ജല്ലിക്കെട്ട് സമരത്തിലെ അപായസൂചനകള്‍
ജല്ലിക്കെട്ട് നിരോധനത്തിനെതിരായി തമിഴ്‌നാട്ടില്‍ കത്തിപ്പടര്‍ന്ന പ്രക്ഷോഭാഗ്നി തല്‍കാലത്തേയ്ക്ക് അണഞ്ഞിട്ടുണ്ടെങ്കിലും അതു സൃഷ്ടിച്ച സാമൂഹ്യ- രാഷ്ട്രീയ- സാംസ്‌കാരിക സമ്മര്‍ദങ്ങളുടെ ചൂട് തീര്‍ത്തും ഇല്ലാതായിട്ടുണ്ടെന്നു പറഞ്ഞുകൂടാ. യുദ്ധം മറീനാ ബീച്ചില്‍നിന്നു കോടതിമുറികളിലേക്കു നീങ്ങിയെന്നു വ്യക്തം. അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയും വേറെ ചില സംഘടനകളും സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചു കഴിഞ്ഞു.
ജല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് നിയമപ്രാബല്യം നല്‍കാനുണ്ടാക്കിയ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് (തമിഴ്‌നാട് അമന്‍ഡ്‌മെന്റ് ബില്‍) 2017 നടപ്പില്‍ വരുത്തുന്നത് സ്റ്റേ ചെയ്യണമെന്നാണു ഹരജിക്കാരുടെ ആവശ്യം. അഭിഷേക് സിങ്‌വിയെയും ആനന്ദ് പ്രോവറെയുംപോലുള്ള മുതിര്‍ന്ന അഭിഭാഷകരാണു ഹരജിക്കാര്‍ക്കുവേണ്ടി ഹാജരാവുന്നത്. ജല്ലിക്കെട്ട് വളരെ ക്രൂരവും പ്രാകൃതവുമായ വിനോദമാണെന്നും ഈ ക്രൂരവിനോദത്തിന് എന്തിന്റെ പേരിലായാലും അനുമതി നല്‍കുന്നതു ഭരണഘടനാവിരുദ്ധമാണെന്നുമാണു വാദം. നിയമപരമായി ആലോചിക്കുമ്പോള്‍, എളുപ്പത്തില്‍ തള്ളിക്കളയാവുന്നവയല്ല ഈ വാദങ്ങള്‍.
1960ല്‍ കൊണ്ടുവന്ന മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണു ജല്ലിക്കെട്ടടക്കമുള്ള കാര്‍ഷികവിനോദങ്ങള്‍ക്കുമേല്‍ കുരുക്കുവീണത്. കേരളത്തിലെ കാളപൂട്ടും കര്‍ണാടകയിലെ കമ്പളയെന്ന പോത്തുപൂട്ടലും ആന്ധ്രയിലെ കോഴിയങ്കവുമെല്ലാം ഈ കുരുക്കിലകപ്പെട്ടു. എന്നാല്‍, തമിഴ്‌നാട്ടില്‍ 2009 ല്‍ ചില നിയന്ത്രണങ്ങള്‍ക്കുവിധേയമായി ജല്ലിക്കെട്ട് അനുവദിക്കുന്ന നിയമഭേദഗതികള്‍ നിലവില്‍ വരികയും കേന്ദ്രനിയമത്തെ ഒരു പരിധിവരെ മറികടക്കാന്‍ പ്രസ്തുത നിയമത്തിനു സാധിക്കുകയും ചെയ്തു.
