ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ച ബസ് നാട്ടുകാര്‍ തകര്‍ത്തു
കണ്ണൂര്‍: താഴെചൊവ്വയില്‍ വിദ്യാര്‍ഥി നിയുടെ മരണത്തിനിടയാക്കിയ ബസ് വീണ്ടും അപകടമുണ്ടാക്കി. രോഷകുലരായ നാട്ടുകാര്‍ ബസിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഇന്നലെ രാവിലെ ഒമ്പതരയ്ക്കു താഴെചൊവ്വ തെഴുക്കില്‍ പീടികയിലാണ് സംഭവം. കണ്ണൂരില്‍ നിന്നു കോഴിക്കോടേക്കു പോവുകയായിരുന്ന ഒമേഗ ബസാണ് വീണ്ടും അപകടമുണ്ടാക്കിയത്.
ബസിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രികരും ചക്കരക്കല്‍ സ്വദേശികളുമായ ഷജീര്‍(38), ബാലകൃഷ്ണന്(60) എന്നിവരെ കണ്ണൂര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പ്രകോപിതരായ നാട്ടുകാര്‍ ചെങ്കല്ലുപയോഗിച്ചു ബസിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുകയായിരുന്നു. വയനാട് സ്വദേശി ടി.എം ചന്ദ്രനാ(30)ണ് ബസോടിച്ചത്. ഇയാളെ നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ വിവരമറിഞ്ഞെത്തിയ ട്രാഫിക്ക് പൊലിസ് കസ്റ്റഡിയിലെടുത്തു സ്ഥലത്തു നിന്നു മാറ്റി.
അപകടം കാരണം കണ്ണൂര്‍, കോഴിക്കോട് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസമുണ്ടായി. ബസിന്റെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്നു നാട്ടുകാര്‍ ആരോപിച്ചു. ബസ് തകര്‍ക്കുന്നത് കെട്ടിടത്തിന്റെ മുകളില്‍ നിന്നു മൊബൈലില്‍ പകര്‍ത്തിയയാളെ ജനക്കൂട്ടം അക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടിരക്ഷപ്പെട്ടു. രണ്ടുമാസം മുന്‍പ് ഇതേ ബസ് താഴെചൊവ്വയില്‍ വച്ചു ദേഹത്തു കയറി സ്കൂട്ടര്‍ യാത്രക്കാരിയായ തോട്ടട എസ്.എന്‍ കോളേജ് വിദ്യാര്‍ഥിനി മരിച്ചിരുന്നു. അന്നും ഇതേ ഡ്രൈവര്‍ തന്നെയാണ് ബസ് ഓടിച്ചിരുന്നത്. ബസ് തകര്‍ത്ത കണ്ടാലറിയുന്നവര്‍ക്കെതിരേ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസേടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."