കാളികാവ് സബ് സ്റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായി
കാളികാവ്: മലയോര മേഖലയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്ന് അധികൃതര്‍. തകരാര്‍ കണ്ടെത്താത്തതിനെ തുടര്‍ന്ന് നാല് ദിവസമായിട്ട് വൈദ്യുതി വിതരണം ശരിയായ രീതിയിയില്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ കാളികാവ് 33 കെ.വി സബ് സ്റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മറിലാണ് തകരാറെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വണ്ടൂരിനും കാളികാവിനും ഇടയിലുള്ള ലൈനിലാണ് തകരാറെന്നായിരുന്നു കരുതിയിരുന്നത്. തകരാര്‍ ട്രാന്‍സ്‌ഫോര്‍മറിലാണെന്ന് കണ്ടെത്തിയതോടെ വൈദ്യുതി വിതരണം പൂര്‍വ സ്ഥിതിയിലാക്കാന്‍ ദിവസങ്ങളെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
നാല് ദിവസമായി തുടരുന്ന രീതിയില്‍ തന്നെയായിരിക്കും വരും ദിവസങ്ങളിലും വൈദ്യുതി വിതരണം നടത്തുകയെന്നും അധികൃതര്‍ പറഞ്ഞു. കാളികാവ്, ചോക്കാട്, കരുവാരകുണ്ട് ,തുവ്വൂര്‍ പഞ്ചായത്തുകളിലെ ഉപഭോക്താക്കളെയാണ് പ്രശ്‌നം ബാധിക്കുക. കാളികാവ് സബ് സ്റ്റേഷനു പകരം വണ്ടൂരില്‍ നിന്നും മേലാറ്റൂരില്‍ നിന്നും അധികമായി വൈദ്യുതി എടുത്താണ് ഇപ്പോള്‍ വിതരണം നടത്തുന്നത്.
തകരാര്‍ പരിഹരിക്കുന്നത് വരെ പകല്‍ സമയങ്ങളില്‍ വോള്‍ട്ടേജ് കുറവും രാത്രി 11.30 വരെ നിയന്ത്രണവും ഉണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ട്രാന്‍സ്‌ഫോര്‍മറിന്റെ മുകള്‍ ഭാഗത്താണ് തകരാറെങ്കില്‍ പരിഹരിക്കാന്‍ അഞ്ച് ദിവസവും താഴെയാണെങ്കില്‍ 12 ദിവസും എടുക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. വലിയ ട്രാന്‍സ്‌ഫോര്‍മറായതിനാല്‍ മാറ്റി സ്ഥാപിക്കുവാന്‍ സംവിധാനമില്ല. ട്രാന്‍സ്‌ഫോര്‍മറിലെ തകരാര്‍ കണ്ടെത്താനുള്ള തീവ്രശ്രമം അധികൃതര്‍ നടത്തുന്നുണ്ട്.
വൈദ്യുതി മുടങ്ങിയതിനാല്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി കാളികാവ് വൈദ്യുതി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. നിലവിലെ പ്രശ്‌നം ഉപഭോക്താക്കള്‍ ഉള്‍ക്കൊള്ളണമെന്ന് അധികൃതര്‍ പറഞ്ഞു. കുടിവെള്ള മോട്ടോറുകള്‍ ഉള്‍പടെയുള്ളവ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ നിലവിലുള്ള സാഹചര്യത്തില്‍ രാത്രി 11 മണി കഴിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."