ഈ നിയമഭേദഗതികളെ അപ്പാടെ, തള്ളിക്കളയുകയാണു സുപ്രിംകോടതി ചെയ്തത്. ബിഹാര്‍ സംസ്ഥാനവും ഡോ. സി.സി വസ്വാലെയും ഒഡിഷ സംസ്ഥാനവും ഗജപതി നാരായണന്‍ദേവും തമ്മിലുള്ള കേസിലെയും സുപ്രിംകോടതി വിധികള്‍ ഉദ്ദരിച്ചുകൊണ്ടു നിയമവാഴ്ചയെ സൂത്രപ്പണികളിലൂടെ മറികടക്കാന്‍ ഭരണകൂടത്തിന് അവകാശമില്ലെന്ന് അര്‍ഥശങ്കക്കിടയില്ലാതെ അന്നു കോടതി വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ നിയമഭേദഗതി അതേരീതിയിലുള്ളതാണെന്നാണു ഹരജിക്കാരുടെ വാദം.
അതായത് ഒരിക്കല്‍ സുപ്രിംകോടതി തള്ളിക്കളഞ്ഞ നിയമഭേദഗതി മറ്റൊരു നിയമത്തിലൂടെ സൂത്രത്തില്‍ തിരിച്ചുകൊണ്ടുവരുന്നു. അതിനാല്‍ 2017 ലെ പുതിയ ഭേദഗതി ഭരണഘടനയുടെയും 1960 ല്‍ പാസാക്കിയ അടിസ്ഥാന നിയമത്തിന്റെയും (പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് ആക്ട്) മേലുള്ള കൈയേറ്റമാണിതെന്നും അന്ധവിശ്വാസങ്ങളെ കൈയേറ്റത്തിനുവേണ്ടി ഉപയോഗിക്കുന്നതു നിയമദൃഷ്ട്യാ സ്വീകാര്യമല്ലെന്നും ഹരജിക്കാര്‍ വാദിക്കുന്നു.
പ്രസക്തമായ മറ്റൊരുവാദം കൂടി ജല്ലിക്കെട്ടു വിരോധികള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. സുപ്രിംകോടതി ഒരു സംശയത്തിനും പഴുതില്ലാതെയാണു ജല്ലിക്കെട്ടു നിരോധിച്ചത്. നിരോധനവുമായി ബന്ധപ്പെട്ടു നിലവിലുള്ള പരാതിയില്‍ കോടതി വിധിപറയാനിരിക്കെ സൂത്രപ്പണികളിലൂടെ ഓര്‍ഡിനന്‍സ് കൊണ്ടുവരികയാണു തമിഴ്‌നാട് സര്‍ക്കാര്‍ ചെയ്തത്. അതുവഴി സുപ്രിംകോടതി നേരത്തെ ഏര്‍പ്പെടുത്തിയ നിരോധനത്തിനു തമിഴ്‌നാട് ഗവര്‍ണര്‍ വില കല്‍പിക്കാതിരിക്കുകയാണ്. 1960 ലെ അടിസ്ഥാന നിയമത്തിന്റെ 38 ാം വകുപ്പു പ്രകാരം നിയമങ്ങള്‍ രൂപപ്പെടുത്താന്‍ കേന്ദ്രഗവണ്‍മെന്റിനു മാത്രമേ അധികാരമുള്ളൂ.
അതിനാല്‍ ഗവര്‍ണര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സും അതിനു നിയമപ്രാബല്യം നല്‍കാന്‍ വേണ്ടിയുണ്ടാക്കിയ ബില്ലും അധികാരത്തിനപ്പുറത്തു നിലകൊള്ളുന്ന സംഗതികളാണ്. നിയമപരമായി അതിനു നിലനില്‍പില്ല. അപ്രതിരോധ്യമായ ജനകീയ പ്രക്ഷോഭത്തെ എങ്ങനെയെങ്കിലുമൊന്നു തടഞ്ഞുനിര്‍ത്താന്‍വേണ്ടി കൈക്കൊണ്ട നടപടിയിലേക്കു നയിച്ച സംഭവപരമ്പരകളുടെ നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍, ഏതൊരാള്‍ക്കും ഈ നിയമപ്രാബല്യമില്ലായ്മയെക്കുറിച്ച് അനുമാനിക്കാവുന്നതേയുള്ളൂ. രാഷ്ട്രീയകാരണങ്ങളും ജനവികാരവും മാനിച്ചു സുപ്രിംകോടതി കാര്യങ്ങള്‍ തിരിച്ചിടുന്നില്ലെങ്കില്‍, പ്രശ്‌നം സങ്കീര്‍ണമാവാന്‍ തന്നെയാണ് സാധ്യത.
