സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍; നോട്ട് നിരോധനം രാജ്യത്തെ തളര്‍ത്തി
ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചത് തൊഴില്‍മേഖലയെയും കാര്‍ഷികരംഗത്തെയും തളര്‍ത്തിയെന്ന് 2017 വര്‍ഷത്തെ സാമ്പത്തിക സര്‍വേ. വരുംകാലങ്ങളില്‍ രാജ്യം നേരിടാന്‍ സാധ്യതയുള്ള വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട്, ബജറ്റിനു മുന്നോടിയായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 6.75% മുതല്‍ 7.5 വരെ സാമ്പത്തിക വളര്‍ച്ച നേടുമെന്ന് സര്‍വേ പറയുന്നു. ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച 7.1 ശതമാനം ആയിരിക്കുമെന്നാണ് കേന്ദ്ര സ്ഥിതിവിവര വകുപ്പ് പറഞ്ഞിരുന്നത്. എന്നാല്‍ 6.5 ശതമാനം വളര്‍ച്ചമാത്രമാണ് പ്രതീക്ഷിക്കുന്നതെന്നാണ് സര്‍വേയിലുള്ളത്. ഇതു പരിഗണിക്കുമ്പോള്‍ അര ശതമാനം വളര്‍ച്ച കുറവാണ്. നോട്ട് നിരോധനം കാര്‍ഷികവരുമാനത്തില്‍ ഇടിവും സാമൂഹിക അരക്ഷിതാവസ്ഥയുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തിന്റെ സാമ്പത്തിക മേഖല മെച്ചപ്പെടുത്തുന്നതിന് അടിയന്തര പരിഷ്‌കരണ നടപടികള്‍ അനിവാര്യമാണെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് നിരവധി പ്രയാസങ്ങളുണ്ടാക്കും. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ രാജ്യത്തെ അടിസ്ഥാന സേവന മേഖലകള്‍ അതിന്റെ ദൗത്യം നിര്‍വഹിക്കാന്‍ സാധിക്കാത്തവിധം ദുര്‍ബലമായിട്ടുണ്ട്. അഴിമതി, ഇടനിലക്കാര്‍, ചട്ടങ്ങള്‍, ചുവപ്പുനാടകള്‍ തുടങ്ങിയവയാണ് ഈ മേഖലയിലെ പ്രശ്‌നങ്ങള്‍. നോട്ട് പ്രതിസന്ധി പൂര്‍ണമായും ഇല്ലാതാക്കാനായാല്‍ സാമ്പത്തികരംഗം സാധാരണഗതിയിലാകും. നോട്ട് നിരോധനം താല്‍ക്കാലികമായി ആഭ്യന്തര ഉല്‍പാദനത്തില്‍ മാന്ദ്യമുണ്ടാക്കുമെങ്കിലും കറന്‍സിരഹിത ഇടപാടുകള്‍ പ്രചരിക്കുന്നതോടെ വീണ്ടും വളര്‍ച്ചയുണ്ടാകും. കറന്‍സിരഹിത ഇടപാടിലൂടെ ഭൂമിയുടെയും കെട്ടിടങ്ങളുടെയും വില കുറയ്ക്കാനും നികുതി വരുമാനം കൂട്ടാനുമാകും. ഇത് ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കും. ആഭ്യന്തര ഉല്‍പാദനത്തിന്റെ തോത് കണക്കാക്കി മാത്രം നോട്ട് നിരോധനമുണ്ടാക്കിയ പ്രശ്‌നങ്ങള്‍ അളക്കാനാകില്ല. അനൗപചാരിക മേഖലയില്‍ ഇത് എത്രത്തോളം പ്രതിഫലനമുണ്ടാക്കിയെന്ന് പറയാനാകില്ല. പണമില്ലാത്തത് കൃഷി, റിയല്‍ എസ്റ്റേറ്റ്, ആഭരണം മേഖലകളെയാണ് കാര്യമായി ബാധിക്കുക. സ്വകാര്യമേഖലയിലും ഇത് പ്രതിഫലിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുകയെന്ന നയം സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കുന്നുണ്ട്. സാങ്കേതികവിദ്യ ഉപയോഗിച്ച് പദ്ധതികളുടെ ഗുണങ്ങള്‍ പാവപ്പെട്ടവരിലേക്ക് എത്തിക്കണം.
ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റനിരക്ക് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും നിയന്ത്രിക്കാനായി. 2014-15 ല്‍ 5.9 ശതമാനമായിരുന്ന ശരാശരി വിലക്കയറ്റ നിരക്ക് 4.8 ശതമാനമായി. അന്തര്‍ സംസ്ഥാന കുടിയേറ്റം കൂടി. ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ താരതമ്യേന ദരിദ്രമായ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കുടിയേറ്റക്കാരില്‍ അധികവും. ഗോവ, ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നീ ഏഴ് സംസ്ഥാനങ്ങളിലേക്കാണ് കൂടുതല്‍ കുടിയേറ്റങ്ങള്‍ നടക്കുന്നത്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ എണ്ണം അര ശതമാനമായി കുറയ്ക്കണം. ധനസഹായങ്ങള്‍ ബാങ്ക് അക്കൗണ്ട് വഴി നല്‍കണമെന്നും പറയുന്ന റിപ്പോര്‍ട്ട് സാര്‍വത്രിക അടിസ്ഥാന വരുമാനപദ്ധതി നടപ്പാക്കണമെന്നും നിര്‍ദേശിക്കുന്നു.
പൊതുബജറ്റ് ഇന്ന്
ന്യൂഡല്‍ഹി: റെയില്‍വേ പൊതുബജറ്റില്‍ ലയിച്ചതിനു ശേഷമുള്ള അദ്യ ബജറ്റ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് അവതരിപ്പിക്കും. നോട്ട് നിരോധനത്തെ തുടര്‍ന്ന് മന്ദഗതിയിലായ സാമ്പത്തികരംഗത്തെ മെച്ചപ്പെടുത്താനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്. കറന്‍സിരഹിത സമ്പദ്‌വ്യവസ്ഥ പ്രോത്സാഹിപ്പിക്കല്‍, കാര്‍ഷിക മേഖലയ്ക്കായുള്ള പദ്ധതികള്‍, ആദായനികുതി പരിധി കൂട്ടല്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."