന കേരള ജനതയുടെ ഏതുനീക്കവും കൃത്യമായ ധാരണയോടെയായരിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. പരിസര സംസ്ഥാനങ്ങളിലെ പോലെ ഏതെങ്കിലും സിനിമാ നടന്‍മാരുടെയോ നടികളുടെയോ അഭ്രപാളികളിലെ ചേഷ്ടകള്‍ക്കനുസരിച്ച് ജനാധിപത്യ സംവിധാനത്തിന് വിലയിടുന്നവരല്ല കേരളത്തിലെ വോട്ടര്‍മാര്‍.
ഐക്യജനാധിപത്യ മുന്നണിക്ക് ഇത്ര വലിയൊരു തിരിച്ചടി ഉണ്ടാകുമെന്ന് വോട്ടെടുപ്പ് കഴിഞ്ഞിട്ടുപോലും യു.ഡി.എഫിന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നത് ആ സംവിധാനത്തിന്റെ ദൗര്‍ബല്യം വ്യക്തമാക്കുന്നു.
16 ാം തിയ്യതി ആറുമണിയോടെ പോളിങ് പൂര്‍ത്തിയായി രണ്ടുദിവസത്തിലധികം സമയമുണ്ടായിട്ടും പാര്‍ട്ടി സംവിധാനത്തിലൂടെ കണക്കെടുക്കാനുള്ള ചെറിയൊരു ശ്രമം പോലും ഉണ്ടായില്ലെന്നു വേണം അനുമാനിക്കാന്‍. അല്ലെങ്കില്‍ പാര്‍ട്ടി തയ്യാറാക്കിയ കണക്കുകള്‍ യാഥാര്‍ഥ്യവുമായി ഒട്ടും ബന്ധമില്ലാത്തവയായിരുന്നു എന്നു വേണം കരുതാന്‍. പാര്‍ട്ടി സംവിധാനത്തിന്റെ ദൗര്‍ബല്യം ഒന്നുകൂടി വ്യക്തമാക്കുകയായിരുന്നു ഇതുവഴി.
കേരളത്തിന്റെ പതിവുചരിത്രത്തില്‍ നിന്ന് ഭിന്നമായി ഈ തെരഞ്ഞെടുപ്പിലെ പ്രധാന സവിശേഷത ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയുടെ കടന്നുവരവ് തന്നെയാണ്. കേന്ദ്രത്തില്‍ അധികാരം വാഴുന്ന പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണിയുടെ അരങ്ങേറ്റത്തെ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാന്‍ സി.പി.എമ്മിന് സാധിച്ചപ്പോള്‍ കോണ്‍ഗ്രസിനും മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ക്കും വമ്പിച്ച പരാജയമാണ് ഇക്കാര്യത്തില്‍ സംഭവിച്ചത്.
മോദിയുടെ ഫാസിസത്തിനെതിരേ ശക്തമായ നിലപാടെടുക്കാന്‍ നിരവധി അവസരങ്ങളുണ്ടായിട്ടും കോണ്‍ഗ്രസ് അവയെല്ലാം നഷ്ടപ്പെടുത്തുകയായിരുന്നു. ബാബരി മസ്ജിദ് വിഷയത്തില്‍ സംഭവിച്ച വീഴ്ചയെ പോലെ കേരളത്തിലെ യു.ഡി.എഫ് സംവിധാനത്തിന് ഇവിടെയും വീഴ്ച സംഭവിച്ചു. അവസാന നിമിഷം വരെയും യു.ഡി.എഫിലെ ഒരു പ്രബലകക്ഷിയായ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് മൂന്നാം മുന്നണിയില്‍ അംഗമാകാനിടയുണ്ടെന്ന തലത്തില്‍ ചര്‍ച്ചകളെത്തുകയും മുന്നണിക്ക് നേതൃത്വം നല്‍കുന്ന ഉമ്മന്‍ചാണ്ടിയുടെയും മാണിയുടെയും മതനേതൃത്വം ബി.ജെ.പിയുമായി ചില അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്താന്‍ തയ്യാറാവുകയും ചെയ്തത് ഇതിനോട് കൂട്ടിച്ചേര്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പു ഫലത്തിലെ ചിത്രം കൂടുതല്‍ വ്യക്തമാവുകയാണ്. ന്യൂനപക്ഷങ്ങളെന്ന നിലക്ക് മുസ്്്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കഴിഞ്ഞ കാലങ്ങളിലുണ്ടായിരുന്ന ഒരുമ തകര്‍ക്കാന്‍ ബി.ജെ.പി നടത്തിയ ചില കരുനീക്കങ്ങളെ തിരിച്ചറിയാന്‍ കഴിയാതെ പോയതും ഈ അവിശുദ്ധ ബന്ധത്തിന്റെ ഭാഗമായി വേണം കാണാന്‍.
