മോദിസര്‍ക്കാരിന്റെ മൂന്നാം വര്‍ഷം
കടല്‍ക്കൊലക്കേസിലെ ഇറ്റാലിയന്‍ രണ്ടാം പ്രതി സാല്‍വതോര്‍ ജിറോണിന് ഇറ്റലിയിലേക്ക് മടങ്ങാനുള്ള കുറുക്കുവഴി തുറന്നുകൊടുത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. പ്രതിയെ ഇറ്റലിയിലേക്കയക്കുന്നതില്‍ വിരോധമില്ലെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നരസിംഹം സുപ്രിംകോടതിയില്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് സാല്‍വതോര്‍ ജിറോണിന് തിരിച്ചുപോകാനുള്ള അനുമതി ലഭിച്ചത്.
നയങ്ങളുടെയും പരിപാടികളുടെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കേണ്ടതിന്റെയും പകരമായി വ്യക്തിഹത്യ നടത്തിയുള്ള രാഷ്ട്രീയ പകപോക്കല്‍ പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. സാല്‍വതോര്‍ ജിറോണിന് ഇറ്റലിയിലേക്ക് പോകാന്‍ കഴിഞ്ഞിരിക്കുന്നത് ഒരു ഉപജാപ രാഷ്ട്രീയത്തിന്റെ പിന്നാമ്പുറ ഗൂഢാലോചനയുടെ ഫലമാണെന്ന് പറയപ്പെടുന്നു.
അഗസ്റ്റ വെസ്റ്റലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ അഴിമതിയുണ്ടെന്നും അതില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്നും ബി.ജെ.പി എം.പി സുബ്രഹ്്മണ്യസ്വാമി രാജ്യസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിന് ഉപോല്‍ബലമായ തെളിവ് ഹാജരാക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വാമിയെ വെല്ലുവിളിച്ചെങ്കിലും സ്വാമിക്ക് അതിനു കഴിഞ്ഞില്ല. ബി.ജെ.പി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് സുബ്രഹ്്മണ്യം സ്വാമി രാജ്യസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നതെങ്കിലും കുറ്റക്കാരിയാണെങ്കില്‍ അറസ്റ്റുചെയ്യാന്‍ സോണിയാഗാന്ധി വെല്ലുവിളിച്ചതോടെ എന്‍.ഡി.എ സര്‍ക്കാര്‍ മൗനത്തിലാണ്ടു.
അഗസ്റ്റവെസ്റ്റ്‌ലാന്റ് കോപ്റ്റര്‍ അഴിമതിയില്‍ സോണിയാഗാന്ധിക്ക് പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കണമെന്ന് ഇറ്റാലിയന്‍ സര്‍ക്കാരിനോട് നരേന്ദ്രമോദി ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ രാഷ്ട്രീയം പകപോക്കലിനുള്ള ഉപകരണമാക്കുകയാണിവിടെ. മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ രണ്ടാം പ്രതിയായ സാല്‍വകോര്‍ ജിറോണിന് ഇറ്റലിയിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ സഹായം ചെയ്തുകൊടുത്തത് ഇതിനു പകരമായിട്ടാണെന്ന വാര്‍ത്ത നിഷേധിക്കാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല. മൂന്നാംവര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിന്റെ സമ്മാനമാണ് ഈ കൈമാറ്റം.
ഇറ്റാലിയന്‍ നാവികര്‍ നമ്മുടെ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്നു. ''സോണിയാഗാന്ധി രാജ്യസ്‌നേഹിയാണെങ്കില്‍ അവരെ ഏതു തടവറയിലാണ് അടച്ചതെന്നു പറയൂ.'' രണ്ടുപേരെയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നതില്‍ കവിഞ്ഞൊന്നും സ്വീകാര്യമല്ലെന്ന് സോണിയാഗാന്ധിയുടെ ഇറ്റാലിയന്‍ ബന്ധം ആരോപിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ട്വീറ്റുകളാണിത്. അതേ നരേന്ദ്രമോദി ഈ കൊലക്കേസില്‍ രണ്ടാം പ്രതിയെ കടല്‍ കടക്കാന്‍ സഹായം നല്‍കിയിരിക്കുന്നു. ഈ സര്‍ക്കാരാണ് മൂന്നാം വര്‍ഷവും ഇന്ത്യയെ ഭരിക്കാനൊരുങ്ങുന്നത്. ഇന്ത്യയുടെ സ്ഥായീഭാവമായിരുന്ന മതേതര ജനാധിപത്യത്തിന്റെയും സാഹോദര്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും അടിവേരുകള്‍ അറുക്കുകയായിരുന്നു , ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതിനു പകരം കഴിഞ്ഞ രണ്ടുവര്‍ഷം സര്‍ക്കാര്‍. ഇതിലപ്പുറം എന്തു നന്മയാണ് ഈ സര്‍ക്കാര്‍ ഇന്ത്യന്‍ ജനതയ്ക്ക് നല്‍കിയത്? ശുചിത്വ ഭാരതത്തിനായി വിദ്യാബാലന്‍ ഈച്ചകളോട് സംസാരിക്കുന്നതും മന്‍ കി ബാത്തുമാണോ രാജ്യത്തെ ജനങ്ങള്‍ ഭരണകൂടത്തില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്?