തമിഴ്‌നാടിനു പുറത്തും
ജല്ലിക്കെട്ട് കേസില്‍ ജനവികാരം നിയമത്തിനു മേല്‍ പ്രാബല്യം കൈവരിച്ചത് തമിഴ്‌നാട്ടിനു പുറത്തും കാര്‍ഷികവിനോദങ്ങള്‍ പുനഃസ്ഥാപിക്കുവാനുള്ള നീക്കങ്ങള്‍ക്കു ശക്തിപകര്‍ന്നിട്ടുണ്ട്. കര്‍ണാടകയുടെ തീരപ്രദേശങ്ങളില്‍ നടപ്പിലുണ്ടായിരുന്ന കമ്പളയുടെ നിരോധനം നീക്കണമെന്ന ആവശ്യം ഉദാഹരണമാണ്. കമ്പള ഒരുതരം പോത്തോട്ടമാണ്. ആയിരംവര്‍ഷങ്ങള്‍ക്കു മുന്‍പ് തുളു സംസാരിക്കുന്നവര്‍ക്കിടയില്‍ നിലനിന്നിരുന്ന പരമ്പരാഗത വിനോദമായിരുന്നുവത്രെ കമ്പള. അതിനു കര്‍ണാടകയുടെ സംസ്‌കാരവുമായി അഭേദ്യബന്ധമുണ്ടെന്നും ജല്ലിക്കെട്ട് നിരോധം ഇല്ലാതായ പശ്ചാത്തലത്തില്‍ കമ്പളയ്ക്ക് അനുമതിവേണമെന്നുമാണു ദക്ഷിണ കന്നഡയിലെയും ഉടുപ്പി ജില്ലയിലെയും കമ്പള സമിതി വിളിച്ചുകൂട്ടിയ യോഗത്തിന്റെ ആവശ്യം.
സിനിമാതാരങ്ങള്‍ തമിഴ്‌നാട് മാതൃകയില്‍ ഈ സമരത്തിന്റെ മുന്നണിയിലുണ്ടാവണമെന്നു സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. കേരളത്തിലെ കാളപൂട്ടും കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിലാണു നിരോധിക്കപ്പെട്ടിട്ടുള്ളത്. ആറന്മുളയിലും കുട്ടനാട്ടിലും മരമടിയെന്ന പേരില്‍ അറിയപ്പെടുന്ന കാളപൂട്ടും നിരോധിക്കപ്പെട്ടതാണ്. ഇത്തരം ഗ്രാമീണവിനോദങ്ങളെല്ലാം കാര്‍ഷികസംസ്‌കാരത്തിന്റെ ഭാഗമായി നിലനിന്നു പോന്നവയാണ്. എന്നാല്‍, മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ച് പരിഷ്‌കൃതസമൂഹം കൂടുതല്‍ ഗൗരവബോധത്തോടെ ആലോചിക്കാന്‍ തുടങ്ങിയപ്പോള്‍ അവയ്ക്കു മേല്‍ നിയന്ത്രണം വരികയാണുണ്ടായത്.
തമിഴ്‌നാട്ടിലെ ജല്ലിക്കെട്ടു സമരം സമൂഹമുഖത്തേയ്ക്കു വലിച്ചിട്ടത് ഒരു മൗലികപ്രശ്‌നമാണ്. സാംസ്‌കാരിക പാരമ്പര്യമാണോ പ്രധാനം, അതോ ആധുനികതയുടെ മൂല്യങ്ങളോ. കാര്‍ഷികസംസ്‌കാരത്തിന്റെ ഓര്‍മകള്‍ക്കുവേണ്ടിയുള്ള മുറവിളികള്‍ ആധുനികമൂല്യങ്ങളെ മറികടക്കുന്നതാണു തമിഴ്‌നാട്ടിലെ പ്രക്ഷോഭങ്ങളുടെ പരിസമാപ്തിയിലൂടെ നാം ദര്‍ശിച്ചത്. പക്ഷേ, നിയമം ഏതിനെയാണ് ഉയര്‍ത്തിപ്പിടിക്കുകയെന്നും അത് ഏതെല്ലാം സാമൂഹ്യസംഘര്‍ഷങ്ങളാണു സൃഷ്ടിക്കുകയെന്നും കാത്തിരുന്നു കാണുകതന്നെ വേണം.
