ഏറ്റുമാനൂരില്‍ നാലുനിലകളിലായി പാര്‍ക്കിങ് പ്ലാസ നിര്‍മിക്കുന്നു
ഏറ്റുമാനൂര്‍: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ആശ്വാസമേകുക ലക്ഷ്യമിട്ടു നഗരമധ്യത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പാര്‍ക്കിങ് പ്ലാസ നിര്‍മിക്കാന്‍ ഇന്നലെ ചേര്‍ന്ന നഗരസഭാ യോഗത്തില്‍ തീരുമാനിച്ചു. നഗരസഭാ കാര്യാലയത്തിനും സ്വകാര്യ ബസ് സ്റ്റാന്‍ഡിനും സമീപമുള്ള ചിറക്കുളത്തിനു ചുറ്റുമായി നാലുനിലകളില്‍ നിര്‍മിക്കുന്ന പാര്‍ക്കിങ് കേന്ദ്രത്തിനായി മൂന്നുകോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്.
താഴത്തെ നില ഉള്‍പ്പെടെ 3,000 ചതുരശ്ര അടി വിസ്തൃതിയില്‍ ഒരേസമയം 280 കാറുകള്‍ക്കും 120 ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാവുന്ന രീതിയിലാണു കേന്ദ്രം രൂപകല്‍പന ചെയ്തിരിക്കുന്നത്. ചിറക്കുളത്തിന്റെ മുഖം നഷ്ടപ്പെടാതെയും ജലം മലിനമാകാതെയും സംരക്ഷിച്ചുകൊണ്ടായിരിക്കും പാര്‍ക്കിങ് കേന്ദ്രത്തിന്റെ നിര്‍മാണം. നഗരവകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ പ്ലാനും എസ്റ്റിമേറ്റും തയാറായി. ഇതുസംബന്ധിച്ചു നഗരസഭ പാസാക്കിയ പ്രമേയം അനുമതിക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ചുകൊടുക്കും.
മത്സ്യമാര്‍ക്കറ്റ് ലേലം നഗരസഭ വീണ്ടും മാറ്റിവച്ചു. ഇതു രണ്ടാം തവണയാണ് മാര്‍ക്കറ്റിലെ ചില്ലറ-മൊത്ത വിതരണ കേന്ദ്രത്തിന്റെയും ഉണക്കമാന്‍ വ്യാപാരകേന്ദ്രത്തിന്റെയും ലേലം മാറ്റിവയ്ക്കുന്നത്. പൊതുലേലനയം കൊണ്ടുവന്ന ശേഷം മാത്രം ലേലം നടത്തിയാല്‍ മതിയെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. നഗരസഭക്കു കീഴില്‍ മുട്ടക്കോഴി വിതരണം ഇനിയും പൂര്‍ത്തിയായില്ല. ആവശ്യത്തിനു പണമുണ്ടെങ്കിലും കോഴിയുടെ ലഭ്യത കുറഞ്ഞതാണു കാരണം. സര്‍ക്കാരിന്റെ ഉടമസ്ഥതയിലോ സര്‍ക്കാരിന്റെ ഗ്രാന്റുള്ളതോ ആയ ഫാമുകളില്‍നിന്നു മാത്രമേ കോഴികളെ വാങ്ങാന്‍ അനുവാദമുള്ളൂ. എന്നാല്‍ ആവശ്യത്തിനു കോഴി ഇവിടെ ലഭ്യമാകാതെ വന്നതോടെ വിതരണം മൂന്നുമാസത്തിനുള്ളിലേ പൂര്‍ത്തിയാക്കാനാകൂവെന്നും കൗണ്‍സിലില്‍ അറിയിച്ചു. വനിതാ കാറ്റഗറിയില്‍ 210 പേര്‍ക്കും ജനറല്‍ കാറ്റഗറിയില്‍ അപേക്ഷിച്ച മുഴുവന്‍ ആളുകള്‍ക്കും കോഴി വിതരണം ചെയ്യാനുണ്ട്.
ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിലിന്റെ അധ്യക്ഷതയില്‍ വൈസ് ചെയര്‍പേഴ്‌സന്‍ റോസമ്മ സിബി, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ടി.പി മോഹന്‍ദാസ്, പി.എസ് വിനോദ്, ആര്‍. ഗണേശ്, സൂസന്‍ തോമസ്, വിജി ഫ്രാന്‍സിസ്, സെക്രട്ടറി എസ്. ഷറഫുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."