ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ശില്പശാല
പെരിന്തല്‍മണ്ണ: വീടുകളില്‍ ഉണ്ടാവുന്ന ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും സംസ്ക്കരിക്കുന്നതിനുള്ള പ്രവര്ത്തനംപഠിപ്പിക്കുന്നതിനുള്ള ശില്പശാല നടന്നു. ജീവനംശുചിത്വ സുന്ദരജൈവ നഗരം പദ്ധതിയുടെ ഭാഗമായിട്ടാണ് പെരിന്തല്‍മണ്ണ നഗരസഭയുടേയും ബയോ മെഡിക്കല്‍ മാലിന്യ സംസ്കരണ ഏജന്‍സിയായ ഇമേജ് പാലക്കാടിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ശില്‍പ്പശാല നടന്നത്.
ജീവനം പദ്ധതി ജീവനക്കാരായ സൂപ്പര്‍വൈസര്‍മാര്‍ക്കും ഗ്രീന്‍ ടെക്നീഷ്യന്മാര്ക്കുമാണ് പരിശീലനം നല്‍കിയത്. ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ വീടുകളില്‍ നിന്നും ശേഖരിക്കുന്നതിനായി മഞ്ഞ, ചുവപ്പ്, വെള്ള നിറത്തിലുള്ള മൂന്നു ബാഗുകള്‍ വീടുകളില്‍ നല്‍കും.
നിശ്ചിത സമയ പരിധിക്കുള്ളില്‍ ഗ്രീന്‍ ടെക്നീഷ്യന്‍സ് വീടുകളിലെത്തി അത് ശേഖരിച്ചു കൊണ്ടുപോകും. നഗരസഭയിലെ ശേഖരിക്കപ്പെട്ട ഇത്തരം മാലിന്യങ്ങള്‍ ഇമേജ് പാലക്കാട് ഒന്നിച്ചു കൊണ്ടുപോകും. മാരകമായ രോഗ സാധ്യതയുണ്ടാക്കുന്ന ബയോമെഡിക്കല്‍ മാലിന്യങ്ങളുടെ ശാസ്ത്രീയമായ വേര്‍തിരിക്കലിനും സംസ്ക്കരണത്തിനുമാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ജീവനം പദ്ധതി ഒന്നാം ഘട്ടത്തില്‍ ആരംഭിച്ച വാര്‍ഡുകളില്‍ ആവശ്യമുള്ള ഓരോ വീടുകള്‍ക്കും ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള ബാഗുകള്‍ നല്‍കും. ശില്‍പ്പശാല നഗരസഭ ചെയര്മാന് എം മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. ഡോ. ഷറഫുദ്ദീന് ക്ലാസെടുത്തു. നഗരസഭാ ഉപാധ്യക്ഷ നിഷി അനില്‍ രാജ് , സ്ഥിരം സമിതി അധ്യക്ഷന്‍ പത്തത്ത് ആരിഫ്, കൗണ്‍സിലര്‍മാരായ സുന്ദരന്‍, വിജയന്, നാസറുട്ടി, ഹന്ന ടീച്ചര്‍, അലീന മറിയം, ആസ്യ, കുടുംബശ്രീ പ്രസിഡന്റ് വിനോദിനി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി കുഞ്ഞിമുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."