പാതാളകരണ്ടിയുണ്ടോ സഖാവേ, നാവു തപ്പിയെടുക്കാന്‍ ?
ലോ അക്കാദമി ലോ കാളജ് വിദ്യാര്‍ഥികളുടെ ലക്ഷ്മി നായര്‍ വിരുദ്ധ സമരം ജനത്തിരക്കേറിയ മൂന്നാം വാരത്തില്‍ പ്രവേശിച്ചിട്ടും സമരത്തിന്റെ മുന്‍പന്തിയില്‍ എസ്.എഫ്.ഐ. ഉണ്ടായിട്ടും സഖാവ് സ്വരാജ് നായര്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് പാര്‍ട്ടിക്കാര്‍ തന്നെ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. എസ്.എഫ്.ഐയുടെ മുന്‍ സംസ്ഥാനസെക്രട്ടറി, ഡിഫിയുടെ സെക്രട്ടറി, തൃപ്പൂണിത്തുറ എം.എല്‍.എ., വിപ്ലവ തീപ്പന്തം എന്നീ നിലകളിലൊക്കെ സമരപ്പന്തല്‍ സന്ദര്‍ശിച്ചു വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ നായരുകുട്ടിക്ക് ബാധ്യതയുണ്ട്.
മാത്രമല്ല വി.എസ്.അച്യുതാനന്ദന്‍, വി.എം.സുധീരന്‍, കാനം രാജേന്ദ്രന്‍ എന്നിവരൊക്കെ വന്നുപോയിക്കഴിഞ്ഞു. ബി.ജെ.പി.നേതാവ് മുരളീധരന്‍ പന്തലില്‍ ഉപവാസം വരെ നടത്തിക്കളഞ്ഞു. എന്നാല്‍ ഫേസ്ബുക്ക് വഴിയെങ്കിലും ഒരാശംസാസന്ദേശം അയക്കാന്‍ സ്വരാജിന് സാധിച്ചില്ല.
വി.എസ്.അച്യുതാനന്ദനും വി.എം.സുധീരനും വി.മുരളീധരനും കാനം രാജേന്ദ്രനും ഇല്ലാത്ത ഒരു പരാധീനത സ്വരാജിനുണ്ട്. അദ്ദേഹം പിന്‍വാതിലിലൂടെ ലോ അക്കാദമിയില്‍ പ്രവേശനം നേടി, 'നല്ല' മാര്‍ക്കോടെ ബിരുദം നേടിയ ആളാണ്.
എന്തിന് സ്വരാജിനെ പറയണം? ലോ അക്കാദമിക്കെതിരെ സുരേഷ്‌കുറുപ്പ്‌പോലും പ്രതികരിക്കില്ല. കാരണം അദ്ദേഹവും അക്കാദമി പ്രോഡക്ട് ആണ്.
പാര്‍ട്ടിഭേദമന്യേ യുവതലമുറയിലെ ഒട്ടുമിക്ക നേതാക്കളും ലോ അക്കാദമി ഉല്‍പ്പന്നങ്ങളാണ്. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും (പിന്നെ തൃശ്ശൂരും) മാത്രം സര്‍ക്കാര്‍ ലോ കോളജുകള്‍ ഉണ്ടായിരുന്നകാലത്തു നിരങ്ങിപാസ്സുകാരായ നേതാക്കന്മാര്‍ക്ക് ലോ അക്കാദമിയിലല്ലാതെ ഒരിടത്തും അഡ്മിഷന്‍ കിട്ടുമായിരുന്നില്ല.
അക്കാദമിക്ക് പിന്‍വാതില്‍ അല്ലാതെ മുന്‍വാതില്‍ ഉണ്ടായിരുന്നേയില്ല. ത്രിവത്സര എല്‍.എല്‍.ബി പ്രവേശനത്തിന് രാഷ്ട്രീയ സ്വാധീനം മാത്രമായിരുന്നു യോഗ്യത. കോണ്‍ഗ്രസിന്, കമ്മ്യൂണിസ്റ്റിനു, ലീഗിന്, ബി.ജെ.പി.ക്ക് എല്ലാവര്‍ക്കും യഥാശക്തി സീറ്റുകള്‍ വീതിച്ചുകൊടുക്കുകയായിരുന്നു.
