ഉയര്‍ന്ന മേഖലയില്‍ പൈപ്പിലും വെള്ളമില്ല: വേനല്‍ കടുക്കുന്നു; ജലക്ഷാമത്തില്‍ നട്ടംതിരിഞ്ഞ് ജനങ്ങള്‍
നെടുമങ്ങാട്: ഗ്രാമ-നഗര വ്യത്യാസമില്ലാതെ മുഴുവന്‍ പ്രദേശങ്ങളും ജലക്ഷാമത്തിന്റെ പിടിയിലായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം. കിണറുകളും കുളങ്ങളും കൈതോടുകളുമെല്ലാം വറ്റിവരണ്ടതിനാല്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോഴും പരിഹാര നടപടികളൊരുക്കാന്‍ അധികൃതര്‍ക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.
പൈപ്പുകളില്‍ പോലും വെള്ളം ലഭ്യമല്ലാതെ വന്നതോടെ ജനങ്ങളൊന്നാകെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടും ജലവിതരണത്തിന് പകരം സംവിധാനമൊരുക്കേണ്ട റവന്യൂ, തദ്ദേശ ഭരണ വകുപ്പുകളാകട്ടെ ഉറക്കം നടിക്കുകയാണെന്നാണ് ആക്ഷേപം.
ഈ മകര മാസത്തിലെ വലിയ ജലദൗര്‍ലഭ്യം കുംഭം, മീനം മാസങ്ങളില്‍ ജലക്ഷാമം രൂക്ഷമാകുമെന്നാണ് സൂചന നല്‍കുന്നത്. മലയോര മേഖലയിലെ വിവിധ പഞ്ചായത്തുകളിലെ ഉയര്‍ന്ന പ്രദേശങ്ങളെല്ലാം ജലദൗര്‍ലഭ്യത്തില്‍ നട്ടംതിരിയുകയാണ്.
എന്നാല്‍ ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ട സംവിധാനങ്ങളൊന്നും ഇതുവരെ അധികൃതര്‍ ഒരുക്കിയിട്ടില്ല. നെടുമങ്ങാട് നഗരസഭയിലെ പൂവത്തൂര്‍ മേഖലയില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് കണക്ഷന്‍ ഉണ്ടെങ്കിലും തുള്ളിവെള്ളം പോലും കിട്ടുന്നില്ലെന്ന് പരാതിയുണ്ട്.
ഉളിയൂര്‍, പമ്മത്തിന്‍മൂല, കുശര്‍കോട്, പാളയത്തിന്‍മുകള്‍, പുനരധിവാസ കോളനി, ചെല്ലാംകോട്, തെള്ളിക്കുഴി, പൂവത്തൂര്‍ ചുടുകാട്ടിന്‍മുകള്‍, ചാമവിള കോളനി, വേങ്കോട്കുഞ്ചംകോളനി, ചിറക്കാണികുഞ്ചുവീട്ടില്‍ കിഴക്കുംകര എന്നിവിടങ്ങളില്‍ കിണറുകളും കുളങ്ങളും തോടുകളും വറ്റിവരണ്ട നിലയിലാണ്.
മുന്‍പ് വേനല്‍ കടക്കുമ്പോള്‍ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിക്കുന്ന പതിവുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതിനും നടപടിയുണ്ടായിട്ടില്ല.
ടാങ്കറില്‍ വെള്ളം എത്തിച്ച് വിതരണം നടത്തിയിരുന്ന കരാറുകാര്‍ വ്യാപകമായ തിരിമറി നടത്തി മുന്‍കാലങ്ങളില്‍ ലക്ഷങ്ങള്‍ അഴിമതി കാട്ടിയത് സംബന്ധിച്ചുള്ള ആക്ഷേപമാണ് ഇത്തവണ കുടിവെള്ള വിതരണത്തിന് കരാറുകാരെ ഒഴിവാക്കാന്‍ അധികാരികളെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.
ഇതിന് പകരം സംവിധാനമെന്ന നിലയില്‍ ഓരോ വാര്‍ഡ് കേന്ദ്രീകരിച്ച് ഒരു കുടിവെള്ള ടാങ്ക് സ്ഥാപിക്കുകയും അതിലൂടെ ആവശ്യക്കാര്‍ക്ക് വെള്ളം ശേഖരിച്ച് കൊണ്ടുപോകാനുള്ള സംവിധാനം ഒരുക്കാനാണ് റവന്യൂ അധികാരികള്‍ ആലോചിക്കുന്നത്. എന്നാല്‍ കുടിവെള്ള ക്ഷാമം അനുദിനം രൂക്ഷമായിട്ടും യാതൊരു സംവിധാനവും ഇതുവരെയും ഒരുക്കിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."