നമ്മുടെ രാജ്യത്തെ മതാധിഷ്ഠിത ഏകശിലാഖണ്ഡ ഘടനയോടുള്ള ഫാസിസ്റ്റ് രാഷ്ട്രമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഫാസിസം താത്ക്കാലികമായി വിജയം നേടിയേക്കാം. പക്ഷേ, അന്തിമവിജയം ജനാധിപത്യത്തിന് തന്നെയായിരിക്കും. ഫാസിസം താത്ക്കാലികമായുണ്ടാകുന്ന ഒരു പ്രതിഭാസം മാത്രമാണെന്നതിന് ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ചരിത്രം സാക്ഷിയാണ്.
മതേതര ജനാധിപത്യത്തിന്റെ, ബഹുസ്വരതയുടെ സ്തംഭങ്ങളായ ജവഹര്‍ലാല്‍ നെഹ്്‌റു യൂനിവേഴ്‌സിറ്റിയെയും ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയെയും തകര്‍ക്കാനുള്ള ഫാസിസ്റ്റ് ശ്രമത്തെ യുവത ചെറുത്തുതോല്‍പ്പിച്ചുവെന്നതു പ്രതീക്ഷാ നിര്‍ഭരവും ഫാസിസം ഇന്ത്യയില്‍ വേരുപിടിക്കുകയില്ല എന്നതിന്റെയും പ്രത്യക്ഷോദാഹരണമാണ്.
അലിഗഡ് യൂനിവേഴ്‌സിറ്റിയും ചെറുത്തുനില്‍പ്പിന്റെ പാതയിലാണ്. അച്ഛാദിനും കള്ളപ്പണക്കാരെ തിരികെ കൊണ്ടുവരലുമൊക്കെ മായാജാല പ്രകടനങ്ങളായിരുന്നു. ബീഫ് തിന്നതിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടന്ന ഒരു രാജ്യമാണിന്ന് ഇന്ത്യ. ഇതിനെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കാതിരിക്കുകയും കേരളത്തെ സോമാലിയയോട് ഉപമിക്കുകയും ചെയ്തതില്‍ നിന്നു തന്നെ സംഘ്പരിവാര്‍ അജണ്ട വ്യക്തമാണ്.
ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഉത്തരാഖണ്ഡ് സര്‍ക്കാരിനെയും അരുണാചല്‍ സര്‍ക്കാരിനെയും അട്ടിമറിക്കാന്‍ സര്‍ക്കാരിന് യാതൊരു മടിയുമുണ്ടായില്ല. ജനാധിപത്യബോധത്തിന്റെ കടയ്ക്കലാണ് കത്തിവച്ചത്. മതവികാരം ആളിക്കത്തിച്ച് ഒരു സര്‍ക്കാരിന് എത്രകാലം ജനങ്ങളെ വഞ്ചിക്കാന്‍ കഴിയും? വിശക്കുന്നവന്റെ മുന്നില്‍ ക്ഷേത്രം പണിയട്ടെയെന്ന് എത്രനാള്‍ പറയും?
ന്യൂനപക്ഷ മന്ത്രാലയത്തിന്റെയും പ്രവാസി മന്ത്രാലയത്തിന്റെയും പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നതില്‍ കവിഞ്ഞ് അവശവിഭാഗത്തിനായി എന്തെങ്കിലും പുതുതായി ആരംഭിക്കുക എന്നത് സര്‍ക്കാരിന്റെ അജണ്ടയിലുണ്ടോ? വരാനിരിക്കുന്ന വര്‍ഷവും ഭീതിനിറച്ചു അസഹിഷ്ണുതാ മുദ്രാവാക്യങ്ങളുമായി മുന്നേറാനാണ് സര്‍ക്കാരിന്റെ ഭാവമെങ്കില്‍ എന്‍ഡി.എ സര്‍ക്കാരിന്റെയും ആദ്യത്തെയും അവസാനത്തെയും ഭരണമായിത്തീരും ഇത്. എല്ലാവിഭാഗം ജനങ്ങളുടെയും വിശ്വാസവും ആദരവും നേടിയെടുക്കാത്ത, എല്ലാവര്‍ക്കും ക്ഷേമ ഐശ്വര്യങ്ങള്‍ നല്‍കാന്‍ കഴിയാത്ത ഒരു സര്‍ക്കാര്‍ ഏറെക്കാലം നീണ്ടുനിന്നതായി ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."