ഇ.എം.എസ്. നമ്പൂതിരിപ്പാടും, സി.അച്യുതമേനോനും മുതല്‍ കൊടുത്ത ശുപാര്‍ശകത്തുകള്‍ ഡോ.നാരായണന്‍ നായര്‍ ഫയലാക്കി സൂക്ഷിച്ചിട്ടുണ്ട്. അക്കാദമിക്കെതിരെ പ്രതികരിക്കുന്നത് ഏത് പൊന്നുമോനായാലും സൂക്ഷിക്കണം. അല്ലെങ്കില്‍ ശുപാര്‍ശ കത്ത് പുറത്തുവരും.
ഒരാള്‍ക്ക് അഡ്മിഷന്‍ നല്‍കാന്‍ ഒന്നിലധികം നേതാക്കളില്‍ നിന്നും ശുപാര്‍ശ കത്ത് വാങ്ങലും പതിവാണ്. ഉദാഹരണത്തിന്, വെളിയം ഭാര്‍ഗവാന്റെ കത്തുമായി ചെന്നാല്‍ അതുവാങ്ങിവെച് ഇനി പി.എസ്.ശ്രീനിവാസന്റെ ഒരു കത്തുകൂടി കൊണ്ടുവന്നാല്‍ നോക്കാം എന്നുപറയും നാരായണന്‍ നായര്‍.
അങ്ങനെ ലോ അക്കാദമി വഴി നിയമബിരുദം നേടിയ പലരും അത്യുന്നതസ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട്.
സുപ്രീം കോടതി ജഡ്ജി കുര്യന്‍ ജോസഫ് കേരളാ കോണ്‍ഗ്രസ് ക്വാട്ടയില്‍ കയറിയ ആളാണ്. കെ.എം.ജോര്‍ജ് ആണോ കെ.എം. മാണിയാണോ അതോ രണ്ടുപേരുംകൂടിയാണോ ശുപാര്‍ശ ചെയ്തതെന്നറിയില്ല. ഈ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ്, പൊതുസ്ഥാപനമായി ആരംഭിച്ച ലോ അക്കാദമി സ്വകാര്യ സ്വത്താക്കി മാറ്റാന്‍ നാരായണന്‍ നായര്‍ക്ക് സാധിച്ചത്. പാട്ടത്തിനു കിട്ടിയ സ്ഥലം പിന്നീട് പതിപ്പിച്ചെടുക്കാന്‍ സാധിച്ചതും ഈ രാജ്യത്തെ ഭരണഘടനയും പാര്‍ലമെന്റും നിയമസഭയും പാസാക്കിയ നിയമങ്ങളും അക്കാദമിക്ക് ബാധകമല്ലാതായതും അതുകൊണ്ടുതന്നെ. ഇടതുപക്ഷം ഭരിച്ചാലും വലതുപക്ഷം ഭരിച്ചാലും അദ്ദേഹത്തിന് പേടിക്കണ്ട.
ഇനി ബി.ജെ.പി.വന്നാലും കുഴപ്പമില്ല. വല്ല മാവോയിസ്റ്റുകളോ മറ്റോ അധികാരം പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടായാല്‍ അവര്‍ക്കും പിന്‍വാതിലിലൂടെ പ്രവേശനം നല്‍കാന്‍ മടിക്കില്ല.
ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു വിദ്യാര്‍ത്ഥികള്‍ സമരം എത്രയും വേഗം പിന്‍വലിച്ചു ലക്ഷ്മി മാഡത്തിനോട് മാപ്പുപറയുന്നതാണ് അവര്‍ക്ക് നല്ലത്. സമരക്കാരെ സഹായിക്കാന്‍ വിദ്യാഭ്യാസമന്ത്രിയും വരില്ല മുഖ്യമന്ത്രിയും വരില്ല. പ്രതിപക്ഷ നേതാവിനെയും പ്രതീക്ഷിക്കണ്ട. ലോ അക്കാദമി സ്ഥലം പിശകാണ്. സൂക്ഷിക്കണം അല്ലെങ്കില്‍ തടി കേടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."