ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. തമിഴ്‌നാടിന്റെ ഓപണിങ് താരം അഭിനവ് മുകുന്ദ് ടീമില്‍ ഇടം പിടിച്ചു. അതേസമയം ഫോം കണ്ടെത്താന്‍ പാടു പെടുന്ന ശിഖര്‍ ധവാനെ ടീമില്‍ നിന്നൊഴിവാക്കി. ഫെബ്രുവരി ഒന്‍പതിന് ആരംഭിക്കുന്ന പരമ്പരയില്‍ ഒരു മത്സരം മാത്രമാണുള്ളത്. ഹൈദരാബാദിലാണ് മത്സരം.
16 അംഗ ടീമിലെ മൂന്നാമത് ഓപ്പണിങ് താരമാണ് മുകുന്ദ്. ശിഖര്‍ ധവാന് പകരമാണ് താരത്തെ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ 14 ഇന്നിങ്‌സുകളില്‍ നിന്നായി 849 റണ്‍സ് സ്‌കോര്‍ ചെയ്തതാണ് താരത്തിന് ടീമിലേക്കുള്ള വാതില്‍ തുറന്നത്. നാലു സെഞ്ച്വറികളും മൂന്നു അര്‍ധസെഞ്ച്വറികളുമാണ് താരം നേടിയത്. നിരവധി തവണ ഇന്ത്യയുടെ എ ടീമില്‍ കളിച്ചിട്ടുള്ള താരമാണ് മുകുന്ദ്. ടീമിന്റെ ക്യാപ്റ്റന്‍സി പദവിയും വഹിച്ചിട്ടുണ്ട്. നേരത്തെ 2011ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ താരം ടീമില്‍ കളിച്ചിട്ടുണ്ട്.
അതേസമയം ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പരുക്കു മൂലം പുറത്തിരുന്നു വൃദ്ധിമാന്‍ സാഹ ടീമിലിടം പിടിച്ചു. താരം ടീമിലെത്തുമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. പരുക്കു ഭേദമായ ശേഷം ഇറാനി ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി നേടി ടീമിനെ ജയത്തിലെത്തിച്ചതും സാഹയ്ക്ക് ഗുണകരമായി. എന്നാല്‍ താരത്തിന് പകരം ടീമിലിടം പിടിച്ച പാര്‍ഥിവ് പട്ടേലിനെ തഴഞ്ഞു. രഞ്ജി ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടി ഗുജറാത്തിനെ ജയത്തിലേക്ക് നയിക്കാന്‍ പാര്‍ഥിവിന് സാധിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങള്‍ പരുക്കിനെ തുടര്‍ന്ന് നഷ്ടമായ അജിന്‍ക്യ രഹാനെ ടീമിലിടിം പിടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ താരം കളിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ പുറത്തിരുന്ന ബൗളര്‍ ജയന്ത് യാദവ് ടീമിലിടം പിടിച്ചിട്ടുണ്ട്. പരുക്കിനെ തുടര്‍ന്ന് പുറത്തിരുന്ന മറ്റൊരു ഇന്ത്യന്‍ ഓപണര്‍ മുരളി വിജയിനെ ടീമിലേക്ക് മടക്കി വിളിച്ചിട്ടുണ്ട്. പരുക്കിന്റെ പിടിയിലായ മുഹമ്മദ് ഷമിയെ സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചിട്ടില്ല. പരമ്പരയെ ടീം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ബി.സി.സി.ഐ അറിയിച്ചു. ഇതാദ്യമായാണ് ബംഗ്ലാദേശ് ടീം ഇന്ത്യയില്‍ ടെസ്റ്റ് മത്സരം കളിക്കാനെത്തുന്നത്.
ടീം: വിരാട് കോഹ്‌ലി(ക്യാപ്റ്റന്‍), മുരളി വിജയ്, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, കരുണ്‍ നായര്‍, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, അമിത് മിശ്ര, അഭിനവ് മുകുന്ദ്, ഹര്‍ദിക് പാണ്ഡ്യ
ബി.സി.സി.ഐ സെലക്ഷന്‍
കമ്മിറ്റിയില്‍ നാടകീയ നിമിഷങ്ങള്‍
ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരേുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരുന്ന സെലക്ഷന്‍ കമ്മിറ്റിയില്‍ അരങ്ങേറിയത് നാടകീയ നിമിഷങ്ങള്‍. ആറു മണിക്കൂറോളം വൈകിയാണ് യോഗം നടന്നത്. ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സെലക്ഷന്‍ കമ്മിറ്റി യോഗം ചേരേണ്ടിയിരുന്നത്. എന്നാല്‍ യോഗം വിളിച്ചു ചേര്‍ക്കാന്‍ അനുമതി ഉണ്ടായിരുന്ന ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരിയെ പുതുതായി നിയമിതനായ ക്രിക്കറ്റ് ഭരണ സമിതി തലവന്‍ വിനോദ് റായ് തടഞ്ഞതാണ് നാടകീയ നിമിഷങ്ങള്‍ക്ക് ഇടയാക്കിയത്. ഇതോടെ യോഗം ആറു മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. വൈകിട്ട് 6.30നാണ് യോഗം ചേര്‍ന്നതും ടീമിനെ പ്രഖ്യാപിച്ചതും.
യോഗം വിളിച്ചു ചേര്‍ത്ത ചൗധരിയോട് തല്‍കാലം യോഗത്തിന് അധ്യക്ഷനാവേണ്ടെന്ന് വിനോദ് റായ് പറഞ്ഞു. പകരം സി.ഇ.ഒ രാഹുല്‍ ജോഹ്‌റി അധ്യക്ഷത വഹിക്കുമെന്നും റായ് അറിയിച്ചു. അതേസമയം ബി.സി.സി.ഐയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും ഇനി സി.ഇ.ഒയുടെ ആവശ്യമില്ലെന്നും ബി.സി.സി.ഐ അംഗങ്ങള്‍ നിര്‍ദേശിച്ചെങ്കിലും വിനോദ് റായിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി അംഗീകരിച്ചില്ല. യോഗത്തില്‍ കമ്മിറ്റി അംഗമായ ചരിത്രകാരന്‍ രാമചന്ദ്രന്‍ ഗുഹ പങ്കെടുത്തില്ല. ഡല്‍ഹിയിലെ ഹോട്ടലിലാണ് യോഗം നടന്നത്. അധ്യക്ഷത വഹിക്കാനായി യോഗത്തില്‍ ആദ്യമെത്തിയത് അമിതാഭ് ചൗധരിയായിരുന്നു. മുംബൈയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ജോഹ്‌റിയാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗത്തില്‍ ഡയാന എഡുല്‍ജി, വിക്രം ലിമായെ എന്നിവരും പങ്കെടുത്തു.
സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗമായി ചേര്‍ന്ന യോഗങ്ങള്‍ കാര്യങ്ങള്‍ വിലയിരുത്തുന്നതിനും മനസിലാക്കുന്നതിനും വേണ്ടി ചേര്‍ന്ന യോഗം കൂടിയാണെന്ന് വിനോദ് റായ് പറഞ്ഞു. ബി.സി.സി.ഐ അംഗങ്ങള്‍ സി.ഇ.ഒയെ ആവശ്യമില്ലെന്ന് വാദിച്ചെങ്കിലും അനുവദിക്കാനാവില്ലെന്ന് പറഞ്ഞത് ഏറെ നേരത്തെ വാഗ്വാദങ്ങള്‍ ഇടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."