ഭരണനിര്‍വഹണ മേഖലയിലെ ഉയര്‍ന്നതലത്തിലുള്ള ഉദ്യോഗസ്ഥര്‍ ചില പ്രത്യേക ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് നടത്തിയ കരുനീക്കങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് മുസ്്‌ലിം സമുദായത്തിനിടയിലുണ്ടാക്കിയ അവമതിപ്പ് വളരെ വലുതാണ്. അന്താരാഷ്ട്ര അറബിക് സര്‍വകലാശാല ഇതിന് മികച്ച ഉദാഹരമാണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി ഗവണ്‍മെന്റിലെ പാലോളി സമിതി ശുപാര്‍ശ ചെയ്തതും യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുമായ അന്താരാഷ്ട്ര അറബിക് സര്‍വകലാശാല അനുവദിക്കാന്‍ യു.ഡി.എഫ് ആരെയാണ് ഭയപ്പെട്ടതെന്ന് വ്യക്തമാക്കേണ്ടതാണ്.
കേരളത്തിന്റെ സാമ്പത്തിക മേഖലയിലെ നിര്‍ണായക ശക്തിയായ ഗള്‍ഫിന്റെ ഭാഷയ്ക്ക് ഒരു സര്‍വകലാശാല വേണമെന്ന കേരളത്തിന്റെ പൊതുവായ ആവശ്യത്തെ മുസ്്്‌ലിം സമുദായവുമായി ബന്ധപ്പെട്ട ഭാഷയായിപ്പോയി എന്നതിന്റെ പേരില്‍ നിരാകരിക്കപ്പെട്ടുവെങ്കില്‍ ഇത്തരം നന്ദികേടുകള്‍ തന്നെയാണ് യു.ഡി.എഫിന്റെ പരാജയത്തിന് നിമിത്തമായത്. സംസ്‌കൃതഭാഷ ഉപയോഗിക്കുന്നവര്‍ ഒരു ശതമാനം പോലും ഇല്ലാത്ത നാട്ടില്‍ ആ ഭാഷക്ക് വേണ്ടി സര്‍വകലാശാല അനുവദിക്കപ്പെട്ടപ്പോള്‍ അറബിക് സര്‍വകലാശാലയുടെ ഫയലില്‍ ഉമ്മന്‍ചാണ്ടിയുടെയും മാണിയുടെയും കീഴിലെ ഉദ്യോഗസ്ഥന്മാരായ ജിജി തോംസണും അബ്രഹാമും എഴുതിയ നോട്ട് എന്തായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടയും യു.ഡി.എഫ് നേതൃത്വവും ഒരാവര്‍ത്തി വായിച്ചാല്‍ പരാജയത്തിന്റെ കാരണം മനസ്സിലാവും.
അറബിക് കോളജുകള്‍ക്ക് യു.ജി.സി നല്‍കുന്നതില്‍ ധനകാര്യ വകുപ്പ് ഉണ്ടാക്കിയ ഉടക്കുകള്‍ മറികടക്കാന്‍ ഏറെ സാഹസപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതേ കോളജുകള്‍ക്ക് പുതിയ കോഴ്‌സ് അനുവദിക്കുന്ന വിഷയത്തിലെ നിലപാടും ഇതുതന്നെയായിരുന്നു. ഏരിയ ഇന്റന്‍സീവ് പ്രോഗ്രാം (എ.ഐ.പി) പ്രകാരമുള്ള 51 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് സംബന്ധിച്ചുണ്ടായ പുകില് മറക്കാറായിട്ടില്ല. എന്നാല്‍ സാമ്പത്തിക പ്രശ്‌നം പറഞ്ഞ് ഇവക്കെല്ലാം തടസവാദങ്ങളുന്നയിച്ച അതേ ധനകാര്യവകുപ്പ് പലതവണയായി സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കിയതിന്റെ മാനദണ്ഡവും നീതിയും സ്‌കൂളുകളുടെ ലിസ്റ്റ് പരിശോധിക്കുമ്പോള്‍ ഏതൊരാള്‍ക്കും മനസിലാക്കാന്‍ കഴിയും.