ജനവികാരത്തേക്കാളും സാംസ്‌കാരികശീലങ്ങളേക്കാളും പരമ്പരാഗത ആചാരങ്ങളേക്കാളും പ്രധാനം ജീവജാലങ്ങളുടെ അവകാശങ്ങളാണെന്ന സമീപനമാണു പല കേസുകളിലും അടുത്തകാലത്തു സുപ്രിംകോടതി കൈക്കൊണ്ടിട്ടുള്ളത്. 2014 മെയ് ഏഴിനു പുറപ്പെടുവിച്ച ജല്ലിക്കെട്ട് നിരോധനവിധിയില്‍ സുപ്രിംകോടതി ഇന്ത്യന്‍ ഭരണഘടന 21 ാം വകുപ്പുപ്രകാരം അനുവദിച്ചുകൊടുക്കുന്ന ജീവിക്കാനുള്ള അവകാശം മൃഗങ്ങള്‍ക്കു കൂടി ബാധകമാക്കി.
എ. നാഗരാജനും അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡും തമ്മിലുള്ള കേസിലായിരുന്നു ഐതിഹാസികമായ ഈ വിധി. മൃഗങ്ങളെ അടിക്കാനോ ചവിട്ടാനോ കടിക്കാനോ പീഡിപ്പിക്കാനോ അവയ്ക്കു മദ്യം നല്‍കാനോ പ്രകോപിപ്പിക്കാനോ പാടില്ലെന്ന് അനുശാസിക്കുന്ന ഈ ഉത്തരവ് മനുഷ്യരുടെ അതിക്രമങ്ങളില്‍നിന്നു മൃഗങ്ങളെ മോചിപ്പിക്കുകയും അന്തസ്സോടുകൂടി ജീവിക്കാനുള്ള അവയുടെ അവകാശം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണനും ജസ്റ്റിസ് പി.സി ഘോഷും എല്ലാ ജീവജാലങ്ങള്‍ക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഭരണഘടന അനുവദിക്കുന്നുവെന്ന് അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കുകയായിരുന്നു.
കാള മാത്രമല്ല, ആനയും കുതിരയും നായയും അങ്കക്കോഴിയും അലങ്കാരപ്പക്ഷിയുമെല്ലാം ഈ അവകാശത്തിന്റെ ഗുണഭോക്താക്കളായിത്തീര്‍ന്നു. മകരസംക്രാന്തി ഉത്സവത്തോടനുബന്ധിച്ച് ആന്ധ്രപ്രദേശില്‍ നടക്കുന്ന കോഴിയങ്കവും തൃശൂര്‍പൂരംപോലെയുള്ള ക്ഷേത്രോത്സവങ്ങളില്‍ നടക്കുന്ന ആനയെഴുന്നള്ളിപ്പും സര്‍ക്കസില്‍ മൃഗങ്ങളെയുപയോഗിച്ചു നടത്തുന്ന അഭ്യാസങ്ങളുമെല്ലാം നിയന്ത്രണങ്ങള്‍ക്കു വിധേയമായത് ഇങ്ങനെയാണ്. മൃഗങ്ങളുടെ ആരോഗ്യകരമായ ജീവിതത്തിനായിരുന്നു നിയമത്തില്‍ ഊന്നല്‍. എന്നാല്‍, ഉത്സവവും നേര്‍ച്ചയും വിളവെടുപ്പുമെല്ലാം ജനകീയ സംസ്‌കാരവുമായി അഭേദ്യബന്ധമുള്ള കാര്യങ്ങളാകയാല്‍ ഈ നിയന്ത്രണങ്ങളോടു സമൂഹം പ്രതിപത്തി കാണിച്ചില്ല.
