നെടിയിരുപ്പ് ചെരുപ്പടി മേഖലയില്‍ പാരാടൈഫോയിഡ്; നൂറിലേറെ പേര്‍ ചികിത്സയില്‍
കൊണ്ടോട്ടി: നഗരസഭയുടെ നെടിയിരുപ്പ് ചെരുപ്പടി മേഖലയില്‍ ടൈഫോയിഡിനേക്കാള്‍ വേഗത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകുന്ന (സന്നിപാതജ്വരം) പാരാടൈഫോയിഡ് രോഗം ആരോഗ്യ വകുപ്പ് കണ്ടെത്തി. മേഖലയിലെ ഇരുനൂറോളം പേര്‍ക്കാണ് സന്നിപാതജ്വരം കണ്ടെത്തിയത്. പ്രദേശത്തു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
പാരാടൈഫി വിഭാഗത്തില്‍പെട്ട സന്നിപാതജ്വരമാണ് നെടിയിരുപ്പില്‍ സ്ഥിരീകരിച്ചത്. ജനുവരി ആദ്യവാരം പ്രദേശത്തു നടന്ന ഒരു വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം പിടിപെട്ടത്. വിവാഹസദ്യയില്‍ തൈര് ഉപയോഗിച്ചവരാണ് രോഗം പിടിപെട്ട് ചികിത്സയിലുള്ളതെന്നാണ് ബോധ്യമായത്. മഞ്ചേരി മെഡിക്കല്‍ കോളജ്, കൊണ്ടോട്ടി സാമൂഹികാരോഗ്യകേന്ദ്രം, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് രോഗികള്‍ ചികിത്സ തേടിയത്.
പനിയും ശക്തമായ തലവേദനയുമാണ് ലക്ഷണങ്ങള്‍. രോഗാണു ശരീരത്തില്‍ കയറിയാല്‍ നാലു മുതല്‍ 14 ദിവസംവരെ കഴിഞ്ഞാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ചികിത്സിച്ച് ഭേദമായ ശേഷം വീണ്ടും രോഗം വരാനുള്ള സാധ്യതയും ഏറെയാണ്.
വിവാഹവീട്ടില്‍ നേരത്തെ ആരോഗ്യവകുപ്പ് സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നല്‍കിയിരുന്നു.
സദ്യയ്ക്ക് ഉപയോഗിച്ച വെള്ളം മഞ്ചേരി മെഡിക്കല്‍ കോളജ് ലാബില്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡി.എം.ഒ ഡോ. ഉമ്മര്‍ഫാറൂഖ് കൊണ്ടോട്ടിയിലെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മേഖലയില്‍ പനി ക്ലിനിക്കും നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."