സര്‍ട്ടിഫിക്കറ്റിന് ഇപ്പോഴും ഏഴുവര്‍ഷ കാലാവധി
ചെറുവത്തൂര്‍:കെ.ടെറ്റ് പരീക്ഷയില്‍ തുടര്‍ച്ചയായി കൂട്ടത്തോല്‍വികള്‍ സംഭവിക്കുമ്പോള്‍ നിരവധി അധ്യാപകര്‍ ആശങ്കയില്‍. 2011-12 അധ്യയനവര്‍ഷം മുതല്‍ സര്‍വിസില്‍ പ്രവേശിച്ച എയ്ഡഡ് അധ്യാപകര്‍ക്കു 2018 വരെയാണ് ടെറ്റ് യോഗ്യത നേടാന്‍ സമയം അനുവദിച്ചിട്ടുള്ളത്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപകരാകുന്നതിനും ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കി കഴിഞ്ഞ ആഗസ്റ്റ് 30ന് ഉത്തരവിറക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ നവംബറില്‍ നടന്ന പരീക്ഷയിലായിരുന്നു ഭൂരിപക്ഷം അധ്യാപകരുടെയും പ്രതീക്ഷ. എന്നാല്‍ ഇതിലും വിജയ ശതമാനം നാമ മാത്രമായതോടെ പ്രതീക്ഷ മങ്ങിത്തുടങ്ങി.
2018 നുള്ളില്‍ എയ്ഡഡ് അധ്യാപകര്‍ ടെറ്റ് യോഗ്യത നേടണമെന്ന് നിര്‍ദേശമുള്ളപ്പോഴും യോഗ്യത നേടാന്‍ കഴിയാത്തവരുടെ ഭാവി എന്താകും എന്ന കാര്യത്തില്‍ വ്യക്തതയില്ല. തസ്തിക നിര്‍ണയം നടന്നില്ലെങ്കിലും ഈ വര്‍ഷം രാജി, മരണം, വിരമിക്കല്‍ എന്നീ ഒഴിവുകളില്‍ നിയമിതരായ എയ്ഡഡ് അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കണം എന്ന സര്‍ക്കുലര്‍ വിദ്യാഭ്യാസവകുപ്പ് അടുത്തിടെ പുറത്തിറക്കിയിരുന്നു.
എന്നാല്‍ ടെറ്റ് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി നിയമിതരായവരുടെ നിയമന പ്രൊപ്പോസല്‍ നിരസിച്ചു തുടങ്ങി. ടെറ്റ് പരീക്ഷ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റിനു ഏഴുവര്‍ഷം മാത്രം കാലാവധി എന്ന നിബന്ധന ഇപ്പോഴും നിലനില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."