കൊച്ചി കാന്‍സര്‍ സെന്റര്‍: മനുഷ്യാവകാശ കമ്മിഷന് സന്ദര്‍ശിക്കും
കൊച്ചി: കൊച്ചി കാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ചെയര്മാന് ജസ്റ്റിസ് ജെ.ബി. കോശി ജൂലൈ 11ന് സ്ഥലം സന്ദര്‍ശിക്കും.
ഇന്നലെ കാന്‍സര്‍ സെന്റര്‍ സംബന്ധിച്ചു കമ്മിഷന് മുന്‍പാകെ വീണ്ടും പരാതി വന്നെങ്കിലും എതിര്‍ഭാഗത്തു നിന്ന് ബന്ധപ്പെട്ടവര്‍ ഹാജരാകാത്തതിനാല്‍ കമ്മിഷന് അതൃപ്തി പ്രകടിപ്പിച്ചു.
കാന്‍സര്‍ സെന്ററിന്റെ ഭാഗമായി ഒ.പി. തുടങ്ങണമെന്ന മുന്‍ നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ലെന്നും കമ്മിഷന് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിമാരെ ഇക്കാര്യം അറിയിക്കുമെന്നും ചെയര്മാന് പറഞ്ഞു.
തലസ്ഥാനമായ തിരുവനന്തപുരത്തു മാത്രം ആശുപത്രികള്‍ മതിയെന്ന ചിന്താഗതിയില്‍ പുതിയ സര്‍ക്കാര്‍ മാറ്റം വരുത്തുമെന്നു പ്രതീക്ഷിക്കുന്നതായി കമ്മിഷന് ചെയര്മാന് വ്യക്തമാക്കി. ഇന്നലെ പഴയതും പുതിയതുമായി 93 പരാതികളാണു കമ്മിഷന് മുന്‍പാകെ ലഭിച്ചത്. ഇതില്‍ 28 എണ്ണം തീര്‍പ്പായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."