പൂക്കള്‍കൊണ്ടൊരു റെയില്‍വേ സ്റ്റേഷന്‍...
ഊട്ടി: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ കാണണമെന്നുണ്ടെങ്കില്‍ ഇനി ചെന്നൈയിലേക്ക് പോകേണ്ട. നേരെ, ഊട്ടിക്ക് ചെല്ലുക, ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക്. പ്രസിദ്ധമായ ഊട്ടി പുഷ്‌പോത്സവത്തിന്റെ ഭാഗമായാണ് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ മാതൃക സൃഷ്ടിച്ചത്. 1.30 ലക്ഷം കാര്‍ണേഷ്യം പൂക്കള്‍ കൊണ്ട് നിര്‍മിച്ച സ്‌റ്റേഷന് 68 അടി നീളവും 30 അടി ഉയരവും 10 അടി വീതിയുമുണ്ട്.
റെയില്‍വേ സ്റ്റേഷന്‍ മാത്രമല്ല, ഓര്‍ക്കിഡ് പൂക്കള്‍ കൊണ്ട് നിര്‍മിച്ച കിളികളുടെ മാതൃകയും വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. അഞ്ചു ലക്ഷം വിവിധ വര്‍ണങ്ങളിലുള്ള പൂക്കളുടെ ശേഖരവും 15,000 ചെടിച്ചട്ടികളിലായി നിരവധിയിനം പുഷ്പങ്ങളും ഗാര്‍ഡനില്‍ ഒരുക്കിയിട്ടുണ്ട്.
കേരളത്തില്‍ നിന്നടക്കം ആയിരക്കണക്കിന് സഞ്ചാരികളാണ് ഉദ്ഘാടന ദിവസമായ ഇന്നലെ മാത്രം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശിച്ചത്. എല്ലാ വര്‍ഷവും മെയ് ആദ്യവാരം നടക്കുന്ന ഫ്‌ളവര്‍ഷോ ഇത്തവണ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് കാരണം അവസാന വാരത്തിലേക്ക് നീട്ടുകയായിരുന്നു. കൂടാതെ റോസ് ഗാര്‍ഡനില്‍ നടക്കുന്ന റോസ്‌മേള ഉള്‍പ്പെടെയുള്ളവ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
തമിഴ്‌നാട് കൃഷി വകുപ്പ്, ടൂറിസം വകുപ്പ്, ജില്ലാഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പുഷ്പമേള നടക്കുന്നത്. ഇന്നലെ രാവിലെ 10ന് തമിഴ്‌നാട് കൃഷി വകുപ്പ് മന്ത്രി ദുരൈകണ്ണ് ഉദ്ഘാടനം ചെയ്തു.
എം പിമാരായ സി ഗോപാലകൃഷ്ണന്‍, കെ.ആര്‍ അര്‍ജുനന്‍, കുന്നൂര്‍ എം.എല്‍.എ ശാന്തിരാമു, ഊട്ടി എം.എല്‍.എ ഗണേഷ്, ജില്ലാ കലക്ടര്‍ പി ശങ്കര്‍, ഡി.ആര്‍.ഒ ഭാസ്‌കരപാണ്ഡ്യന്‍, എസ്.പി മുരളിറംബ, എ മില്ലര്‍, കൃഷിവകുപ്പ് ഡയറക്ടര്‍ ചന്ദ്രസേനന്‍, കൃഷിവകുപ്പ് കമ്മിഷണര്‍ വിജയകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മേള ഞായറാഴ്ച സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."