ത്രില്ലര്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിന് വിജയം
ഓക്ക്‌ലന്‍ഡ്: ത്രില്ലര്‍ പോരാട്ടത്തില്‍ ആസ്‌ത്രേലിയയെ ആറു റണ്‍സിനു കീഴടക്കി ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അവിസ്മരണീയ വിജയം സ്വന്തമാക്കി. ഒറ്റയാനായി പന്തു കൊണ്ടും ബാറ്റു കൊണ്ടും മാര്‍ക്കസ് സ്റ്റോയിനിസ് നടത്തിയ ഓള്‍റൗണ്ട് പോരാട്ടത്തിനും ഓസീസിനെ രക്ഷിക്കാന്‍ കഴിയാതെ പോയി. ഏകദിന ക്രിക്കറ്റിന്റെ നാടകീയതയും ആവേശവും ആവോളം കണ്ട പോരാട്ടമാണ് ഓക്ക്‌ലന്‍ഡില്‍ അരങ്ങേറിയത്. ആദ്യം ബാറ്റു ചെയ്ത കിവികള്‍ നിശ്ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തപ്പോള്‍ ഓസീസിന്റെ ചെറുത്തുനില്‍പ്പ് 47 ഓവറില്‍ 280 റണ്‍സില്‍ അവസാനിച്ചു.
വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് ഒരു ഘട്ടത്തില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. എന്നാല്‍ ഏഴാമനായി ക്രീസിലെത്തിയ ഓള്‍റൗണ്ടര്‍ സ്റ്റോയിനിസിന്റെ അപരാജിത കന്നി സെഞ്ച്വറി പ്രകടനം ഒരുവേള ഓസീസിനെ വിജയിപ്പിക്കുമെന്ന തോന്നലുണര്‍ത്തി. 117 പന്തില്‍ 146 റണ്‍സ് നേടിയ സ്റ്റോയിനിസ് ഓസീസ് പതനം പൂര്‍ത്തിയാകുമ്പോഴും ക്രീസിന്റെ ഒരറ്റത്ത് നില്‍പ്പുണ്ടായിരുന്നു. 11 സിക്‌സറുകളും ഒന്‍പതും ഫോറും പറത്തി അവിശ്വസനീയ ഇന്നിങ്‌സാണ് രണ്ടാം ഏകദിനം മാത്രം കളിക്കുന്ന താരം പുറത്തെടുത്തത്. പതിനൊന്നാമന്‍ ജോഷ് ഹേസ്‌ലെവുഡിനെ സ്‌ട്രൈക്കില്‍ നിന്നൊഴിവാക്കാന്‍ സ്റ്റോയിനിസ് സിംഗിളിനു ശ്രമിച്ചതാണ് അവസാന വിക്കറ്റ് നഷ്ടപ്പെടാന്‍ കാരണമായത്. ഹാസെലെവുഡ് റണ്ണൗട്ടായി. കരിയറില്‍ 35ാം മത്സരം കളിച്ച ഹേസ്‌ലെവുഡ് ഏകദിനത്തില്‍ ആദ്യമായാണ് പുറത്താകുന്നത്. വാലറ്റത്ത് കമ്മിങ്‌സ് (36), ഫോക്‌നര്‍ (25) എന്നിവര്‍ മാത്രമാണ് സ്റ്റോയിനിസിനെ പിന്തുണച്ചത്. തോല്‍വിയിലും സ്റ്റോയിനിസാണു മാന്‍ ഓഫ് ദ മാച്ച്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിവീസ് നീല്‍ ബ്രൂം (73), മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (61) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ മികവിലാണ് മികച്ച സ്‌കോര്‍ നേടിയത്. 45 പന്തില്‍ 48 റണ്‍സ് നേടിയ ജയിംസ് നീഷവും ബാറ്റിങില്‍ തിളങ്ങി. പന്തെറിഞ്ഞപ്പോള്‍ മൂന്നു വിക്കറ്റ് വീഴ്ത്തി സ്റ്റോയിനിസ് മികവ് പുലര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."