ആധാര്‍: ശരിയെന്നു തെളിയുന്ന ആശങ്കകള്‍
ജനങ്ങളുടെ അതീവ സ്വകാര്യ വിവരങ്ങളിലേക്ക് ഒളിഞ്ഞുനോക്കുന്നത് ഭരണകൂടം തന്നെയായാലും അതു മനുഷ്യത്വവിരുദ്ധമാണ്. രാഷ്ട്രസുരക്ഷയുമായോ ഗുരുതരമായ കുറ്റകൃത്യങ്ങളുമായോ ബന്ധപ്പെട്ടല്ലാതെ ഭരണകൂടം പൗരരുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്കോ സാമാന്യ മര്യാദയ്‌ക്കോ നിരക്കാത്ത കാര്യവുമാണ്. അതു ബന്ധപ്പെട്ട വ്യക്തികള്‍ അറിയാതെ മറ്റുള്ളവര്‍ക്കു ചോര്‍ത്താന്‍ അവസരമൊരുക്കിക്കൊടുക്കുന്നതാകട്ടെ കൊടുംപാതകവും. കടുത്ത വിമര്‍ശനങ്ങള്‍ അവഗണിച്ചുകൊണ്ട് വാശിപിടിച്ചു നടപ്പാക്കിയ ആധാറിലൂടെ കേന്ദ്രസര്‍ക്കാര്‍ അറിഞ്ഞോ അറിയാതെയോ ആ പാതകമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
ആധാറിനു വേണ്ടി ശേഖരിച്ച വ്യക്തിവിവരങ്ങള്‍ വെറും 500 രൂപ ചെലവഴിച്ചാല്‍ ആര്‍ക്കു വേണമെങ്കിലും ചോര്‍ത്താമെന്നും അങ്ങനെ നിരവധി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞദിവസം പുറത്തുവന്ന വാര്‍ത്ത നടുക്കമുളവാക്കുന്നതും വ്യക്തികളോടൊപ്പം രാഷ്ട്രത്തിന്റെ തന്നെ സുരക്ഷിതത്വത്തില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതുമാണ്. പഞ്ചാബിലെ ജലന്തര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അജ്ഞാത വാട്‌സാ പ്പ് സംഘം വഴിയാണത്രെ വിവരങ്ങള്‍ ചോരുന്നത്. ആറു മാസമായി 500 രൂപ പേ ടിഎം വാലറ്റ് വഴി അയച്ചുകൊടുക്കുന്നവര്‍ക്ക് ഇവര്‍ വിവരങ്ങള്‍ കൈമാറിക്കൊണ്ടിരിക്കുകയാണ്. ആധാറിനു വേണ്ടി ശേഖരിക്കുന്ന വിവരങ്ങള്‍ തീര്‍ത്തും സുരക്ഷിതമായിരിക്കുമെന്ന യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) ഉറപ്പ് തെറ്റാണെന്ന് ഇതോടെ വ്യക്തമാകുകയാണ്.
ബയോമെട്രിക് ഡാറ്റ ഉള്‍പ്പെടെ വ്യക്തികളുമായി ബന്ധപ്പെട്ട പല വിവരങ്ങളും ഉള്‍പ്പെട്ടതാണ് ആധാര്‍. തീര്‍ത്തും രഹസ്യമായിരിക്കേണ്ട വിവരങ്ങളാണവ. ഇത്തരം വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നത് വ്യക്തി സുരക്ഷയ്ക്ക് കടുത്ത ഭീഷണിയായിരിക്കും സൃഷ്ടിക്കുക. ക്രിമിനല്‍ സംഘങ്ങള്‍ക്കും ദേശവിരുദ്ധ ശക്തികള്‍ക്കും പലതരത്തിലും ഇത് ഉപയോഗപ്പെടുത്താനാവും. സാങ്കേതികവിദ്യ ഏറെ വികസിച്ച ഇക്കാലത്ത് ബയോമെട്രിക് വിവരങ്ങളടക്കം ചോര്‍ത്തി ആര്‍ക്കും തിരിച്ചറിയാനാവാത്ത വിധമുള്ള വ്യാജ ആധാറുകള്‍ സൃഷ്ടിക്കാന്‍ രാഷ്ട്രശത്രുക്കള്‍ക്ക് അനായാസം സാധിക്കും. രാജ്യത്തിനകത്തു കടന്ന് അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദേശ ശത്രുക്കള്‍ക്ക് ഇതുവഴി കാര്യങ്ങള്‍ എളുപ്പമാകും.
കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കൊണ്ടുവന്ന കാലത്തു തന്നെ ഇതെല്ലാം ചൂണ്ടിക്കാട്ടി പലരും ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. രാജ്യത്തെ ചില പ്രമുഖ രാഷ്ട്രീയകക്ഷികളും ചില സംസ്ഥാനങ്ങളിലെ ഭരണാധികാരികളടക്കമുള്ള നേതാക്കളും പ്രമുഖ ബുദ്ധിജീവികളുമൊക്കെ വിമര്‍ശനമുന്നയിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അപകടസാധ്യതകള്‍ക്കു പുറമെ ആധാറിന്റെ സാംഗത്യവും അക്കാലത്തു ചോദ്യംചെയ്യപ്പെട്ടിരുന്നു. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ടുമൊക്കെ തികഞ്ഞ ആധികാരികതയുള്ള തിരിച്ചറിയല്‍ രേഖകളാണ്. പ്രായപൂര്‍ത്തിയെത്താത്ത കുട്ടികള്‍ക്കാണെങ്കില്‍ സ്‌കൂള്‍ രേഖകള്‍ പരിഗണനാര്‍ഹമായ തിരിച്ചറിയല്‍ രേഖയുമാണ്. ഇതൊക്കെ ഉണ്ടായിട്ടും ബയോമെട്രിക് വിവരങ്ങളടക്കമുള്ള പുതിയൊരു രേഖയുടെ ആവശ്യമെന്തെന്ന ചോദ്യം അക്കാലത്ത് വ്യാപകമായി ഉയരുകയുമുണ്ടായി.
അതെല്ലാം അവഗണിച്ച് തീരുമാനവുമായി മുന്നോട്ടുപോകുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. വിമര്‍ശനങ്ങള്‍ സൃഷ്ടിച്ച ആശങ്ക കാരണം തുടക്കത്തില്‍ പലരും ആധാര്‍ എടുക്കാന്‍ മടിച്ചുനിന്നിരുന്നെങ്കിലും വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതോടെ ജനങ്ങള്‍ അതിനു നിര്‍ബന്ധിതരാകുകയായിരുന്നു. ഇതിനെ ചോദ്യംചെയ്തു സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ സുപ്രിംകോടതി നടത്തിയ ചില നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. സ്വകാര്യത വ്യക്തികളുടെ മൗലികാവകാശമാണെന്നും വ്യക്തികളെ സംബന്ധിച്ച ബൃഹത്തായ വിവരങ്ങള്‍ സര്‍ക്കാരോ സര്‍ക്കാരിതര ഏജന്‍സികളോ ശേഖരിച്ചു നിരീക്ഷിക്കുന്നതു സ്വകാര്യതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നുമുള്ള കോടതിയുടെ നിരീക്ഷണം ആധാര്‍ സംബന്ധിച്ച വിമര്‍ശനങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു.
എന്നിട്ടും അതൊന്നും വകവയ്ക്കാതെ മൊബൈല്‍ ഫോണ്‍ കണക്ഷന്‍, ബാങ്ക് അക്കൗണ്ട്, ഭൂമിയുടെ ആധാരം തുടങ്ങി കൂടുതല്‍ കാര്യങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീരുമാനങ്ങളുമായി മുന്നോട്ടുപോകുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനിടയിലാണ് ആധാര്‍ വിവരങ്ങളുടെ ചോര്‍ച്ച സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. സാങ്കേതികവിദ്യ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ഈ ചോര്‍ച്ച വ്യാപിക്കാനാണ് സാധ്യത. ഇതിന്റെ ഗൗരവം കണക്കിലെടുത്ത് കടുംപിടുത്തങ്ങള്‍ മാറ്റിവച്ച് ആധാര്‍ സംബന്ധിച്ച തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ കേന്ദ്ര ഭരണകൂടം ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."