വനം ഡിപ്പോകളിലെ അഴിമതി; അന്വേഷണത്തില്‍ അലംഭാവം
നിലമ്പൂര്‍: വനംവകുപ്പിന്റെ ജില്ലയിലെ അംഗീകൃത ഡിപ്പോകളില്‍ ഉദ്യോഗസ്ഥരുടെ വ്യാപക അഴിമതി നടക്കുന്നതായി ആരോപണം. ഇത്തരം വിവിധ വിഷയങ്ങളില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണങ്ങള്‍ പ്രഹസനമാകുന്നതായും ആക്ഷേപമുണ്ട്.
റെയ്ഞ്ചുകളിലെ അടക്കിമുറി ഇടമുറി തോട്ടങ്ങളില്‍നിന്നു ഡിപ്പോകളില്‍ ലേലത്തിനെത്തിക്കുന്ന മരങ്ങള്‍ അട്ടിവയ്ക്കുന്നതിനും മരങ്ങള്‍ ഡിപ്പോയില്‍നിന്നു പുറത്തേക്കു കൊണ്ടുപോകുന്നതിനും പാസിനത്തില്‍ വാങ്ങുന്ന തുകയുള്‍പ്പെടെ വന്‍ അഴിമതിയാണ് നടക്കുന്നത്. റെയ്ഞ്ചുകളില്‍നിന്നു ഡിപ്പോകളിലേക്കു മരമെത്തിക്കുമ്പോള്‍ മരത്തിന്റെ അളവടക്കം കാണിച്ചു പാലക്കാട് ടിമ്പര്‍ സെയില്‍സ് ഡി.എഫ്.ഒയ്ക്ക് ഡിവിഷന്‍ ഡി.എഫ്.ഒമാര്‍ കത്തുനല്‍കാറുണ്ട്. എന്നാല്‍, റെയ്ഞ്ചില്‍നിന്നെത്തുന്ന തടികള്‍ അട്ടിവയ്ക്കുന്നതിനു ടെന്‍ഡര്‍ നടപടി സ്വീകരിക്കാതെ കണ്‍വീനര്‍മാരെ ഉപയോഗിച്ച് അട്ടിവച്ചാണ് അഴിമതിക്കു വഴിയൊരുക്കുന്നത്.
ഒരു മെയിന്‍പാസില്‍ നൂറു ഘനമീറ്റര്‍ മരങ്ങളാണ് ഡിപ്പോയിലെത്തിക്കുന്നത്. അതിനാല്‍, സി.സി.എഫിന്റെ അനുമതി കാക്കാതെ ഡി.എഫ്.ഒയ്ക്കുതന്നെ കണ്‍വീനര്‍മാര്‍ക്കു ജോലി നല്‍കാനാകും. ഘനമീറ്ററിന് 800 മുതല്‍ 1,500 രൂപവരെയാണ് ആള്‍ശേഷി ഉപയോഗിച്ച് അട്ടിവയ്ക്കുന്നതിന് ലഭിക്കുന്നത്. സ്ഥലങ്ങളുടെ പ്രത്യേകത അനുസരിച്ചാണ് ഇതില്‍ നേരിയ മാറ്റമുണ്ടാകുക. ഈ മരങ്ങളാണ് ഘനമീറ്ററിന് 140 രൂപ പ്രകാരം കണ്‍വീനര്‍മാരെക്കൊണ്ട് ട്രാക്ടര്‍ ഉപയോഗിച്ച് അട്ടിവയ്ക്കുന്നത്. ഈ ഇനത്തില്‍മാത്രം ഓരോ വര്‍ഷവും 60 ലക്ഷത്തോളം രൂപയാണ് സര്‍ക്കാരിന് നഷ്ടമാകുന്നത്.
800 രൂപ പ്രകാരമാണ് ലഭിക്കുന്നതെങ്കില്‍ 50 ശതമാനം കണ്‍വീനര്‍മാരും ബാക്കി 50 ശതമാനം ഉദ്യോഗസ്ഥരും വീതംവച്ചെടുക്കുകയാണ് പതിവ്. സി.സി.എഫ് മുതല്‍ താഴേക്കുള്ള ഉദ്യോഗസ്ഥര്‍ക്കു കൃത്യമായ വിഹിതം ലഭിക്കും. കൂടാതെ വനം വിജിലന്‍സ് വിഭാഗത്തിനും പാലക്കാട് ടിമ്പര്‍ സെയില്‍സ് വിഭാഗത്തിനും കൃത്യമായ വിഹിതം എത്തിച്ചുനല്‍കും. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുകയും വനം പ്രിന്‍സിപ്പല്‍ സി.സി.എഫ് അടക്കം ഡിപ്പോകള്‍ പരിശോധിച്ച് മുന്‍കാലങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍, നടപടികള്‍ മാത്രം ഉണ്ടാകുന്നില്ല. വ്യാപാരികള്‍ ഡിപ്പോയില്‍നിന്നു വിളിച്ചെടുക്കുന്ന മരങ്ങള്‍ ഡിപ്പോയില്‍നിന്നു പാസ് മുഖേന ആവശ്യക്കാര്‍ക്ക് കൊണ്ടുപോകുമ്പോള്‍ ലോറി ഒന്നിന് പാസ് മാമൂല്‍ എന്ന നിലയില്‍ ആയിരം രൂപയും ഈടാക്കുന്നുണ്ട്. ഡിപ്പോകളില്‍ മരത്തിന്റെ ചില്ലറ വില്‍പന ആരംഭിച്ചതോടെ ഇതു മറയാക്കി ഉദ്യോഗസ്ഥര്‍ വന്‍ അഴിമതിയാണ് നടത്തുന്നത്. വനംവകുപ്പിന്റെ ഡിപ്പോയിലെ അംഗീകൃത ബോര്‍ഡില്‍ റെയ്ഞ്ച് ഓഫിസര്‍, ഫോറസ്റ്റര്‍ എന്നിവരുടെ നമ്പരുകള്‍ എഴുതി ഒട്ടിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ പിന്‍ബലത്തോടെ അഴിമതിക്കാരായ പലജീവനക്കാരും ഡിപ്പോകള്‍ മാറിമാറി ജോലി ചെയ്യുകയാണ്. അരുവാക്കോട് നെടുങ്കയം ഡിപ്പോകളിലായി പതിനായിരം ഘനമീറ്ററിലേറെ മരങ്ങളാണ് അട്ടിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."