അന്നവും വിദ്യാഭ്യാസവും തേടി അന്യസംസ്ഥാനങ്ങളില്‍ നിന്ന് യതീംഖാനകളിലേക്ക് വന്ന നിര്‍ധനരും നിരാലംബരും അനാഥകളുമായ പിഞ്ചുപൈതങ്ങളെ പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് പിടികൂടിയത് മുതല്‍ ജെ.ജെ ആക്ട് എന്ന പുതിയ നിയമം കൊണ്ടുവന്നത് വരെയുള്ള നടപടികളിലെ സര്‍ക്കാര്‍ സംവിധാനം ശരിയായ ദിശയിലാണോ നീങ്ങിയതെന്ന് ഒരു പുന:പരിശോധനക്ക് അവസരമൊരുക്കാന്‍ തെരഞ്ഞെടുപ്പു ഫലം വഴിയൊരുക്കിയിരിക്കുകയാണ്. ബാലനീതി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിനപ്പുറത്തുള്ള വ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്തതിന്റെ ന്യായം എന്താണെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. ഇതിനൊക്കെ കാരണക്കാരായി ഉദ്യോഗസ്ഥ ലോബിയെ പഴിചാരുമ്പോള്‍ മലര്‍ന്നു കിടന്നു തുപ്പുകയാണെന്ന് യാഥാര്‍ത്ഥ്യം വിസ്മരിക്കുകയാണ്.
ഇത്തരം നിരവധി പ്രശ്‌നങ്ങളുണ്ടായപ്പോഴും അവയെ ഗൗരവപൂര്‍വ്വം കാണേണ്ടതിനു പകരം നിസ്സംഗസമീപനം സ്വീകരിച്ചുവെന്നത് മുസ്്്‌ലിം ന്യൂനപക്ഷ മനസുകളിലുണ്ടാക്കിയ നൊമ്പരമാണ് വിധിയെ സ്വാധീനിച്ച പ്രധാനഘടകം. ഫാസിസത്തോടുള്ള മൃദുല സമീപനവും മുസ്്്‌ലിം ജനവിഭാഗത്തിനെ അവഗണിച്ചതും തിരിച്ചടിക്ക് കാരണങ്ങളാവുകയായിരുന്നു.
കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ രണ്ടാം കക്ഷിയായ മുസ്്‌ലിംലീഗ് കാര്യമായ പരുക്കേറ്റില്ലെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ചില ആപത്‌സൂചനകള്‍ മുസ്്‌ലിംലീഗിന് ഈ തെരഞ്ഞെടുപ്പു ഫലം നല്‍കുന്നുണ്ട്. ക്ഷാമത്തിലും ക്ഷേമത്തിലും കൂടെ നിന്നവരെ അവഗണിച്ച് പറക്കുന്നതിനെ പിടിക്കാന്‍ പോയാലുണ്ടാകുന്ന തിക്തഫലം കൃത്യമായി ഈ തെരഞ്ഞെടുപ്പിലൂടെ ബോധ്യപ്പെട്ടിരിക്കുകയാണ്.
രാഷ്ട്രീയ തട്ടകത്തില്‍ കയറി ഓരോ തെരഞ്ഞെടുപ്പുകളിലും കൂടുതല്‍ അപഹാസ്യനായിക്കൊണ്ടിരിക്കുന്ന കാന്തപുരം അബൂബക്കര്‍ മുസ്്‌ലിയാരുമായുണ്ടാക്കുന്ന അവിശുദ്ധ ബന്ധം ഒരിക്കലും ശുഭപര്യവസായിയാവില്ലെന്ന സന്ദേശം കൂടി തെരഞ്ഞെടുപ്പു ഫലം കൈമാറിയിരിക്കുന്നു. ആരാന്റെ വോട്ടുബാങ്കിന്റെ പേരില്‍ അവകാശവാദമുന്നയിക്കുന്ന കാന്തപുരത്തിന്റെ സ്ഥിരം പല്ലവി മണ്ണാര്‍ക്കാടിലൂടെ തകര്‍ത്തെറിയപ്പെട്ടിരിക്കുന്നു. പഠിക്കാനും ചിന്തിക്കാനും ഏറെ പാഠങ്ങള്‍ കൈമാറിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."