സാംസ്‌കാരികമായ ഈടുവയ്പ്് എന്ന അര്‍ഥത്തിലാണു ജനങ്ങള്‍ ഇത്തരം ആഘോഷങ്ങളെ കാണുന്നത്. ജല്ലിക്കെട്ടിനുവേണ്ടിയുള്ള പ്രക്ഷോഭത്തിലൂടെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ അതിനെ പ്രാദേശികമായ ആത്മാഭിമാനത്തിന്റെ തലത്തിലേക്കുയര്‍ത്തുകയും ചെയ്തു. കാര്‍ഷികസംസ്‌കാരത്തിന്റെ ഈടുവയ്പ്പു നിലനിര്‍ത്തുകയെന്നതിലേറെ തമിഴന്റെ വംശീയബോധം ഉദ്‌ഘോഷിക്കുകയെന്നതായി പ്രക്ഷോഭത്തിന്റെ ചൈതന്യം.
തമിഴനെന്നു ചൊല്ലെടാ, തലയുയര്‍ന്തു നില്ലെടാ എന്നായിരുന്നുവല്ലോ പ്രക്ഷോഭകാരികളുടെ മുദ്രാവാക്യം. തമിഴ്‌നാടിനെപ്പോലെ ഇതര സംസ്ഥാനങ്ങളും തങ്ങളുടെ സാംസ്‌കാരികത്തനിമയുടെ ഉറപ്പിന്മേല്‍ സമാനമായ പ്രക്ഷോഭ രീതികള്‍ വളര്‍ത്തിയെടുത്താലെന്തുചെയ്യും എന്നതാണു ചോദ്യം.
വംശീയമാനങ്ങള്‍ എത്രത്തോളം
തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ടു പ്രക്ഷോഭം വളര്‍ന്നുവന്ന രീതി വിലയിരുത്തുന്ന ഏതൊരാള്‍ക്കും അതില്‍ അടങ്ങിയിട്ടുള്ള വര്‍ഗ-വംശീയ മാനങ്ങള്‍ കൃത്യമായി അളക്കാന്‍ സാധിക്കും. ചെന്നൈയില്‍ അടുത്തകാലത്തുണ്ടായ പ്രളയവേളയില്‍ രൂപപ്പെട്ട കുറച്ചു യുവാക്കളുടെ കൂട്ടായ്മയില്‍നിന്നാണ് ജല്ലിക്കെട്ടിനുവേണ്ടിയുള്ള മുറവിളിയുടെ തുടക്കം.
പിന്നീട്, പഴയ അറബ് വസന്തത്തെയും മറ്റും ഓര്‍മിപ്പിക്കുന്ന തരത്തില്‍ അതൊരു വന്‍പ്രക്ഷോഭമായിത്തീര്‍ന്നു. 1960കളിലെ ഹിന്ദി വിരുദ്ധസമരത്തെയാണ് അതോര്‍മിപ്പിക്കുന്നതെന്നു പറയുമ്പോള്‍ ചില വിപദ് സൂചനകളാണു വെളിപ്പെട്ടു നില്‍ക്കുന്നത്. രാജ്യാതിര്‍ത്തികളുടെ അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെട്ട ഇന്ത്യ ദേശീയതയെ ഭാഷാപരമായ ദേശീയബോധത്തിന്റെ പിന്‍ബലത്തോടെ ചെറുത്തുനിന്ന പ്രക്ഷോഭ രൂപമായിരുന്നു ഹിന്ദിവിരുദ്ധ സമരം.
