ബഹ്‌റൈനില്‍ അധ്യാപികയെന്ന വ്യാജേനെ വിദ്യാര്‍ഥിനികളുമായി അശ്ലീല ചാറ്റിങ്; ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കി
മനാമ: ബഹ്‌റൈനില്‍ അധ്യാപികയെന്ന വ്യാജേനെ ചില സ്‌കൂള്‍ വിദ്യാര്‍ഥിനികളുമായി ഫെയ്‌സ്ബുക്കിലൂടെ അശ്ലീലമായി ചാറ്റ് ചെയ്തതായി ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക എന്ന പേരിലുണ്ടാക്കിയ പ്രൊഫൈലില്‍ നിന്നാണ് സ്‌കൂളിലെ ചില വിദ്യാര്‍ഥിനികള്‍ക്ക് അശ്ലീലമായ ചാറ്റ് മെസേജുകള്‍ വന്നത്. ഇതില്‍ പലതും മോശം പരാമര്‍ശങ്ങളുള്ള ചാറ്റുകളായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതരും ശരിവെച്ചിട്ടുണ്ട്.
വ്യാജ പ്രൊഫൈല്‍ വഴി നടത്തുന്ന ചാറ്റ് ആണെന്ന് ചിലര്‍ക്കെല്ലാം നേരത്തെ മനസ്സിലായിരുന്നു. ഇത് മനസ്സിലാക്കിയവര്‍ കേവല വിനോദത്തിനായും മറ്റു ചിലര്‍ വ്യക്തിയെ മനസ്സിലാക്കാനും ഇത്തരം ചാറ്റിംഗ് തുടര്‍ന്നിരുന്നു. ഇന്ത്യന്‍ സ്‌കൂളില്‍ പുതുതായി ചേര്‍ന്ന ഒരധ്യാപിക എന്ന നിലയിലാണ് ചാറ്റ് മെസ്സേജുകള്‍ ആരംഭിച്ചിരുന്നത്.
ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയെന്ന വ്യക്തി വിവരം കണ്ടതോടെയാണ് പലരും ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചത്. ഈ സ്‌കൂളിലെ മറ്റു അധ്യാപികമാര്‍ക്കെതിരായ പരാമര്‍ശങ്ങളും ചാറ്റില്‍ വന്നിരുന്നു. കൂടുതല്‍ വ്യക്തി വിവരങ്ങള്‍ ചോദിക്കുമ്പോള്‍ ചാറ്റ് ചെയ്യുന്നയാള്‍ ഒഴിഞ്ഞുമാറുന്നതാണ് കണ്ടിരുന്നതെന്ന് വിദ്യാര്‍ഥിനികളും അറിയിച്ചു. സംഭവം പൊതുസമൂഹത്തില്‍ ചര്‍ച്ചയായതോടെ, വ്യാജ പ്രൊഫൈല്‍ ഇപ്പോള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്.
ഏതായാലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രസ്തുത ഐഡിയിലുള്ള വ്യക്തിയെ കണ്ടെത്തണമെന്ന ചില അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിര്‍ബന്ധത്തെ തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."