അറസ്റ്റിലായ പൊലിസുകാര്‍ക്കെതിരേ ശക്തമായ തെളിവുകള്‍
തൊടുപുഴ: മുഖ്യമന്ത്രിയുടെ ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളെന്ന വ്യാജേന കഞ്ചാവുകേസിലെ പ്രതിയില്‍നിന്നു പണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ മൂന്ന് പൊലിസുകാര്‍ക്കെതിരേ ശക്തമായ തെളിവുകള്‍. പ്രതികളായ പൊലിസുകാരെ ഞായറാഴ്ച ഇടുക്കി ജില്ലയിലെ വിവിധ പൊലിസ് സ്‌റ്റേഷനുകളിലും വീടുകളിലും എത്തിച്ചു തെളിവെടുത്തിരുന്നു.
കുളമാവ് പൊലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ തൊടുപുഴ കുമ്മംകല്ല് മാളിയേക്കല്‍ നൂര്‍ സമീര്‍ (45), സിവില്‍ പൊലിസ് ഓഫിസര്‍മാരായ തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി മുജീബ് റഹ്മാന്‍(29), കണ്ണൂര്‍ സ്വദേശി സുനീഷ്‌കുമാര്‍(31) എന്നിവര്‍ കഞ്ചാവുകേസില്‍ ജാമ്യത്തിലിറങ്ങിയ കൊടുവായൂര്‍ സ്വദേശി രാജേഷിനെ വീണ്ടും കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി 98,000 രൂപ തട്ടിയെടുത്തെന്നാണു കേസ്. നിരവധി കഞ്ചാവ്, ക്രിമിനല്‍ കേസുകളിലെ പ്രതി പെരുമ്പിള്ളിച്ചിറ സ്വദേശി റിസ്‌വാനാണ് ഇതിന് എല്ലാ സഹായങ്ങളും പൊലിസുകാര്‍ക്ക് ചെയ്തുകൊടുത്തത്. പൊലിസുകാരുടെ വരുമാന സ്രോതസുകളും അന്വേഷിക്കുന്നുണ്ട്. തൊടുപുഴയില്‍ വന്‍തുക മുടക്കി ഹെല്‍ത്ത് ക്ലബ് തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു മൂവര്‍സംഘം.
കഞ്ചാവുകേസിലെ പ്രതിയില്‍നിന്ന് പൊലിസുകാര്‍ തട്ടിയെടുത്തെന്നു പറയുന്ന പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതു കേസിനു തടസമാവില്ല. എന്നാല്‍, ശക്തമായ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളുമുണ്ട്. പൊലിസുകാരുടെ ഫോണ്‍കോളുകളടക്കം പരിശോധിച്ച് ആവശ്യമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. അറസ്റ്റിലായ പൊലിസുകാര്‍ക്ക് പാലക്കാട് ജില്ലയില്‍ മേലുദ്യോഗസ്ഥര്‍ ഒരു ഡ്യൂട്ടിയും നല്‍കിയിരുന്നില്ല. ഒരു നിര്‍ദേശത്തിന്റെയോ ഉത്തരവിന്റെയോ അടിസ്ഥാനത്തിലല്ല പൊലിസുകാര്‍ റിസ്‌വാനോടൊപ്പം പാലക്കാട്ട് എത്തിയത്. ഒരു കേസില്‍ പാലക്കാട് സ്‌റ്റേഷനില്‍ ഒപ്പിടാന്‍ ചെന്ന റിസ്‌വാനോടൊപ്പം ഇവര്‍ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
രാജേഷിന്റെ വീട്ടുകാര്‍ സ്വര്‍ണം പണയംവച്ചാണ് പൊലിസുകാര്‍ക്ക് 98,000 രൂപ നല്‍കിയതെന്നു പറഞ്ഞിരുന്നു. പണയംവച്ച സ്ഥാപനത്തില്‍ പരിശോധന നടത്തി രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. രാജേഷിന്റെ വീട്ടുകാരും ബന്ധുക്കളുമെല്ലാം സംഭവം സാധൂകരിച്ചു മൊഴിയും നല്‍കി. ഏതെങ്കിലുമൊരു കേസന്വേഷണവുമായി പോകുന്ന ഉദ്യോഗസ്ഥര്‍ മൂവ് രജിസ്റ്ററില്‍ അതു രേഖപ്പെടുത്തണമെന്നുണ്ട്. അതൊന്നുമില്ലാതെയായിരുന്നു മൂവര്‍ സംഘത്തിന്റെ ഓപറേഷന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."