തമിഴ് ഉപദേശീയതയാണ് അതിന് ഊര്‍ജം നല്‍കിയത്. ജല്ലിക്കെട്ടു സമരം നമ്മെ കൊണ്ടുപോകുന്നതും ഇതേയവസ്ഥയിലേക്കാണ്. അറുപതുകളിലെ ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തോടു സമരരീതിയില്‍ മാത്രമല്ല, അതിനു സാമ്യം.
അണഞ്ഞുപോയെന്നു കരുതുന്ന തമിഴ് വംശീയബോധം അഞ്ചു പതിറ്റാണ്ടുകള്‍ക്കുശേഷം വീണ്ടും ഉണര്‍ന്നുകത്തുകയാണ്. അധികാരലബ്ധിക്കുവേണ്ടി ഇന്ത്യയിലെ ദേശീയപാര്‍ട്ടികളോട് സദാ വില പേശിക്കൊണ്ടിരുന്ന ദ്രാവിഡരാഷ്ട്രീയം ഡി.എം.കെയും എ.ഐ.ഡി.എം.കെയും മറ്റു ദ്രാവിഡകക്ഷികളുമെല്ലാം സൗകര്യപൂര്‍വം അമര്‍ത്തിവച്ച വംശീയബോധം ഉമിത്തീപോലെ നീറിപ്പിടിച്ചുകൊണ്ടിരിക്കുന്നുവെന്നു കരുതാവുന്ന രീതിയിലാണു കാര്യങ്ങള്‍ നീങ്ങുന്നത്.
ദ്രാവിഡരാഷ്ട്രീയത്തെ വീരാരാധനയിലേക്കും അമ്മ സങ്കല്‍പത്തിലേക്കും വഴിതിരിച്ചുവിട്ട ജയലളിതയുടെ മരണശേഷമാണു രാഷ്ട്രീയനേതാക്കന്മാരില്ലാതെ തന്നെ തമിഴ് മക്കള്‍ ജല്ലിക്കെട്ടു പ്രക്ഷോഭത്തെ മുന്നോട്ടുകൊണ്ടുപോയതെന്നത് ആകസ്മികതയല്ല. ജയലളിത ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ തമിഴ് ദേശീയതാബോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും ചൈതന്യമുയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇങ്ങനെയൊരു സമരം വളര്‍ന്നുവരുമായിരുന്നില്ല.
കക്ഷിരാഷ്ട്രീയത്തിന്റെ പ്രചാരണതന്ത്രങ്ങളെ ഭേദിച്ചു തമിഴ്‌വംശാഭിമാനത്തിന്റെ ഉദ്‌ഘോഷമായി സമരം വളര്‍ന്നുവന്നത് ഈ സാഹചര്യത്തിലാണ്. രാഷ്ട്രീയ നേതാക്കളെ സമരരംഗത്തേയ്ക്കു തമിഴ് മക്കള്‍ അടുപ്പിക്കാതിരുന്നതും അതുകൊണ്ടുതന്നെ. രാഷ്ട്രീയത്തിന്റെ അടവുനയങ്ങളെ തമിഴ് വംശാഭിമാനബോധം അപ്പാടെ നിരാകരിക്കുകയായിരുന്നുവെന്നു വ്യക്തം.
രാഷ്ട്രീയത്തിന്റെ തന്ത്രവഴികള്‍
ജല്ലിക്കെട്ട് പ്രക്ഷോഭത്തെ സിനിമാപ്രവര്‍ത്തകര്‍ പിന്തുണച്ചതിലുമുണ്ട് തമിഴ്‌നാട്ടിലെ ജനങ്ങളുമായി അവര്‍ പുലര്‍ത്തുന്ന ഗാഢമായ ആത്മബന്ധത്തിന്റെ അടയാളങ്ങള്‍. തമിഴ് സിനിമയ്ക്ക് ഒരു രാഷ്ട്രീയ ദര്‍ശനമുണ്ട്. തമിഴ് വംശവികാരത്തില്‍ അധിഷ്ഠിതമാണു പ്രസ്തുത ദര്‍ശനം. ഒരിക്കലും തമിഴകത്തെ സിനിമാപ്രവര്‍ത്തകര്‍ക്ക് ആ വികാരത്തില്‍നിന്നു വേറിട്ടു നില്‍ക്കാനായിട്ടില്ല. തമിഴ്‌നാട്ടിലെ രാഷ്ട്രീയം ജല്ലിക്കെട്ടു സമരത്തില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ടപ്പോഴും തമിഴ്‌സിനിമ അതിന്റെ ഭാഗമായത് അങ്ങനെയാണ്. സൂക്ഷ്മവിശകലനത്തില്‍ ജല്ലിക്കെട്ടെന്ന സാംസ്‌കാരികമുദ്ര നിലനിര്‍ത്താന്‍വേണ്ടി മാത്രമുള്ള ഒന്നായിരുന്നില്ല തമിഴ്‌നാട്ടിലെ പ്രക്ഷോഭമെന്നു കാണാം.
