ജോലിയില്‍നിന്നു പിരിഞ്ഞ തൊഴിലാളികള്‍ക്ക് പതിറ്റാണ്ടു കഴിഞ്ഞിട്ടും ആനുകൂല്യമില്ല
കാട്ടിക്കുളം: ജോലിയില്‍നിന്നു പിരിഞ്ഞ തൊഴിലാളികള്‍ക്ക് പതിറ്റാണ്ടു കഴിഞ്ഞിട്ടും ആനുകൂല്യമില്ല. ആലത്തൂര്‍ എസ്റ്റേറ്റില്‍ നിന്നും 2000നും 2006നും ഇടയില്‍ പിരിഞ്ഞ 12 സ്ത്രീ തൊഴിലാളികളാണ് ആനുകൂല്യനിഷേധം നേരിടുന്നത്.
അനൂകൂല്യം ലഭ്യമാക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവും തോട്ടം മാനേജ്‌മെന്റ് കാറ്റില്‍ പറത്തി. ഏകദേശം അഞ്ച് ലക്ഷം രൂപയാണ് ഇത്രയും തൊഴിലാളികള്‍ക്ക് കിട്ടാനുള്ളത്. തൊഴിലാളികളില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരാള്‍ മരിച്ചു. ജീവിത സായാഹ്നത്തിലാണ് മറ്റുള്ളവര്‍.
ആനുകൂല്യം ലഭിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫിസറെയാണ് തൊഴിലാളികള്‍ ആദ്യം സമീപിച്ചത്. അഞ്ച് വര്‍ഷം ഓഫിസ് കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. പിന്നീട് കോഴിക്കോട് ഡപ്യൂട്ടി ലേബര്‍ കമ്മിഷണറുടെ കാര്യാലയവുമായി നാല് വര്‍ഷത്തോളം ബന്ധപ്പെട്ടതും വെറുതെയായി.
തോട്ടം മാനേജ്‌മെന്റ് പ്രതിനിധിയെ വിളിപ്പിക്കാന്‍ പോലും ഡപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ തയാറായില്ല. ഗതികെട്ടപ്പോഴാണ് മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കിയത്. തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിനു അടിയന്തര നടപടി സ്വീകരിക്കമെന്ന് കമ്മിഷന്‍ കഴിഞ്ഞ ജൂണ്‍ 13ലെ ഉത്തരവിട്ടതാണ്. ഇത് പ്രാവര്‍ത്തികമാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ഇന്നോളം തയാറായിട്ടില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. 1972ലെ ഗ്രാറ്റുവിറ്റി ഫണ്ട് ആക്ട് പ്രകാരം അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള ലേബര്‍ ഡപ്യൂട്ടി കമ്മിഷണര്‍ തൊഴിലാളികളുടെ അവകാശം നിഷേധിച്ച് തോട്ടം മാനേജ്‌മെന്റിനു ഒത്താശ ചെയ്യുന്നുവെന്ന ആരോപണം തൊഴിലാളികള്‍ ഉന്നയിക്കുന്നുണ്ട്.
കൊടിയ ദുരിതത്തിലാണ് തൊഴിലാളികള്‍. രോഗംമൂലം വലതുകാലിലെ തന്തവിരല്‍ മുറിച്ചുമാറ്റേണ്ടിവന്ന ഓമനയെന്ന 68കാരി ചികിത്സക്കുപോലും നിവൃത്തിയില്ലാതെ ക്ലേശിക്കുകയാണ്. പ്രാണന്‍ പോകുംമുന്‍പ് അവകാശം ലഭിക്കാന്‍ ആരെ സമീപിക്കണമെന്നാണ് ഇവര്‍ ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."