ഇന്ത്യന്‍ ദേശീയതയ്ക്കു സമാന്തരമായി തമിഴ് ദേശീയതയെന്ന ആശയത്തെ നിലനിര്‍ത്താന്‍വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണത്. ഈ സംഗതി തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാവണം ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും ജനവികാരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ അതിയായ താല്‍പര്യം കാണിക്കുന്നത്.
ഡി.എം.കെയും കോണ്‍ഗ്രസും ജല്ലിക്കെട്ട് പ്രക്ഷോഭത്തെ അനുകൂലിക്കുന്നതില്‍ പ്രകടിപ്പിച്ച രാഷ്ട്രീയതാല്‍പര്യത്തെക്കുറിച്ചു പറയുന്നതിനിടയില്‍ കേന്ദ്ര വാണിജ്യ,വ്യവസായ വകുപ്പു സഹമന്ത്രി നിര്‍മലാ സീതാരാമന്‍, പ്രധാനമന്ത്രിയും ബി.ജെ.പിയും ജല്ലിക്കെട്ടു നിലനിര്‍ത്താന്‍ ചെയ്ത കാര്യങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നു പരിതപിക്കുകയുണ്ടായി. താല്‍കാലികമായി രാഷ്ട്രീയലാഭം മാത്രമല്ല ബി.ജെ.പിയുടെ ലക്ഷ്യമെന്ന് ഈ പരിതാപത്തെ ശരിയായി വിലയിരുത്തിയാല്‍ മനസ്സിലാവും.
തമിഴ്‌വംശീയതയോടും അതില്‍നിന്നുടലെടുക്കുന്ന ദേശീയബോധത്തോടും കലഹിക്കാന്‍ തങ്ങളില്ലെന്നുതന്നെയാണു ബി.ജെ.പി വെളിപ്പെടുത്തുന്നത്. തമിഴ്‌നാടിന്റെ വംശീയവികാരത്തോടു സംഘര്‍ഷത്തിലേര്‍പ്പെടാന്‍ പാര്‍ട്ടി തയാറല്ല.
തമിഴന്റെ വംശാഭിമാനത്തെ ഇന്ത്യന്‍ ദേശീയതയ്ക്കകത്തു സ്ഥിതിചെയ്യുന്ന ഉപദേശീയതയായി അംഗീകരിക്കാന്‍ പാര്‍ട്ടി തയാറുമാണ്. നോട്ടുവിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കളിച്ച കളിയെ അങ്ങനെയേ കാണാനാവൂ. തമിഴ്മക്കളുടെ രോഷം അണപൊട്ടിയൊഴുകുമ്പോള്‍ പാര്‍ട്ടി ഒരു ചാല്‍ തുറന്നുകൊടുക്കുന്നു. അപായകരമായ ഞാണിന്മേല്‍ കളിയാണിതെന്നു തീര്‍ച്ച. ദേശീയമുദ്രകളെ രാഷ്ട്രശരീരത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ പാര്‍ട്ടിയും കേന്ദ്രസര്‍ക്കാരും കഠിനമായി പരിശ്രമിക്കുമ്പോള്‍ വിശേഷിച്ചും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."